ആദ്യ സിനിമയിലെ പരാജയത്തിന് ശേഷം മലയാള സിനിമയിലേക്ക് ഗംഭീര തിരിച്ചുവരവ് നടത്തിയ നടനാണ് ഫഹദ് ഫാസില്‍. പിന്നീടിങ്ങോട്ട് തന്റെ അഭിനയം കൊണ്ട് പ്രേക്ഷകരെ വിസ്മയിപ്പിക്കുകയാണ് നടന്‍. ഇന്ന് പാന്‍ ഇന്ത്യന്‍ തലത്തില്‍ ശ്രദ്ധ നേടാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.
മൂന്ന് സംസ്ഥാന അവാര്‍ഡും ഒരു ദേശീയ അവാര്‍ഡും അദ്ദേഹം സ്വന്തമാക്കി. മലയാളത്തിന് പുറത്ത് മികച്ച സിനിമകളുടെ ഭാഗമാകാന്‍ ഫഹദിന് സാധിച്ചിട്ടുണ്ട്. ഫഹദ് പ്രധാന കഥാപാത്രങ്ങളിലൊരാളായി എത്തിയ ചിത്രമായിരുന്നു കുമ്പളങ്ങി നൈറ്റ്സ്. ഇപ്പോള്‍ ചിത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് ഫഹദ് ഫാസില്‍.
‘അടിസ്ഥാനപരമായി കുറച്ച് മുന്നൊരുക്കങ്ങള്‍ എനിക്ക് ആവശ്യമാണ്. ഉദാഹരണത്തിന് കുമ്പളങ്ങി നൈറ്റ്സിലെ കഥാപാത്രത്തെക്കുറിച്ച് പറയാം. കുമ്പളങ്ങിയിലെ ഷമ്മി എന്ന കഥാപാത്രം ബാര്‍ബറാണ്. സ്വന്തം മീശയും താടിയും കട്ട് ചെയ്തതിട്ടുണ്ട് എന്നല്ലാതെ ആ ജോലി ചെയ്യുന്നതിനെക്കുറിച്ച് എനിക്ക് വലിയ അറിവൊന്നും ഉണ്ടായിരുന്നില്ല,’ ഫഹദ് പറയുന്നു.
സിനിമയില്‍ താന്‍ ഷെയ്ന്‍ നിഗം അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ താടി ഷേവ് ചെയ്യുന്നുണ്ടെന്നും നമ്മള്‍ മറ്റൊരാളുടെ മുഖം ഷേവ് ചെയ്യുമ്പോള്‍ നമ്മുടെ ശരീരത്തിലും ഭാവമാറ്റങ്ങളുണ്ടാകുമെന്നും ഫഹദ് കൂട്ടിച്ചേര്‍ത്തു. തനിക്ക് അതിനായി കുറച്ച് മുന്നൊരുക്കള്‍ ആവശ്യമാണെന്നും കഥാപാത്രത്തിലേക്കും കഥയിലേക്കും എത്തുന്നതിനായി താന്‍ രണ്ട് ദിവസം മുന്നേ സെറ്റിലെത്തുമെന്നും അദ്ദേഹം പറഞ്ഞു.
താന്‍ ആ സ്ഥലത്തെക്കുറിച്ച് പഠിക്കുമെന്നും പരിചിതമാക്കുമെന്നും ഫഹദ് ഫാസില്‍ പറയുന്നു. അതല്ലാതെ തലേദിവസം റൂമിലിരുന്ന് എല്ലാം ചെയ്ത് പഠിക്കുന്ന പരിപാടി തനിക്കില്ലെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു.
കുമ്പളങ്ങി നൈറ്റ്‌സ്
മധു. സി നാരായണന്‍ സംവിധാനം ചെയത ഫഹദ് ഫാസില്‍, സൗബിന്‍ ഷാഹിര്‍, ഷെയ്ന്‍ നിഗം, ശ്രീനാഥ് ഭാസി, മാത്യൂ തോമസ് എന്നിവര്‍ പ്രധാനകഥാപാത്രത്തിലെത്തിയ ചിത്രമാണ് കുമ്പളങ്ങി നൈറ്റ്‌സ്. ദിലീഷ് പോത്തന്‍, ശ്യാം പുഷ്‌കരന്‍, ഫഹദ് ഫാസില്‍, നസ്രിയ നസീം എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്. 2019ലെ മികച്ച ചിത്രത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം സിനിമ സ്വന്തമാക്കി.
Content Highlight: I don’t have a plan to do everything the day before says Fahadh Faasil