| Thursday, 24th July 2025, 2:00 pm

അധിക്ഷേപിക്കുന്ന മിമിക്രിയോട് താത്പര്യമില്ല, നല്ല പദങ്ങൾ ഉപയോഗിക്കണം: അശോകൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നാല് പതിറ്റാണ്ടായി മലയാളത്തിൽ നിറഞ്ഞു നിൽക്കുന്ന ചലച്ചിത്ര അഭിനേതാവാണ് അശോകൻ. അടൂർ ഗോപാലകൃഷ്ണൻ, പി.പത്മരാജൻ, ഭരതൻ, കെ.ജി.ജോർജ് എന്നീ പ്രശസ്ത സംവിധായകരോടൊപ്പം പ്രവർത്തിച്ച അദ്ദേഹം പെരുവഴിയമ്പലം എന്ന സിനിമയിലൂടെയാണ് സിനിമയിൽ സജീവമായത്. ഇപ്പോൾ അധിക്ഷേപിക്കുന്ന മിമിക്രിയോട് താത്പര്യമില്ലെന്ന് പറയുകയാണ് അശോകൻ.

അധിക്ഷേപിക്കുന്ന മിമിക്രിയോട് തനിക്ക് താത്പര്യമില്ലെന്നും സ്വാഭാവികമായിട്ടുള്ളതിൽ നിന്നും അൽപം കൂട്ടിക്കാണിക്കുന്നതാണ് മിമിക്രിയെന്നും അശോകന്‍ പറയുന്നു. എന്നാല്‍ അത് അരോചകമായിട്ട് ചെയ്യുന്നവരോട് തനിക്ക് താത്പര്യമില്ലെന്നും മിമിക്രി നന്നായിട്ട് കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ജീവിച്ചിരിക്കുന്ന പല ആക്ടേഴ്‌സിനെപ്പറ്റിയും മരിച്ചുപോയവരെപ്പറ്റിയും വളരെ ആക്ഷേപിച്ച് സംസാരിക്കുന്നുണ്ടെന്നും തനിക്ക് അതിനോട് യോജിക്കാന്‍ കഴിയില്ലെന്നും അശോകന്‍ കൂട്ടിച്ചേര്‍ത്തു. അപൂർവ്വ പുത്രൻമാർ എന്ന ചിത്രത്തിൻ്റെ പ്രൊമോഷൻ്റെ ഭാഗമായി സ്‌പോട്ട്‌ലൈറ്റ് എന്ന യുട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘അധിക്ഷേപിക്കുന്ന മിമിക്രിയോട് എനിക്ക് ഇഷ്ടമല്ല. ആക്ഷേപിച്ച് കളിയാക്കി ചെയ്യുന്നവരോട് എനിക്ക് താത്പര്യം ഒന്നുമില്ല. അനുകരണം, മിമിക്രി എന്ന് പറയുന്നത് സ്വാഭാവികമായും ഉള്ളതില്‍ നിന്നും സ്വല്‍പം കൂട്ടിക്കാണിക്കുക എന്നുള്ളതാണ്. അട്രാക്ട് ചെയ്യാന്‍ വേണ്ടി, മനസിലാകാന്‍ വേണ്ടി, ശ്രദ്ധയും ചിരിയും കിട്ടാന്‍ വേണ്ടി കാണിക്കും.

പക്ഷെ അത് അരോചകമായിട്ട് ചെയ്യുന്നവരോട് എനിക്ക് യോജിപ്പില്ല. മിമിക്രി നന്നായിട്ട് കാണിക്കണം. അങ്ങനെയുള്ള പദങ്ങള്‍ ഉപയോഗിക്കുക. പല മിമിക്രികളെക്കുറിച്ചും ഒരുപാട് പേര് പറയാറുണ്ട്. ഇപ്പോള്‍ ജീവിച്ചിരിക്കുന്ന വയസായിട്ടുള്ള സീനിയര്‍ ആക്ടേഴ്‌സിനെയും മരിച്ചുപോയവരെപ്പറ്റിയൊക്കെ വളരെ ആക്ഷേപിച്ച് സംസാരിക്കുന്നുണ്ട്. എനിക്ക് അതിനോട് ഒട്ടും യോജിപ്പിപ്പില്ല,’ അശോകന്‍ പറയുന്നു.

അപൂർവ്വ പുത്രൻമാർ

വിഷ്ണു ഉണ്ണികൃഷ്ണൻ, ബിബിൻ ജോർജ്, ലാലു അലക്സ്, അശോകൻ എന്നിവർ പ്രധാനകഥാപാത്രങ്ങളിലെത്തിയ ചിത്രമാണ് അപൂർവ്വ പുത്രൻമാർ. രജിത്ത് ആർ. എൽ, ശ്രീജിത്ത് എന്നിവർ സംവിധാനം ചെയ്ത ചിത്രം കോമഡി ആക്ഷൻ ത്രില്ലറാണ്. തെലുങ്കിൽ ശ്രദ്ധ നേടിയ പായൽ രാധാകൃഷ്ണൻ കന്നഡയിലൂടെ അരങ്ങേറിയ അമൈറ ഗോസ്വാമി എന്നിവരാണ് ചിത്രത്തിലെ നായികമാർ.

Content Highlight: I don’t like abusive mimicry says Ashokan

We use cookies to give you the best possible experience. Learn more