| Saturday, 6th September 2025, 7:40 pm

കക്ഷി രാഷ്ട്രീയം ഇതുവരെ തോന്നിയിട്ടില്ല, ഇനി ആവശ്യമില്ല; സിനിമയിൽ തുടരും: മോഹൻലാൽ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നാല് പതിറ്റാണ്ടിലധികമായി മലയാളത്തിൽ നിറഞ്ഞുനിൽക്കുന്ന നടനാണ് മോഹൻലാൽ. ഇത്രയും കാലത്തെ കരിയറിൽ മോഹൻലാൽ പകർന്നാടാത്ത വേഷങ്ങളില്ല. സ്വന്തമാക്കാത്ത പുരസ്‌കാരങ്ങളും ബാക്കിയില്ല.

തന്നിലെ നടനെയും താരത്തെയും ഒരുപോലെ മുന്നോട്ട് കൊണ്ടുപോകാൻ കഴിയുന്ന ചുരുക്കം നടന്മാരിൽ ഒരാളാണ് അദ്ദേഹം. മോശം സ്‌ക്രിപ്റ്റ് സെലക്ഷന്റെ പേരിൽ പഴികേൾക്കേണ്ടി വന്ന മോഹൻലാൽ അതിഗംഭീര തിരിച്ചുവരവ് നടത്തിയ വർഷം കൂടിയാണ് 2025.

എമ്പുരാൻ, തുടരും എന്നീ ചിത്രങ്ങളിലൂ‌ടെ തുടർച്ചയായി രണ്ട് 200 കോടി ചിത്രങ്ങൾ ഇൻഡസ്ട്രിക്ക് സമ്മാനിച്ച മോഹൻലാലിന്റെ ഏറ്റവും ഒ‌ടുവിൽ റിലീസ് ചെയ്ത സിനിമയാണ് ഹൃദയപൂർവ്വം.

ഇപ്പോൾ രാഷ്ട്രീയത്തെക്കുറിച്ച് സംസാരിക്കുകയാണ് മോഹൻലാൽ.

‘പണ്ടുമുതലേ തമിഴ് സിനിമ, തെലുങ്ക് സിനിമയിലുള്ളവരെല്ലാം രാഷ്ട്രീയത്തിലേക്ക് പോകുന്നുണ്ട്. എന്നാൽ മലയാള സിനിമയിൽ അതില്ല. എനിക്ക് തോന്നുന്നു നസീർ സാർ മാത്രമേ അത് നോക്കിയിട്ടുള്ളു.

പിന്നെ ഇപ്പോൾ സുരേഷ് ഗോപിയും. മലയാളത്തിൽ വളരെ അപൂർവ്വമായിട്ടേ അങ്ങനെയുള്ളു. പിന്നെ ഗണേഷ്, മുകേഷ് എന്നിവർ പാർട്ടിയുമായി ബന്ധപ്പെട്ടിട്ടുള്ളവരാണ്. ജനനം മുതലേ അത് കണ്ടാണ് അവർ വളർന്നിട്ടുള്ളത്,’ മോഹൻലാൽ പറഞ്ഞു.

താൻ സ്‌കൂളിൽ പഠിക്കുമ്പോൾ പോലും രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയിട്ടില്ലെന്നും തനിക്ക് അതിന് സമയം കിട്ടിയില്ലെന്നും മോഹൻലാൽ പറയുന്നു.

പ്രത്യേകമായി കക്ഷി രാഷ്ട്രീയം ഇതുവരെ തനിക്ക് തോന്നിയിട്ടില്ലെന്നും ചില ആളുകളോടും ആശയങ്ങളോടും താത്പര്യം തോന്നിയിട്ടുണ്ടെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു.

താൻ ഒരു പാർട്ടിയുടെ ആളാണെന്ന് പറഞ്ഞാൽ അതിനെക്കുറിച്ച് ആധികാരികമായി സംസാരിക്കാൻ അറിയണമെന്നും അതിനെക്കുറിച്ച് വളരെ നല്ല രീതിയിൽ ബോധം വേണമെന്നും അദ്ദേഹം പറയുന്നു.

താൻ സിനിമയിലേക്കെത്തിയപ്പോൾ അത്തരം സാഹചര്യം ഉണ്ടായിട്ടില്ലെന്നും ഇനി അത്തരം ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. താൻ സിനിമയിൽ തന്നെ തുടരുമെന്നും അദ്ദേഹം പറഞ്ഞു. റിപ്പോർട്ടറിനോട് സംസാരിക്കുകയായിരുന്നു മോഹൻലാൽ.

Content Highlight: I don’t need Politics anymore; I will continue in films says Mohanlal

We use cookies to give you the best possible experience. Learn more