| Friday, 5th April 2019, 10:05 am

ഞാന്‍ മുസ്‌ലിംങ്ങള്‍ക്കു വേണ്ടി ഒന്നും ചെയ്തിട്ടില്ല, ഹിന്ദുക്കള്‍ക്കു വേണ്ടിയും; 2022ല്‍ ചെയ്തു കാണിക്കും: നരേന്ദ്ര മോദി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: താന്‍ രാജ്യത്തെ മുസ്‌ലിംങ്ങള്‍ക്ക് വേണ്ടി ഒന്നും ചെയ്തില്ലെന്ന് മോദി. എന്നാല്‍ മുസ്‌ലിംങ്ങള്‍ക്ക് വേണ്ടി മാത്രമല്ല,ഹിന്ദുക്കള്‍ക്ക് വേണ്ടിയും താന്‍ ഒന്നും ചെയ്തില്ലെന്നും, 2022 ല്‍ ചെയ്തു കാണിക്കുമെന്നും മോദി പറഞ്ഞു. 2022ഓടെ രാജ്യത്തെ എല്ലാവര്‍ക്കും പാര്‍പ്പിടം എന്ന പദ്ധതി പൂര്‍ത്തീകരിക്കുമെന്നും എ.ബി.പി ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ മോദി പറയുന്നു.

“ഹിന്ദു ആയിക്കോട്ടെ, മുസ്‌ലിം ആയിക്കോട്ടെ, 2022ഓടെ എല്ലാവര്‍ക്കും വൈദ്യുതി ലഭിക്കും. സബ്കാ സാത് സബ്കാ വികാസ് എന്നതാണ് എന്റെ മുദ്രാവാക്യം. എന്റെ സര്‍ക്കാറില്‍ മതത്തിന് സ്ഥാനമില്ല”- ബി.ജെ.പി ഭരണത്തില്‍ രാജ്യത്തെ മുസ്‌ലിംങ്ങള്‍ക്ക് വിശ്വാസമില്ലേയെന്ന ചോദ്യത്തിന് മോദി മറുപടി നല്‍കിയതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടു ചെയ്യുന്നു.

വോട്ടു ലക്ഷ്യമിട്ട് രാജ്യത്ത് മുസ്‌ലിംങ്ങള്‍ക്കിടയില്‍ അരക്ഷിതാവസ്ഥ വളര്‍ത്തുകയാണ് ചിലരെന്നും മോദി ആരോപിച്ചു. കോണ്‍ഗ്രസിന്റെ പ്രകടന പത്രിക കാപട്യം നിറഞ്ഞതാണെന്നും, പ്രകടന പത്രികയില്‍ വിഘടന വാദികളുടെ ഭാഷയില്‍ സംസാരിച്ച കോണ്‍ഗ്രസ് സൈന്യത്തെ അപമാനിച്ചെന്നും നരേന്ദ്ര മോദി ആരോപിച്ചു.

Also Read “റോഡില്ലെങ്കില്‍ വോട്ടില്ല”; മോദിയുടെ സന്ദര്‍ശനത്തിനു പിറ്റേദിവസം തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുമെന്ന ഭീഷണിയുമായി ബിഹാറിലെ ഗ്രാമീണര്‍

രാമക്ഷേത്ര നിര്‍മാണം തന്റെ മാത്രം ആവശ്യമല്ലെന്നും, രാജ്യത്തെ ജനങ്ങള്‍ അത് ആഗ്രഹിക്കുന്നെന്നും മോദി പറഞ്ഞു. രാമക്ഷേത്ര നിര്‍മാണത്തെക്കുറിച്ച് സുപ്രീം കോടതി വിധിക്കായി കാത്തിരിക്കുക മാത്രമാണ് ഇപ്പോള്‍ ചെയ്യാന്‍ കഴിയു എന്നും മോദി പറഞ്ഞു.

തന്റെ സര്‍ക്കാറിന്റെ ശ്രമങ്ങള്‍ കാരണമാണ് നീരവ് മോദിയെ പോലുള്ളവരെ ജയിലിലടക്കാന്‍ സാധിച്ചതെന്ന് മോദി അവകാശപ്പെട്ടു. പ്രിയങ്കാ ഗാന്ധി വാരാണസിയില്‍ നിന്നും മത്സരിക്കുന്നതിനെക്കുറിച്ച് അഭിപ്രായം ആരാഞ്ഞപ്പോള്‍, ജനാധിപത്യത്തില്‍ ആര്‍ക്കും എവിടെയും മത്സരിക്കാമെന്നായിരുന്നു മോദിയുടെ മറുപടി.

Latest Stories

We use cookies to give you the best possible experience. Learn more