| Monday, 29th September 2025, 10:58 am

നിങ്ങള്‍ ചെയ്തത് ശരിയായില്ല, മര്യാദയില്ലാത്ത പെരുമാറ്റമായിപ്പോയെന്ന് ആ നടന്റെ മുഖത്ത് നോക്കി ഞാന്‍ പറഞ്ഞു: ജീത്തു ജോസഫ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമാ സെറ്റില്‍ പൊതുവെ ശാന്തമായി പെരുമാറാന്‍ ശ്രമിക്കുന്ന ആളാണ് താനെന്നും എങ്കിലും ചിലരുടെ രീതികള്‍ ബുദ്ധിമുട്ടുണ്ടാക്കുമ്പോള്‍ അത് മുഖത്തുനോക്കി പറയാറുണ്ടെന്നും സംവിധായകന്‍ ജീത്തു ജോസഫ്.

സിനിമയില്‍ തന്നെ സീനിയറായ നടന്മാരോട് തനിക്ക് അത്തരത്തില്‍ പറയേണ്ടി വന്നിട്ടുണ്ടെന്നും അവരില്‍ നിന്നുണ്ടാകുന്ന പെരുമാറ്റം കാരണമാണ് അതെന്നും ജീത്തുജോസഫ് പറയുന്നു. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ സെറ്റില്‍ ഞാന്‍ എല്ലാവരോടും ഫ്രണ്ട്‌ലിയാണ്. പക്ഷേ ജോലിയുടെ കാര്യത്തില്‍ വീഴ്ച പറ്റിയാല്‍ ഞാന്‍ ചിലപ്പോള്‍ വഴക്കുപറയും. വഴക്കുണ്ടാക്കും. പക്ഷേ ഒരു വിഭാഗത്തിനോട് മാത്രം ഞാന്‍ വഴക്കുണ്ടാക്കാറില്ല. അത് ആക്ടേഴ്‌സിനോടാണ്. എന്നാലും ചില കേസില്‍ നമ്മുടെ അഭിപ്രായ വ്യത്യാസം സ്‌ട്രോങ് ആയി പറയേണ്ടി വന്നിട്ടുണ്ട്. അത് എത്ര സീനിയര്‍ ആക്ടറായാലും പറയും.

നിങ്ങള്‍ ചെയ്താല്‍ ശരിയായില്ല കേട്ടോ എന്ന് പറയേണ്ടി വന്നിട്ടുണ്ട്. നമ്മുടെ സിനിമയില്‍ അഭിനയിക്കുന്ന ഒരു ആക്ടര്‍ പിറ്റേ ദിവസം രാവിലെ വരാമെന്ന് ഏറ്റതാണ്. ഞാന്‍ വിളിച്ചപ്പോള്‍ പുള്ളി വേറൊരു സിനിമയുടെ കുറച്ച് പോര്‍ഷന്‍സ് തീര്‍ക്കണമെന്ന് പറഞ്ഞ് പോയിരിക്കുന്നു.

ഞങ്ങളോട് പറയുക പോലും ചെയ്തില്ല. വിളിച്ചപ്പോള്‍ ഉച്ചകഴിയുമ്പോഴേക്ക് എത്തിയേക്കാമെന്ന് പറഞ്ഞു. പുള്ളിയെ ഞാന്‍ ഫോണില്‍ വിളിച്ചിട്ട് ഇത് ഭയങ്കര മോശമായി എന്ന് പറഞ്ഞു. താങ്കളില്‍ നിന്ന് ഞാനിത് പ്രതീക്ഷിച്ചില്ല, വളരെ ബുദ്ധിമുട്ടുണ്ട്. മര്യാദയില്ലാത്ത പെരുമാറ്റമായിപ്പോയി എന്ന് പറഞ്ഞു,’ ജീത്തു ജോസഫ് പറഞ്ഞു.

ആ നടന്‍ തിരിച്ച് സെറ്റില്‍ എത്തിയ ശേഷം തന്നോട് സോറിയൊക്കെ പറഞ്ഞെന്നും പക്ഷേ അത് തനിക്ക് അംഗീകരിക്കാനാവില്ലെന്നും ജീത്തു പറഞ്ഞു.

സെറ്റില്‍ വന്ന ശേഷം പുള്ളി എന്നോട് സോറിയൊക്കെ പറഞ്ഞു അവരുടെ അവസ്ഥയൊക്കെ പറഞ്ഞു. പക്ഷേ ഇങ്ങനെയൊക്കെ വരുമ്പോള്‍ ഞാന്‍ പറയാനുള്ളത് പറയും.

പിന്നീട് ഞാന്‍ അവരെ കഴിയുന്നതും എന്റെ അടുത്ത സിനിമകളില്‍ ഒഴിവാക്കും. കൂടുതലും ആര്‍ടിസ്റ്റുകളുടെ കാര്യത്തിലാണ് ഇത് സംഭവിച്ചത്. ആ ക്യാരക്ടറിന് അവര്‍ അനിവാര്യമാണ്, അവരെ ചെയ്താലേ നന്നാവൂ എന്നുണ്ടെങ്കില്‍ പിന്നെ നോക്കിയിട്ട് കാര്യമില്ല.

അല്ലാത്തപക്ഷം ഓപ്ഷന്‍ ഉണ്ടെങ്കില്‍ ഞാന്‍ അടുത്ത ഓപ്ഷനിലേക്ക് പോകും. വേറൊന്നുമല്ല അങ്ങനെ ഉള്ളവരുമായി എങ്ങനെ വര്‍ക്ക് ചെയ്യും. വിശ്വസിച്ച് ഒരു കാര്യം പറഞ്ഞ് നമ്മള്‍ എങ്ങനെ ധാരണയില്‍ പോകും,’ ജീത്തു ജോസഫ് ചോദിച്ചു.

ആസിഫ് അലിയെ നായകനാക്കി ഒരുക്കിയ മിറാഷാണ് ജീത്തു ജോസഫിന്റെ പുതിയ ചിത്രം. ഒരു ഓണ്‍ലൈന്‍ ഇന്‍വെസ്റ്റിഗേറ്റീവ് റിപ്പോര്‍ട്ടറുടെ ജീവിതം മുന്‍നിര്‍ത്തി ഒരുക്കിയ ചിത്രത്തിന് തിയേറ്ററില്‍ സമ്മിശ്രപ്രതികരണമാണ് ലഭിക്കുന്നത്.

നിലവില്‍ ദൃശ്യം 3 യുടെ ഷൂട്ടിങ്ങിലേക്ക് കടക്കുകയാണ് ജീത്തു. പ്രേക്ഷകരെ ഓരോ ഘട്ടത്തിലും സസ്‌പെന്‍സിന്റെ മുള്‍മുനയില്‍ നിര്‍ത്തിയ ‘ദൃശ്യം’ സിനിമയുടെ മൂന്നാം ഭാഗം ഒരുങ്ങുമ്പോള്‍ എന്തൊക്കെ സസ്‌പെന്‍സുകളാണ് സംവിധായകന്‍ കാത്തുവെച്ചിരിക്കുന്നതെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകരും.

Content Highlight: I don’t like actors who behave like that. I will avoid them in movies says Director jeethu Joseph

We use cookies to give you the best possible experience. Learn more