സിനിമയില്‍ സൗഹൃദത്തെ കുറിച്ചും മോളിവുഡ് ടൈംസ് എന്ന ചിത്രത്തിലെ തന്റെ കഥാപാത്രത്തെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് നടന്‍ സംഗീത് പ്രതാപ്. മത്സരവും അസൂയയും പിന്നില്‍ നിന്നുള്ള കളികളുമൊക്കെ പലപ്പോഴും സിനിമയ്ക്ക് വലിയ ട്വിസ്റ്റുകള്‍ നല്‍കാറുണ്ടെങ്കിലും അത്തരമൊരു അനുഭവം തനിക്ക് ജീവിതത്തില്‍ ഉണ്ടായിട്ടില്ലെന്നാണ് സംഗീത് പ്രതാപ് പറയുന്നത്.
‘മോളിവുഡ് ടൈംസ്’ എന്ന ചിത്രത്തില്‍ നെഗറ്റീവ് ഷേഡുള്ള അര്‍ജുന്‍ ഹരിദാസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച സംഗീത്, സിനിമയിലെ കഥാപാത്രത്തെ പോലെ തൊഴുത്തില്‍ക്കുത്തിയായ ഒരു സുഹൃത്ത് റിയല്‍ ലൈഫില്‍ തനിക്കില്ലെന്നും പറഞ്ഞു.
റെഡ് എഫ്.എം.ന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സംഗീത്. സിനിമയില്‍ കാണിച്ചിരിക്കുന്ന തരത്തിലുള്ള ഡ്രാമയും സംഘര്‍ഷങ്ങളുമൊന്നും തന്റെ ജീവിതത്തിലെ സൗഹൃദങ്ങളില്‍ ഉണ്ടായിട്ടില്ലെന്നും താരം പറഞ്ഞു.
PHOTO: സംഗീത് പ്രതാപ് മോളിവുഡ് ടൈംസ് സിനിമയില്‍ നിന്നുള്ള രംഗം
”ആ സിനിമയില്‍ കാണിച്ചിരിക്കുന്ന പോലുള്ള അനുഭവമൊന്നും എനിക്കുണ്ടായിട്ടില്ല. ഈ പറയുന്ന തരത്തിലുള്ള ഡ്രാമയുള്ള സാഹചര്യങ്ങളിലൂടെ കടന്നുപോകേണ്ടി വന്നിട്ടില്ല. നമ്മുടെ സമയത്തുള്ള കോണ്‍ഫ്‌ളിക്ടുകളൊക്കെ വേറെ പലതായിരുന്നു. ഇന്റേണല്‍ പ്രശ്നങ്ങളൊക്കെയായിരുന്നു. ഇത്തരത്തില്‍ തൊഴുത്തില്‍ക്കുത്തിയായിട്ടുള്ള കൂട്ടുകാരനൊന്നും എനിക്ക് ഇല്ല. അങ്ങനെയുള്ള ആളുകളെ പരിചയവും കുറവാണ്. കഥകളും കേട്ടിട്ടില്ല. നമ്മുടെ വളരെ ക്ലോസായിട്ടുള്ള ആരെപ്പറ്റിയും അങ്ങനെയുള്ള അനുഭവമൊന്നും കേട്ടിട്ടില്ല,” സംഗീത് പറഞ്ഞു.
തന്റെ തലമുറയിലെ താരങ്ങള്‍ക്കിടയില്‍ പരസ്പര മത്സരമോ അസൂയയോ അല്ല, മറിച്ച് ഒരാളുടെ വിജയം മറ്റൊരാള്‍ ആഘോഷിക്കുന്ന രീതിയാണുള്ളതെന്നും സംഗീത് പറയുന്നു. ചമന്റേയും മമിതയുടെയും നസ്‌ലെന്റെയും സിനിമകള്‍ താന്‍ പോയി കാണാറുണ്ടെന്നും അവരുടെ വിജയത്തില്‍ സന്തോഷം മാത്രമാണ് തോന്നാറുള്ളതെന്നും താരം വ്യക്തമാക്കി.
”മോളിവുഡ് ടൈംസ് ഒരു പ്രോപ്പര്‍ സിനിമയല്ലേ. സംവിധായകന്‍ അഭിച്ചേട്ടനൊക്കെ പുള്ളിയുടെ കുറേ കാര്യങ്ങളൊക്കെ പറഞ്ഞിരുന്നു. പിന്നെ ആ ജനറേഷന്‍ ചേഞ്ച് ചെയ്തല്ലോ. ഞങ്ങളുടെ ജനറേഷന്‍ വരുമ്പോഴേക്ക് അത് കുറേയൊക്കെ മാറി. ഉദാഹരണത്തിന് ചമന്റെയൊരു പടം വരുമ്പോള്‍ ഞാന്‍ ഉറപ്പായും പോയി കാണും. അല്ലെങ്കില്‍ മമിതയുടെ പടം വരുമ്പോഴും നസ്‌ലെന്റെ പടം വരുമ്പോഴുമൊക്കെ ഞാന്‍ പോയി കാണും. ഇവരുടെ സക്‌സസ് കാണുമ്പോള്‍ നമുക്ക് ഭയങ്കര സന്തോഷം തന്നെയാണ് കിട്ടാറുള്ളത്. അല്ലാതെ വേറൊരു ഇമോഷനിലൂടെ കടന്നുപോകാത്തതുകൊണ്ട് അത്തരത്തിലുള്ള ആളുകളെ പരിചയമില്ല,’ സംഗീത് പറഞ്ഞു.
മികച്ച എഡിറ്റര്‍ക്കുള്ള സംസ്ഥാന പുരസ്‌കാരം ലഭിക്കുമെന്ന് താന്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും എഡിറ്റിങ് കരിയറില്‍ നിന്ന് അഭിനയത്തിലേക്ക് തിരിയാമെന്ന് ചിന്തിച്ചുകൊണ്ടിരുന്ന സമയത്താണ് അത്തരമൊരു പുരസ്‌കാരം തന്നെ തേടിയെത്തിയതെന്നും താരം അഭിമുഖത്തില്‍ വ്യക്തമാക്കി.
Content Highlight: ‘I don’t have backstabbing friends; Naslen and Mamitha’s success brings me joy