പാലക്കാട്: കെ.ടി. ജലീല്‍ എം.എല്‍.എക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍. പരാജയഭീതി മൂലമാണ് കെ.ടി. ജലീല്‍ തന്റെ പേര് ഒരു പൊതുചര്‍ച്ചയിലേക്ക് വലിച്ചിട്ടതെന്ന് സന്ദീപ് വാര്യര്‍ പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയായിരുന്നു സന്ദീപിന്റെ പ്രതികരണം.
കെ.ടി. ജലീല്‍ നിലവില്‍ നിലയില്ലാ കയത്തിലാണെന്നും ചവിട്ടി നില്‍ക്കാന്‍ മണ്ണില്ലാത്ത അവസ്ഥയിലൂടെയാണ് അദ്ദേഹം കടന്നുപോകുന്നതെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം സന്ദീപ് വാര്യരെ വിമര്‍ശിച്ച് കെ.ടി. ജലീല്‍ ഫേസ്ബുക്കില്‍ പ്രതികരിച്ചിരുന്നു. മുസ്‌ലിങ്ങളെ കഴുത്തില്‍ ടയറിട്ട് കത്തിച്ച് പാകിസ്ഥാനിലേക്ക് ഓടിക്കണമെന്ന് മുഖപുസ്തകത്തില്‍ എഴുതിയ സന്ദീപ് വാര്യരെ ലീഗ് പൊക്കിക്കൊണ്ട് നടക്കുകയാണ് എന്നായിരുന്നു വിമര്‍ശനം. ചാനല്‍ ചര്‍ച്ചയിലും കെ.ടി. ജലീല്‍ സമാനമായ ആരോപണം ഉന്നയിച്ചിരുന്നു.
എന്നാല്‍ തന്റെ നിലനില്‍പ്പിന് വേണ്ടി കെ.ടി. ജലീല്‍ വര്‍ഗീയ രാഷ്ട്രീയം കളിക്കാന്‍ ശ്രമിക്കുകയാണെന്നാണ് സന്ദീപ് വാര്യർ ഇതിന് നൽകിയ മറുപടി.
പാലക്കാട്ടെ പൊതുജനങ്ങള്‍ തള്ളിക്കളഞ്ഞ അതേ ആരോപണങ്ങളാണ് ജലീല്‍ ഇപ്പോള്‍ വീണ്ടും ഉന്നയിക്കുന്നത്. പക്ഷെ ഈ ആരോപണങ്ങള്‍ക്കൊന്നും വസ്തുതയുമായി പുലബന്ധം പോലുമില്ല. തന്റെ ജീവിതത്തില്‍ ഇതുവരെ പറയാത്തതും ചിന്തിക്കാത്തതുമായ കാര്യങ്ങളാണ് കെ.ടി. ജലീല്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറയുന്നത്. മുസ്‌ലിങ്ങള്‍ക്കെതിരെ താന്‍ സംസാരിച്ചുവെന്ന് തെളിയിക്കാന്‍ കെ.ടി. ജലീലിന് ബാധ്യതസ്ഥയുണ്ടെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.
ഈ വിഷയത്തില്‍ സുപ്രീം കോടതി അഭിഭാഷകന്‍ രഞ്ജിത്ത് മാരാര്‍ മുഖേന കെ.ടി. ജലീലിന് ലീഗല്‍ നോട്ടീസ് അയച്ചിട്ടുണ്ടെന്നും സന്ദീപ് വാര്യര്‍ അറിയിച്ചു. നിയമത്തിലും നിയമ സംവിധാനങ്ങളിലും വിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തന്നെ ആക്ഷേപിക്കാന്‍ വേണ്ടിയാണ് കെ.ടി. ജലീല്‍ ഇത്തരം പ്രചരണം നടത്തുന്നത്. ആക്ഷേപങ്ങളുടെ മുന കെ.ടി. ജലീലിനും ബാധകമല്ലേയെന്നും സന്ദീപ് ചോദിച്ചു. അതേസമയം സന്ദീപ് വാര്യര്‍ക്കെതിരായ പോസ്റ്റില്‍ മുസ്‌ലിം ലീഗിനെതിരെ അതിരൂക്ഷ വിമര്‍ശനമാണ് കെ.ടി. ജലീല്‍ ഉയര്‍ത്തിയത്.
’90 വയസായ വെള്ളാപ്പള്ളിയെ കാറില്‍ കയറ്റിയത് മഹാ അപരാധമായി പറഞ്ഞ് നടക്കുന്ന ലീഗ് നേതാക്കളാണ് നിരവധി മുസ്‌ലിം വിരുദ്ധ പ്രസ്താവനകള്‍ നടത്തിയ കെ. സുരേന്ദ്രന്റെ മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ വലിയ സമ്മാനപ്പൊതികളുമായി തിക്കിത്തിരക്കി പോയത്. അതില്‍ ഒരു തെറ്റും ലീഗിനോ ലീഗിന്റെ ചുറ്റും തിരിയുന്ന സമുദായ ഉപഗ്രഹങ്ങള്‍ക്കോ ഇല്ല,’ എന്നായിരുന്നു വിമര്‍ശനം.
തിരുവനന്തപുരത്ത് ബി.ജെ.പി സംസ്ഥാന നേതാവിന്റെ നിരാഹാര സത്യാഗ്രഹ പന്തല്‍ സന്ദര്‍ശിച്ച് ആശിര്‍വദിച്ച് അനുഗ്രഹിച്ച് പിന്തുണച്ചത് ലീഗിന്റെ സംസ്ഥാന അധ്യക്ഷനാണെന്നും അതില്‍ ലീഗിനോ ലീഗനുകൂല മുസ്‌ലിം സമുദായ സംഘടനകള്‍ക്കോ ലവലേശം പോലും വിഷമമുണ്ടായില്ലെന്നും പോസ്റ്റില്‍ പറഞ്ഞിരുന്നു.
Content Highlight: ‘I did not say that Muslims should be driven to Pakistan by burning tires around their necks’; Sandeep Varrier against KT Jaleel