| Wednesday, 30th September 2026, 2:35 pm

ചിന്താവിഷ്ടയായ ശ്യാമളയുടെ ക്ലൈമാക്‌സ് ഡബ്ബ് ചെയ്യുമ്പോള്‍ ഞാന്‍ കരഞ്ഞുപോയി: ഭാഗ്യലക്ഷ്മി

അനുപമ കെ. സീത

ശോഭന, രേവതി, ഉര്‍വശി, സുഹാസിനി, സൗന്ദര്യ, നയന്‍താര തുടങ്ങി ദക്ഷിണേന്ത്യയിലെ മിക്ക നടിമാര്‍ക്കും ശബ്ദം കൊടുത്ത ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ആണ് ഭാഗ്യലക്ഷ്മി. ഇതിനോടകം നാലായിരത്തോളം സിനിമകള്‍ക്ക് ഭാഗ്യലക്ഷ്മി ശബ്ദം കൊടുത്തിട്ടുണ്ട്.

ചിന്താവിഷ്ടയായ ശ്യാമളക്ക് ഡബ്ബ് ചെയ്ത സമയത്ത് താന്‍ കടന്നുപോയ മാനസികാവസ്ഥയെക്കുറിച്ച് പറയുകയായിരുന്നു ഭാഗ്യലക്ഷ്മി.
‘ചിന്താവിഷ്ടയായ ശ്യാമളയുടെ ക്ലൈമാക്‌സ് ഡബ്ബ് ചെയ്യുമ്പോള്‍ ഞാന്‍ കരഞ്ഞുപോയിരുന്നെന്നാണ് ഭാഗ്യലക്ഷ്മി പറഞ്ഞത്.

‘മാനസികമായി തളര്‍ന്ന അവസ്ഥയിലൂടെയായിരുന്നു ഞാനപ്പോള്‍ പോയിക്കൊണ്ടിരുന്നത്. അതിനാല്‍ ക്ലൈമാക്‌സിലെ സീന്‍ ഡബ്ബ് ചെയ്യുമ്പോള്‍ ശരിക്കും വിഷമിച്ചിട്ടാണ് ചെയ്തത്. അതുപോലെ മഴയെത്തും മുന്‍പേയുടെ ഡബ്ബിങ്ങും വളരെ ഫീല്‍ ചെയ്തിട്ടാണ് ചെയ്തത്.

പ്രണയം നഷ്ടപ്പെടുന്ന സിനിമകളെല്ലാം അങ്ങനെ ഫീല്‍ ചെയ്തിട്ടാണ് ചെയ്തത്. ക്ലാസ്സ്‌മേറ്റ്‌സിലെ റസിയ എന്ന കഥാപാത്രത്തിന്റെ രംഗത്തിനും ഡബ്ബ് ചെയ്തത് ഞാന്‍ കരഞ്ഞിട്ടാണ്. പക്ഷെ പലര്‍ക്കും അത് ഞാനാണ് ചെയ്തതെന്ന് മനസ്സിലായിട്ടില്ല,’ ഭാഗ്യലക്ഷ്മി പറഞ്ഞു.

എന്തുകൊണ്ടാണ് തമിഴില്‍ ഒരുപാട് സിനിമകള്‍ക്ക് ഡബ്ബ് ചെയ്തില്ല എന്ന ചോദ്യത്തിനും ഭാഗ്യലക്ഷ്മി മറുപടി നല്‍കി. ‘തുടക്കത്തില്‍ തമിഴ് സിനിമകളില്‍ ഡബ്ബ് ചെയ്തിരുന്നു. കേരളത്തില്‍ നിന്ന് അങ്ങോട്ട് കൊണ്ടുപോയി ഡബ്ബ് ചെയ്യിപ്പിക്കാന്‍ മാത്രം ഉദാരമനസ്‌കരല്ല അവര്‍.

അവര്‍ക്ക് അവിടെ തന്നെ ഒരുപാട് തമിഴ് ഡബ്ബിങ് ആര്‍ട്ടിസ്റ്റ്‌സ് ഉണ്ട്. മലയാള സിനിമക്ക് തന്നെപോലെയുള്ള ഡബ്ബിങ് ആര്‍ട്ടിസ്റ്റുകളെ അനിവാര്യമായതുകൊണ്ടാണ് മദ്രാസില്‍ കൊണ്ട് പോയി ഡബ്ബ് ചെയ്യിപ്പിച്ചത്,’ ഭാഗ്യലക്ഷ്മി പറഞ്ഞു.

ഡബ്ബിങ്ങിനപ്പുറം മികച്ചൊരു അഭിനേത്രിയും സാമൂഹിക പ്രവര്‍ത്തകയും കൂടിയാണ് ഭാഗ്യലക്ഷ്മി. ഒരു മുത്തശ്ശി ഗഥ ഉള്‍പ്പെടെ ഇരുപതോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ഒന്നിലധികം തവണ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ക്കും അര്‍ഹയായിട്ടുണ്ട്.

തന്റെ പത്താം വയസ്സില്‍ കുട്ടികള്‍ക്ക് ഡബ്ബ് ചെയ്തുകൊണ്ട് കരിയര്‍ ആരംഭിച്ച ഭാഗ്യലക്ഷ്മി പിന്നീട് ദക്ഷിണേന്ത്യയിലെ മുന്‍നിര നായികമാര്‍ക്ക് ഡബ്ബ് ചെയ്ത് ഇന്നും സിനിമയില്‍ സജീവമായി നില്‍ക്കുന്നു. 250 രൂപയായിരുന്നു തന്റെ ആദ്യ പ്രതിഫലം എന്നും അഭിമുഖത്തില്‍ ഭാഗ്യലക്ഷ്മി പറഞ്ഞു.

Content Highlight: I cried while dubbing the climax of Chinthavishtayaya Shyamala: Bhagyalakshmi

അനുപമ കെ. സീത

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. പോണ്ടിച്ചേരി സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more