പന്ത്രണ്ട് വയസുമുതൽ മലയാള സിനിമക്ക് വേണ്ടി പാടിത്തുടങ്ങിയ പാട്ടുകാരിയാണ് സുജാത. ഒമ്പത് വയസുമുതൽ യേശുദാസിനൊപ്പം ഗാനമേളകളിലും പാടിയിട്ടുണ്ട്. 1978ൽ ടൂറിസ്റ്റ് ബംഗ്ലാവ് എന്ന ചിത്രത്തിന് വേണ്ടി പിന്നണി പാടിയാണ് സുജാത ചലച്ചിത്ര ഗാനരംഗത്തേക്ക് കടന്നുവന്നത്.
പിന്നീട് തമിഴ്, കന്നഡ, തെലുങ്ക് തുടങ്ങിയ ഭാഷകളിലും പാടി സുജാത തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. കേരള, തമിഴ്നാട് സർക്കാരുകളുടെ മികച്ച ചലച്ചിത്ര പിന്നണിഗായികയ്ക്കുള്ള പുരസ്‌കാരം ഒന്നിലേറെ തവണ സുജാത സ്വന്തമാക്കിയിട്ടുണ്ട്. എന്നാൽ വിവിധ ഭാഷകളിലായി നിരവധി പാട്ടുകൾ പാടിയ സുജാതയ്ക്ക് ഇതുവരെ ദേശീയ പുരസ്‌കാരം ലഭിച്ചിട്ടില്ല.
ഇപ്പോൾ എന്തുകൊണ്ടാണ് സുജാതയ്ക്ക് ദേശീയ പുരസ്‌കാരം ലഭിക്കാത്തതെന്ന് മനസിലാകുന്നില്ലെന്ന് സുജാതയുടെ മകൾ ശ്വേത മോഹൻ പറയുന്നു.
തമിഴ്‌നാട് സർക്കാരിന്റെ കലൈമാമണി പുരസ്‌കാരത്തിന് ശേഷം ഗൃഹലക്ഷ്മിയോട് സംസാരിക്കുകയായിരുന്നു ശ്വേത.
‘ നാല് വർഷം മുമ്പ് അമ്മ കലൈമാമണി പുരസ്‌കാരം സ്വന്തമാക്കി. കലയ്ക്ക് വേണ്ടിയാണ് അവർ സ്വന്തം ജീവിതം സമർപ്പിച്ചിരിക്കുന്നത്.
എണ്ണമറ്റ പാട്ടുകളും പാടി. പക്ഷെ, എന്തുകൊണ്ടാണ് അമ്മയ്ക്ക് ഒരു ദേശീയ പുരസ്‌കാരം ലഭിക്കാത്തതെന്ന് മനസിലാകുന്നില്ല. അമ്മയുടെ പാട്ടുകൾ അവാർഡിനുള്ള പട്ടികയിൽ ഉൾപ്പെടുത്താത്തത് എന്താണെന്ന് അറിയില്ല. ഉടനെ അമ്മയ്ക്ക് അവാർഡ് കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്,’ ശ്വേത പറഞ്ഞു.
2023ലെ കലൈമാമണി പുരസ്‌കാരത്തിനാണ് ശ്വേത മോഹൻ അർഹയായത്. യേശുദാസിന് എം.എസ് സുബ്ബലക്ഷ്മി പുരസ്‌കാരവും ലഭിച്ചിരുന്നു.
തമിഴ്‌നാട് സർക്കാരിന്റെ കലാ സാംസ്‌കാരിക ഡയക്ടറേറ്റിന്റെ യൂണിറ്റായ തമിഴ്‌നാട് ഇയൽ ഇസൈ നാടക മന്ദ്രമാണ് പുരസ്‌കാരം നൽകുന്നത്.
അടുത്ത മാസം ചെന്നൈയിൽ നടക്കുന്ന ഔദ്യോഗിക പരിപാടിയിൽ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പുരസ്‌കാരങ്ങൾ വിതരണം ചെയ്യും.
Content Highlight: I don’t understand why Amma didn’t get a National Award says Shwetha Mohan