സീരിയൽ രംഗത്ത് നിന്ന് സിനിമയിലേക്കെത്തിയ താരമാണ് സുരേഷ് കൃഷ്‌ണ. വിനയൻ സംവിധാനം ചെയ്ത കരുമാടിക്കുട്ടനിലെ വില്ലൻ വേഷം അവതരിപ്പിച്ചു കൊണ്ടാണ് മലയാളസിനിമയിൽ അരങ്ങേറിയത്. 24 വർഷത്തെ കരിയറിൽ നിരവധി കഥാപാത്രങ്ങളെ താരം പകർന്നാടി.
കരിയറിൻ്റെ തുടക്കത്തിൽ വില്ലൻ വേഷങ്ങളിൽ ശ്രദ്ധ നൽകിയ സുരേഷ് കൃഷ്‌ണ പിന്നീട് കോമഡിയിലേക്ക് ചേക്കേറുകയായിരുന്നു. ആദ്യ സിനിമയിലെ കഥാപാത്രത്തിന്റെ സ്വഭാവം കാരണം കൺവിൻസിങ് സ്റ്റാർ എന്ന ടാഗും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ഓടും കുതിര ചാടും കുതിര എന്ന സിനിമയിലും അദ്ദേഹം അഭിനയിക്കുന്നുണ്ട്. ഇപ്പോൾ സംവിധായകൻ അൽത്താഫിനെക്കുറിച്ച് സംസാരിക്കുകയാണ് സുരേഷ് കൃഷ്ണ.
‘ഒരുപാട് സിനിമയിൽ എനിക്ക് അടി കിട്ടിയിട്ടുണ്ട്. ഒരുകാലത്ത് ഇത് തന്നെയായിരുന്നു പണി. ബ്ലഡും, വെടിയുണ്ടയും, കത്തിയും ഒക്കെയായിട്ട് ഒരുപാട് കാലം പോയിട്ടുണ്ട്. ഫൈറ്റിലൊക്കെ ഒരുപാട് മുറിവുകൾ എനിക്ക് പറ്റിയിട്ടുണ്ട്.
അൽത്താഫ് എന്നെ ഈ പടത്തിൽ എങ്ങനെ കാസ്റ്റ് ചെയ്തുവെന്ന് എനിക്ക് അറിയാൻ പാടില്ല. എനിക്ക് വിശ്വസിക്കാൻ പറ്റാത്ത കാര്യമാണ്. അൽത്താഫിന്റെ ഒരു സെലക്ഷൻ നമുക്ക് അറിയാമല്ലോ. അൽത്താഫിന്റെ പുതിയ പടത്തിൽ എന്നെ കാസ്റ്റ് ചെയ്യുമെന്ന് ഞാൻ മനസിൽ പോലും വിചാരിച്ചിരുന്നില്ല,’ സുരേഷ് കൃഷ്ണ പറയുന്നു.
പെട്ടെന്നാണ് തന്നെ ആഷിഖ് ഉസ്മാൻ വിളിക്കുന്നതെന്നും എന്നിട്ടാണ് താൻ അൽത്താഫിനെ വിളിക്കുന്നതെന്നും സുരേഷ് കൃഷ്ണ പറയുന്നു.
താൻ ഭയങ്കര ത്രില്ലിലായിരുന്നെന്നും അൽത്താഫിനെയും അദ്ദേഹത്തിന്റെ സിനിമകളെയും തനിക്ക് നന്നായി അറിയാമെന്നും സുരേഷ് കൃഷ്ണ കൂട്ടിച്ചേർത്തു.
ഇത്രയും വേഗത്തിൽ അൽത്താഫിന്റെ സിനിമയിലേക്ക് വിളിക്കുമെന്ന് കരുതിയില്ലെന്നും തന്നെക്കൊണ്ട് എന്തെങ്കിലും ചെയ്യാൻ പറ്റുമെന്ന് തോന്നിയത് കൊണ്ടായിരിക്കും കാസ്റ്റ് ചെയ്‌തെന്നും അദ്ദേഹം പറഞ്ഞു.
ഓരോ ഷോട്ട് കഴിയുമ്പോഴും അൽത്താഫ് ഇരുന്ന് ചിരിക്കുന്നത് കാണാമെന്നും അത് തനിക്ക് കണ്ടപ്പോൾ അഭിമാനം തോന്നിയെന്നും സുരേഷ് കൃഷ്ണ കൂട്ടിച്ചേർത്തു. തന്റെ പുതിയ ചിത്രമായ ഓടും കുതിര ചാടും കുതിര എന്ന സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി ജിഞ്ചർ മീഡിയയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Content Highlight: I don’t know why he cast me; I’m thrilled to be called says Suresh Krishna