ഒരു കഥാപാത്രം കരയുന്ന രീതിയും അയാളുടെ വൈകാരികത പ്രകടിപ്പിക്കുന്ന രീതിയും ഓരോ സിനിമയിലും വ്യത്യസ്തമായിരിക്കും. അതുകൊണ്ടുതന്നെ ഇമോഷണല്‍ സീനുകള്‍ക്ക് വേണ്ടി വലിയ രീതിയില്‍ തയ്യാറെടുപ്പുകള്‍ നടത്താറില്ലെന്നാണ് നടന്‍ നിവിന്‍ പോളി പറയുന്നത്. കഥാപാത്രത്തിന്റെ സ്വഭാവവും ജീവിതപശ്ചാത്തലവും മനസിലാക്കിയ ശേഷം ആ നിമിഷത്തില്‍ സ്വാഭാവികമായി തോന്നുന്നതാണ് ചെയ്യുന്നതെന്നും താരം കൂട്ടിച്ചേര്‍ത്തു. ദി ക്യൂവിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നിവിന്‍ പോളി.
‘ഒരു സീനിന് വേണ്ടി ഭയങ്കരമായി പ്രിപ്പയര്‍ ചെയ്യുന്ന ആളല്ല ഞാന്‍. അത് ഹ്യൂമര്‍ ആണെങ്കിലും ഇമോഷണല്‍ സീന്‍ ആണെങ്കിലും വലിയ രീതിയില്‍ പ്രിപ്പയര്‍ ചെയ്തിട്ട് ചെയ്യാറില്ല. ക്യാരക്ടറിന്റെ ഗ്രാഫ് എന്താണെന്ന് മനസിലാക്കിയ ശേഷം അതിനെ കുറിച്ച് അല്‍പം ആലോചിക്കും. അതിനെ ഇന്റേണലൈസ് ചെയ്യും. പിന്നെ ചെയ്തു നോക്കും. എന്റെ ഉള്ളില്‍ എന്താണോ ഫീല്‍ ചെയ്യുന്നത്, അതാണ് ചെയ്യുക. ഇമോഷണല്‍ സീന്‍ വരുമ്പോള്‍ തകര്‍ത്തേക്കാം എന്നൊന്നും ചിന്തിക്കാറില്ല,’ നിവിന്‍ പറഞ്ഞു.
ജസ്റ്റിന്‍ എന്ന കഥാപാത്രത്തിന്റെ വൈകാരികമായ നിമിഷം ചെയ്യുമ്പോഴും ഇതേ രീതിയാണ് പിന്തുടര്‍ന്നതെന്നും നിവിന്‍ വ്യക്തമാക്കി. ജസ്റ്റിന്റെ കഴിഞ്ഞകാലവും കുടുംബപശ്ചാത്തലവും അയാളുടെ സ്വഭാവവുമൊക്കെ മനസിലാക്കിയാണ് ബെത്‌ലഹേമിലെ ആ ഇമോഷണല്‍ സീനിനെ സമീപിച്ചതെന്നും താരം പറഞ്ഞു.
‘ജസ്റ്റിന്റെ പാസ്റ്റ് എങ്ങനെയാണ്, ഇത്രയും നാളത്തെ ജീവിതം എങ്ങനെയാണ് പോയത്, വീടും ചുറ്റുപാടും എങ്ങനെയാണ് എന്നൊക്കെ ആലോചിക്കും. ഇയാള്‍ ഭയങ്കര ലൗഡ് ആയി കരയുന്ന ആളാവാന്‍ സാധ്യതയില്ലെന്ന് എനിക്ക് തോന്നി. ഇയാള്‍ ഒരു ചേട്ടനായി നില്‍ക്കുന്നയാളാണ്. പെട്ടെന്ന് പിടികൊടുക്കില്ല. ഭയങ്കര വള്‍നറബിള്‍ അല്ലെങ്കിലും അങ്ങനെയാണ്,’ നിവിന്‍ പറഞ്ഞു.
സ്വന്തം അനിയനൊപ്പം കാറിനുള്ളില്‍ ഇരിക്കുന്ന രംഗമായതിനാല്‍ ജസ്റ്റിന് അവിടെ അല്‍പം വള്‍നറബിള്‍ ആകുന്നതില്‍ തെറ്റില്ലെന്നാണ് തോന്നിയതെന്നും നിവിന്‍ പറഞ്ഞു. അനിയന്‍ ജസ്റ്റിന്റെ പാസ്റ്റ് കണ്ടിട്ടുള്ള ആളാണ്. ആ കാലത്ത് ചേട്ടന്‍ എങ്ങനെയായിരുന്നു, എന്തൊക്കെ അനുഭവങ്ങളിലൂടെയാണ് കടന്നുപോയത് എന്നൊക്കെ അനിയന് അറിയാമായിരിക്കുമെന്നും നിവിന്‍ പറയുന്നു.
‘ഇതൊക്കെയാണ് ഞാന്‍ ആലോചിക്കുക. എന്നിട്ട് ആ മൊമെന്റില്‍ എന്താണോ ചെയ്യാന്‍ തോന്നുന്നത്, അത് ചെയ്യും. പാളിയാല്‍ പാളി. പക്ഷേ അത് ഓക്കെയാണെങ്കില്‍ അവര്‍ ഓക്കെ പറയും. ക്യാരക്ടര്‍ എന്താണെന്ന് മാത്രമാണ് ഞാന്‍ ചിന്തിക്കുക. അതിനൊപ്പം കണക്ഷനും ആലോചിക്കും,’ നിവിന്‍ പറഞ്ഞു.
വലിയ ആള്‍ക്കൂട്ടത്തിന് മുന്നില്‍ വെച്ച് പൊട്ടിപ്പോകുന്ന തരത്തിലുള്ള രംഗമല്ല അതെന്നും, എന്നാലും ജസ്റ്റിന്‍ പൂര്‍ണമായും പിടികൊടുക്കുന്നില്ലെന്നും നിവിന്‍ കൂട്ടിച്ചേര്‍ത്തു. രംഗം ശരിയായില്ലെങ്കില്‍ സംവിധായകന്‍ അത് പറയുമെന്നും താരം വ്യക്തമാക്കി.
കാറിനുള്ളിലെ ആ ഇമോഷണല്‍ രംഗം ഒറ്റ ടേക്കില്‍ മാത്രമാണ് ചിത്രീകരിച്ചതെന്നും, അത് മതിയെന്ന് സംവിധായകന്‍ പറഞ്ഞെന്നും നിവിന്‍ പറഞ്ഞു.
Content Highlight: I didn’t do any preparation for emotional scenes says actor Nivin Pauly