| Tuesday, 7th October 2025, 6:18 pm

ആഷിഖ് അബുവുമായുള്ള സാമ്പത്തിക പ്രശ്നം; അറിഞ്ഞുകൊണ്ട് പണം തരാതിരിക്കുമെന്ന് തോന്നുന്നില്ല: സന്തോഷ് ടി. കുരുവിള

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സാമ്പത്തിക പ്രശ്‌നത്തിന്റെ പേരിൽ സംവിധായകൻ ആഷിഖ് അബുവിനെതിരെ നിർമാതാവ് സന്തോഷ് ടി. കുരുവിള പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനിൽ പരാതി കൊടുത്തത് കഴിഞ്ഞ വർഷം ആയിരുന്നു.

മഹേഷിന്റെ പ്രതികാരം, മായാനദി, നാരദൻ എന്നിവയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് തർക്കത്തിന് കാരണമായിരുന്നത്. ചിത്രത്തിന്റെ വിതരണാവകാശം, സംഗീതാവകാശം, ലാഭവിഹിതം തുടങ്ങി ഒന്നിലധികം വിഭാഗങ്ങളിലായി ആഷിഖ് തനിക്ക് തുക തരാനുണ്ടെന്നായിരുന്നു നിർമാതാവിന്റെ ആരോപണം.

എന്നാൽ ഇപ്പോൾ അതിൽ വിശദീകരണവുമായി വന്നിരിക്കുകയാണ് നിർമാതാവ് സന്തോഷ് ടി. കുരുവിള.

താനും ആഷിഖ് അബുവും തമ്മിൽ അഭിപ്രായ വ്യത്യാസങ്ങളൊന്നുമില്ലെന്നും താൻ ഇക്കാര്യം എവിടെയും ആരോപണമായി പറഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

‘എന്നെ സിനിമയിലേക്ക് കൊണ്ടുവന്നത് ആഷിക് അബു ആണ്. ഞങ്ങൾ തമ്മിൽ അഭിപ്രായ വ്യത്യാസം ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല. ഞങ്ങൾ തമ്മിലൊരു ചെറിയ അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു. അത് ഞാൻ എവിടെയും പറഞ്ഞിട്ടില്ല. എനിക്ക് പുളളിയോട് ഒരു പ്രശ്‌നവുമില്ല. പുള്ളിക്ക് എന്നോടുമില്ല,’ സന്തോഷ് ടി. കുരുവിള പറഞ്ഞു.

താൻ ആരോപണം ഉന്നയിച്ചിട്ടില്ലെന്നും തങ്ങൾ തമ്മിലുണ്ടായിരുന്ന പ്രശ്‌നം താൻ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനിൽ അറിയിച്ചുവെന്നും അതൊരു വലിയ പ്രശ്‌നം ആയിരുന്നില്ലെന്നും അദ്ദേഹം പറയുന്നു.

തനിക്ക് പണം തരാതിരുന്ന പ്രശ്‌നം ഉണ്ടായിരുന്നെന്നും എന്നാൽ ആഷിഖ് അബു അറിഞ്ഞുകൊണ്ട് അത് തരാതിരിക്കുമെന്നും തനിക്ക് തോന്നുന്നില്ലെന്നും സന്തോഷ് കൂട്ടിച്ചേർത്തു. ആഷിഖ് അങ്ങനെ ചെയ്യുന്ന വ്യക്തിയല്ലെന്നും മൂല്യങ്ങൾക്ക് വില കൊടുക്കുന്ന വ്യക്തിയാണെന്നും അദ്ദേഹത്തിന് സിനിമകളിൽ സാമ്പത്തിക നഷ്ടം ഉണ്ടായതുകൊണ്ട് വന്ന പ്രശ്‌നമായിരിക്കാം എന്നും സന്തോഷ് ടി. കുരുവിള പറയുന്നു.

താനിക്കാര്യം ഒരു ആരോപണമായിട്ട് ഒരു വേദിയിലും പറഞ്ഞിട്ടില്ലെന്നും താനും ആഷിഖ് അബുവും തമ്മിൽ ഒരു പ്രശ്‌നവും ഇല്ലെന്നും സന്തോഷ് ടി. കുരുവിള കൂട്ടിച്ചേർത്തു.

Content Highlight: The problem with Aashiq Abu; I don’t think he would knowingly withhold money says Santhosh T Kuruvila

We use cookies to give you the best possible experience. Learn more