അഭിനയ ജീവിതം നാലുപതിറ്റാണ്ട് പിന്നിട്ട നടിയാണ് ശാന്തി കൃഷ്ണ. 80കളില്‍ തന്റെ കരിയര്‍ തുടങ്ങിയ ശാന്തി ഇന്നും സിനിമയില്‍ സജീവമാണ്. 1984ലെ തന്റെ ആദ്യ വിവാഹത്തിന് ശേഷം ശാന്തി കൃഷ്ണ സിനിമയില്‍ നിന്ന് ഒരു ഇടവേള എടുത്തിരുന്നു.
1991ല്‍ നയം വ്യക്തമാക്കുന്നു എന്ന ചിത്രത്തിലൂടെയാണ് നടി വീണ്ടും സിനിമയിലേക്ക് തിരിച്ചുവരുന്നത്. പിന്നീട് കരിയറില്‍ വീണ്ടും വലിയൊരു ഇടവേളയെടുത്ത ശാന്തി, 2017ല്‍ ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന അല്‍ത്താഫ് സലിം – നിവിന്‍ പോളി ചിത്രത്തിലൂടെ വീണ്ടും സിനിമയിലേക്ക് എത്തി.
തിരിച്ചുവരവില്‍ അമ്മ വേഷങ്ങളായിരുന്നു അധികവും ചെയ്തിരുന്നത്. എന്നാല്‍ വള എന്ന ചിത്രത്തിലെ കഥാപാത്രം അതില്‍ നിന്നും വ്യത്യസ്തമായിരുന്നു. പാത്തൂച്ച എന്ന കഥാപാത്രമായിട്ടാണ് ശാന്തി കൃഷ്ണ അതില്‍ അഭിനയിച്ചത്.
ഇപ്പോള്‍ വള സിനിമയെക്കുറിച്ചും അമ്മ വേഷത്തെക്കുറിച്ചും സംസാരിക്കുകയാണ് ശാന്തി കൃഷ്ണ.
‘വളയിലൂടെ കഥ പറയുന്ന സിനിമയാണത്. വിജയരാഘവന്‍ ചേട്ടനും എനിക്കും കിട്ടിയത് വളരെ വ്യത്യസ്തമായ കഥാപാത്രങ്ങളാണ്. ‘ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള’ എന്ന സിനിമയിലൂടെയാണ് ഞാന്‍ മലയാളത്തില്‍ മൂന്നാമത് തിരിച്ചെത്തുന്നത്.
അന്നുതൊട്ട് എന്നെ എല്ലാവരും ക്ഷണിച്ചത് നായകന്റെയോ നായികയുടെയോ അമ്മവേഷത്തിലേക്കാണ്. വളരെ സന്തോഷത്തോടെ ആ വേഷങ്ങള്‍ സ്വീകരിച്ചു. വ്യത്യസ്ത ഷെയ്ഡിലുള്ള അമ്മക്കഥാപാത്രങ്ങളായിരുന്നു എല്ലാം.
പിന്നീട് എനിക്ക് തന്നെ ബോറടിച്ചുതുടങ്ങി. സൗഹൃദത്തിന്റെ പേരിലും ചില അമ്മവേഷങ്ങള്‍ ചെയ്തു. പക്ഷേ, അതൊന്നും സന്തോഷം നല്‍കിയില്ല. ഞാന്‍ സ്‌ക്രീന്‍ സ്‌പെയ്സ് നോക്കാറില്ല. രണ്ട് സീനിലേ ഉള്ളൂവെങ്കിലും പ്രേക്ഷകര്‍ ആ കഥാപാത്രത്തെ ഓര്‍ക്കണം,’ ശാന്തി കൃഷ്ണ പറഞ്ഞു.
പ്രേക്ഷകരുടെ മുന്നില്‍ ഇനി തെളിയിക്കാന്‍ ഒന്നുമില്ലെന്നും തനിക്ക് തന്നെ സ്വയമാണ് തെളിയിക്കേണ്ടതെന്നും ശാന്തി കൃഷ്ണ പറയുന്നു. തന്റെ കഴിവിന്റെ വ്യാപ്തിയും പരിധിയും സ്വയം തിരിച്ചറിയണമെന്നും അതിന് വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്യണമെന്നും നടി പറഞ്ഞു.
Content Highlight: I did some roles in the name of friendship; it didn’t bring me any happiness says Shanthi Krishna