തിരുവനന്തപുരം: പൂനെ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ(FTII) യുടെ അക്കാദമിക്ക്- ഗവേണിംഗ് കൗണ്‍സിലുകളുടെ ചെയര്‍മാനായി ബി.ജെ.പി. പ്രവര്‍ത്തകന്‍ ഗജേന്ദ്ര ചൗഹാനെ അവിഹിതമായി നിയമിച്ച തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരത്ത് നടക്കുന്ന ഇന്റര്‍നാഷണല്‍ ഡോക്യൂമെന്ററി ആന്‍ഡ് ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ ഓഫ് കേരളയുടെ പ്രതിനിധികള്‍ കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്ക് കത്തയച്ചു.
എഫ്.ടി.ഐ.ഐ നിയമനങ്ങളില്‍ രാഷ്ട്രീയ നിറം കലര്‍ത്തരുതെന്നും യോഗ്യതയുടെ അടിസ്ഥാനത്തില്‍ മാത്രം നിയമനം നടത്തണമെന്നും പ്രതിനിധികള്‍ ആവശ്യപ്പെട്ടു.
കത്തിലേക്ക് ഒപ്പു ശേഖരണം നടത്തുന്നതുമായി ബന്ധപ്പെട്ട് നടത്തിയ കൂട്ടായ്മയില്‍ പ്രശസ്ത സാഹിത്യകാരന്‍ സക്കറിയ മുഖ്യപ്രഭാഷണം നടത്തി. മാറുന്ന രാഷ്ട്രീയ കാലത്തിന്റെ ഭാവിയിലേക്കാണ് ഈ പ്രതിഷേധങ്ങള്‍ ശ്രദ്ധ ക്ഷണിക്കുന്നതെന്നും കേവലമായ അധികാരത്തര്‍ക്കങ്ങളെക്കാളുപരി ഇന്ത്യന്‍ സമൂഹത്തിന്റെ തലച്ചോറിലേക്ക് വര്‍ഗീയ വിഷം കുത്തിവയ്ക്കുന്ന നടപടിയാണ് ഇത്തരം നിയമനങ്ങളെന്നും എല്ലാ തുറകളിലും ഇത്തരം അധിനിവേശങ്ങളെ ചെറുത്തു തോല്‍പ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സി. രാജീവ്, പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ കെ. പി. കുമാരന്‍ തുടങ്ങി നൂറോളം ചലച്ചിത്ര പ്രവര്‍ത്തകരും ചലച്ചിത്ര അദ്ധ്യാപകരും ചലച്ചിത്രമേളയില്‍ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചുകൊണ്ട് പങ്കെടുക്കുന്ന എഫ്.ടി.ഐ.ഐ വിദ്യാര്‍ത്ഥികളും സാംസ്‌കാരിക പ്രവര്‍ത്തകരുമാണ് കത്തില്‍ ഒപ്പിട്ടിരിക്കുന്നത്.
ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാന്‍ ജോഷി മാത്യു, ചലച്ചിത്ര മേള മുന്‍ ആര്‍ട്ടിസ്റ്റിക്ക് ഡയറക്ടര്‍ ബീനാ പോള്‍, ഛായാഗ്രഹകന്‍ സണ്ണി ജോസഫ്, എഫ്.ടി.ഐ.ഐ അഭിനയ വിഭാഗം മുന്‍ മേധാവി പ്രൊഫ. ചന്ദ്രമോഹന്‍ നായര്‍, എഡിറ്റര്‍ ബി. അജിത്കുമാര്‍, എഴുത്തുകാരി ജെ. ദേവിക, ചലച്ചിത്ര നിരൂപകരായ എം. എഫ്. തോമസ്, സി. എസ്. വെങ്കിടേശ്വരന്‍, സംവിധായകന്‍ കെ. എം. കമല്‍ തുടങ്ങിയവര്‍ ഐക്യദാര്‍ഢ്യ കൂട്ടായ്മയില്‍ സംസാരിച്ചു.
ജൂണ്‍ 12 മുതല്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടന്നു വരുന്ന വിദ്യാര്‍ത്ഥി സമരത്തിന് ഐ.ഡി.എസ്.എഫ്.എഫ്.കെ. ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്.