| Sunday, 5th July 2026, 8:58 am

അമ്മയ്ക്ക് സംഭാവന തരുന്നത് അംബാനിയാണോ അദാനിയാണോയെന്ന് നോക്കാറില്ല; പോരാടുന്നത് പവര്‍ ഗ്രൂപ്പിനെതിരെ: ശ്വേത മേനോന്‍

നിഷാന. വി.വി

കൊച്ചി: അമ്മ സംഘടനയിലേക്ക് സംഭാവന നല്‍കുന്നത് അംബാനിയാണോ അദാനിയാണൊയെന്ന് നോക്കാറില്ലെന്ന് പ്രസിഡന്റും നടിയുമായ ശ്വേത മേനോന്‍.

അമ്മയിലെ മിക്കവരും ഫീല്‍ഡ് ഔട്ട് ആയവരാണെന്നും ഇവര്‍ക്കൊന്നും സിനിമയില്ലേ എന്നും സോഷ്യല്‍ മീഡിയയില്‍ പലരും കളിയാക്കുന്നത് കണ്ടിട്ടുണ്ടെന്നും എന്നാല്‍ അത് സത്യമാണെന്നും ശ്വേത പറഞ്ഞു.

‘എന്നാല്‍ ഞാന്‍ ഒരു കാര്യം തുറന്ന് പറയട്ടെ. അത് ഒരു സത്യമാണ്. സ്ഥിരവരുമാനമില്ലാതെ ജീവിക്കുന്ന ഒത്തിരി കലാകാരന്മാര്‍ അമ്മയിലുണ്ട്. ആരുടെയെങ്കിലും മുന്നില്‍ കൈ നീട്ടാതെ ജീവിക്കാനും, മരുന്ന് വാങ്ങാനും, ഒരു നേരത്തെ ആഹാരം കണ്ടെത്താനും അവര്‍ക്ക് കൈത്താങ്ങാവുക എന്നതാണ് അമ്മയുടെ സ്ഥാപിത ലക്ഷ്യം.

ഇതിനുള്ള പണം കണ്ടെത്താന്‍ വേണ്ടിയാണ് ലാലേട്ടനും മമ്മൂക്കയും മറ്റ് സ്റ്റാര്‍ വാല്യൂ ഉള്ള താരങ്ങളും അവരുടെ സമയവും അധ്വാനവും ചിലവഴിച്ച് അമ്മയുടെ സ്‌പോണ്‍സര്‍ഡ് പ്രോഗ്രാമുകളില്‍ പങ്കെടുക്കുന്നത്.

ആ പണം തരുന്നത് ഹിന്ദുവാണോ, മുസ്‌ലിം, ക്രിസ്ത്യാനിയാണോ, അമ്പലമാണോ, പള്ളിയാണോ, അംബാനിയാണോ, അദാനിയാണോ എന്നൊന്നും ഞങ്ങള്‍ ഒരിക്കലും നോക്കിയിട്ടില്ല. സഹായിക്കാന്‍ മുന്നോട്ട് വരുന്ന എല്ലാവരെയും ഞങ്ങള്‍ ഒരേ മനസ്സോടെയാണ് സ്വീകരിച്ചിട്ടുള്ളത്,’ അവര്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ശ്വേത മേനോന്റെ പ്രതികരണം.

എന്നാല്‍ അമ്മയുടെ അംഗങ്ങള്‍ക്ക് അവകാശപ്പെട്ട ഫണ്ട് അവരുടെ ചികിത്സയ്ക്കും മരുന്നിനും ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കുമായി മാറ്റിവെച്ചിരുന്ന ഫണ്ടില്‍ ചില കുറ്റാരോപിതര്‍ മുന്‍പ് നടത്തിയ സാമ്പത്തിക തിരിമറികള്‍ താന്‍ കണ്ടെത്തിയെന്നും ആ കാര്യങ്ങള്‍ ചോദ്യം ചെയ്യാന്‍ തുടങ്ങിയപ്പോള്‍ മുതലാണ് തന്നെ അവര്‍ അപമാനിക്കാന്‍ ശ്രമിച്ചതെന്നും ശ്വേത പറഞ്ഞു.

ജനറല്‍ ബോഡി മീറ്റിംഗില്‍ എന്നെ കൈയേറ്റം ചെയ്യാന്‍ വരെ ശ്രമിച്ചുവെന്നും ആ സാഹചര്യത്തിലാണ് ഞാന്‍ അമ്മയില്‍ നിന്ന് പിന്മാറുന്നതിനെ പറ്റി ചിന്തിച്ചതെന്നും അവര്‍ പറഞ്ഞു.

