മുംബൈ: സമൂഹ മാധ്യമങ്ങളില്‍ വൈറലായി ധനുഷിന്റെ വാക്കുകള്‍. ‘എനിക്ക് ഹിന്ദി അറിയില്ല, ഇംഗ്ലീഷില്‍ സംസാരിക്കാം’ എന്ന പരാമര്‍ശമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. കഴിഞ്ഞ ദിവസം തന്റെ ഏറ്റവും പുതിയ ചിത്രമായ ‘കുബേര’യുടെ മുബൈയില്‍ നടന്ന പ്രമോഷന്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ധനുഷ്.
തെലുങ്ക് സംവിധായകനും ദേശീയ അവാര്‍ഡ് ജേതാവുമായ ശേഖര്‍ കമ്മൂല ഒരുക്കിയ പാന്‍ ഇന്ത്യന്‍ ചിത്രമാണ് കുബേര.
‘ഓം നമഃശിവായ. എല്ലാവര്‍ക്കും വണക്കം. നിങ്ങളെയെല്ലാം കണ്ടതില്‍ എനിക്ക് വളരെ സന്തോഷമുണ്ട്. എനിക്ക് വേണ്ടി നിങ്ങള്‍ ഇവിടെ വന്നതില്‍ എങ്ങനെ നന്ദി പറയണമെന്ന് അറിയില്ല. നന്ദിയുണ്ട്,’ ധനുഷ് പറഞ്ഞു.
തുടര്‍ന്ന് ഹിന്ദിയില്‍ സംസാരിക്കാന്‍ കാണികള്‍ ആവശ്യപ്പെട്ടതോടെ ‘എനിക്ക് ഹിന്ദി അറിയില്ല. ഇംഗ്ലീഷില്‍ സംസാരിക്കാം. അതും കുറച്ചേ അറിയുകയുള്ളൂ’ എന്ന് ധനുഷ് മറുപടി നല്‍കി.
ഇപ്പോള്‍ ധനുഷിന്റെ പ്രതികരണം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കപ്പെടുന്നുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ ഭാഷാനയം സംബന്ധിച്ച് വിവാദങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ധനുഷിന്റെ വാക്കുകള്‍ ശ്രദ്ധ നേടുന്നത്.
അടുത്തിടെ ചെന്നൈയില്‍ നടന്ന ഒരു പ്രമോഷൻ പരിപാടിയില്‍ കമല്‍ ഹാസന്‍ തമിഴില്‍ നിന്നാണ് കന്നഡ പിറന്നത് എന്ന വിവാദ പ്രസ്താവന നടത്തിയിരുന്നു. തഗ് ലൈഫ് എന്ന തന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ പ്രമോഷനിടെയായിരുന്നു കമല്‍ ഹാസന്റെ പരാമര്‍ശം.
തുടര്‍ന്ന്, കന്നഡ,തുളു, കൊടവ സംസ്‌കാരത്തോടൊപ്പം കര്‍ണാടകയിലെ ചലച്ചിത്ര വ്യവസായത്തെയും പ്രോത്സാഹിപ്പിക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന കെ.എഫ്.സി.സി സൊസൈറ്റി, കമല്‍ ഹാസന്‍ ക്ഷമാപണം നടത്തിയില്ലെങ്കില്‍ ചിത്രം കര്‍ണാടകയില്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് പ്രഖ്യാപിച്ചിരുന്നു.
പിന്നാലെ ചിത്രത്തിന്റെ സഹനിര്‍മാതാവായ കമല്‍ ഹാസന്റെ രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷണല്‍ ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. ഹരജി പരിഗണിച്ച സിംഗിള്‍ ജഡ്ജി ജസ്റ്റിസ് എം. നാഗപ്രസന്ന, കമല്‍ ഹാസന്റെ പരാമര്‍ശം കന്നഡക്കാരുടെ വികാരത്തെ വ്രണപ്പെടുത്തിയെന്നും സ്ഥിതിഗതികള്‍ ശാന്തമാക്കാന്‍ താരം ക്ഷമാപണം നടത്തണമെന്നും പറഞ്ഞു.
എന്നാല്‍ മാപ്പ് പറയില്ലെന്ന നിലപാടാണ് കമല്‍ ഹാസന്‍ സ്വീകരിച്ചത്. പ്രസ്താവനയെ വളച്ചൊടിച്ചതാണെന്നും കമല്‍ ഹസന്‍ ചൂണ്ടിക്കാട്ടിയിരുന്നു.
Content Highlight: I don’t know Hindi; I can speak in English; Dhanush’s words are trending