‘ഒരു സാധാരണ സ്ത്രീക്ക് മലയാള സിനിമയിലെ ആ പവര്‍ ഗ്രൂപ്പിനെ ഒരിക്കലും ഒറ്റയ്ക്ക് നേരിടാന്‍ ആവില്ല എന്നത് ഞാന്‍ അമ്മ പ്രസിഡന്റായി മത്സരിച്ച അന്നു മുതല്‍ ഇന്ന് വരെ ഞാന്‍ നേരിട്ട ആക്രമണങ്ങളുടെ ലിസ്റ്റ് നോക്കിയാല്‍ മനസ്സിലാകും.

എന്തിന് ലാലേട്ടന്‍ വരെ അമ്മയുടെ പ്രസിഡന്റ് സ്ഥാനം രാജിവെച്ച് പോയില്ലേ? ഈ കുറ്റാരോപിതര്‍ ചെയ്യുന്ന തിരിമറികള്‍ക്കും തട്ടിപ്പുകള്‍ക്കും എന്തിന് ചീത്തപ്പേര് കേള്‍ക്കണം എന്ന് ലാലേട്ടന്‍ വരെ ചിന്തിച്ചില്ലേ?

ഞാന്‍ നടത്തിയ പോരാട്ടത്തിന്റെ ഒരു ഘട്ടത്തിലും എന്റെ പോരാട്ടം ഏതെങ്കിലും സ്ഥാനങ്ങള്‍ക്കോ വ്യക്തിപരമായ നേട്ടത്തിനോ ആയിരുന്നില്ല. അമ്മയില്‍ സാമ്പത്തിക തിരിമറി നടത്തിയവര്‍ക്കെതിരെയും ചില കുറ്റാരോപിതര്‍ക്കെതിരെയുമാണ് എന്റെ പോരാട്ടം. നുണക്കഥകള്‍ പ്രചരിപ്പിച്ചും അപകീര്‍ത്തിപ്പെടുത്തിയും എന്നെ നിശ്ശബ്ദയാക്കാമെന്നാണ് അവര്‍ കരുതുന്നത്.
എന്നെക്കുറിച്ച് എത്ര നുണകള്‍ പ്രചരിപ്പിച്ചാലും, എത്ര അപമാനിച്ചാലും, ഈ പോരാട്ടത്തില്‍ നിന്ന് ഞാന്‍ ഒരിക്കലും പിന്നോട്ടില്ല,’ ശ്വേത കുറിച്ചു.

ഇത് അമ്മയുടെയും അതിലെ സാധാരണ അംഗങ്ങളുടെയും അവകാശങ്ങള്‍ സംരക്ഷിക്കാനുള്ള പോരാട്ടമാണെന്നും ഇനി അതില്‍ തോറ്റ് പോയാലും സാരമില്ലെന്നും അവര്‍ പറഞ്ഞു. കാരണം, ഈ പോരാട്ടത്തിലൂടെ പവര്‍ ഗ്രൂപ്പ് അമ്മയുടെ മെമ്പേഴ്‌സിന്റെ മുന്നില്‍ തുറന്ന് കാട്ടപ്പെട്ട് കഴിഞ്ഞുവെന്നും അതുതന്നെയാണ് തന്റെ ഏറ്റവും വലിയ വിജയമെന്നും ശ്വേത പറഞ്ഞു.

അന്‍സിബ ഹസന്‍, മാലാ പാര്‍വതി, ഉഷ ഹസീന, മായ വിശ്വനാഥ് തുടങ്ങിയ നടിമാര്‍ കഴിഞ്ഞ ദിവസം ശ്വേതക്കെതിരെ വാര്‍ത്താ സമ്മേളനം നടത്തിയിരുന്നു. അദാനിയില്‍ നിന്നും പതിനഞ്ച് കോടിയുടെ ഫണ്ട് ശ്വേതയുടെ ഉറപ്പില്‍ കൊടുത്തുവെന്ന് ബി.ജെ.പി നേതാവായ പത്മജ പറയുന്ന വീഡിയോ അടക്കം മാലപാര്‍വതി പ്രദര്‍ശിപ്പിക്കുകയും ചെയ്തിരുന്നു. പിന്നാലെയാണ് ശ്വേതയുടെ ഈ പരാമര്‍ശം.

Content Highlight: I don’t look at whether it is Ambani or Adani providing the contribution to ‘Amma’; I am fighting against a power group: Shweta Menon.

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more