സിനിമയില്‍ അഭിനയിക്കുമ്പോള്‍ ഡയലോഗുകള്‍ കൃത്യമായി പറയുന്നതിലും സംവിധായകന്റെയും നിര്‍മാതാവിന്റെയും കണ്ണിലുണ്ണിയായി മാറുന്നതിലുമായിരുന്നു ആദ്യകാലത്ത് തന്റെ ശ്രദ്ധയെന്ന് നടന്‍ സൈജു കുറുപ്പ്. അഭിനയത്തെ ഒരു പാഷനായല്ല, കരിയറായി മാത്രമാണ് അന്ന് കണ്ടിരുന്നതെന്നും അഭിനയത്തിലെ പോരായ്മകള്‍ തിരിച്ചറിഞ്ഞതോടെ അത് പഠിക്കാനുള്ള ശ്രമങ്ങള്‍ നടത്തിയെന്നും അദ്ദേഹം പറഞ്ഞു.
ഒരു സിനിമ ചെയ്തുകൊണ്ടിരിക്കെ താനാണ് അടുത്ത ബെസ്റ്റ് ആക്ടറെന്ന് കരുതിയെന്നും എന്നാല്‍ ചിത്രം റിലീസായപ്പോള്‍ പ്രേക്ഷകര്‍ക്ക് വേണ്ടത് അത്തരത്തിലുള്ള അഭിനയമല്ലെന്ന് മനസിലായെന്നും സൈജു കുറുപ്പ് പറഞ്ഞു. റെഡ് എഫ്.എം മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സൈജു.
‘കൃത്യമായി ഡയലോഗ് പറയണം. ഫിലിം വേസ്റ്റ് ചെയ്യരുത്. പ്രൊഡ്യൂസറുടെയും ഡയറക്ടറുടെയും കണ്ണിലുണ്ണിയാകണം. ഓഡിയന്‍സ് എന്ത് വിചാരിച്ചാലും കുഴപ്പമില്ല. ലൊക്കേഷനില്‍ നമ്മള്‍ പ്രശ്നക്കാരാകരുത്. ഡയലോഗ് തെറ്റിക്കുകയോ ടൈമിങ് മാറിപ്പോകുകയോ ചെയ്യരുത്. അതായിരുന്നു അന്നത്തെ ലക്ഷ്യം,’ സൈജു കുറുപ്പ് പറഞ്ഞു.
കഥാപാത്രത്തിന്റെ വികാരങ്ങള്‍ ഉള്‍ക്കൊണ്ട് അഭിനയിക്കുന്നതില്‍ അന്ന് തനിക്ക് വേണ്ടത്ര ധാരണയുണ്ടായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ദേഷ്യത്തോടെ പറയേണ്ട സംഭാഷണം ഗൗരവത്തിലും ചിരിച്ചുകൊണ്ട് പറയേണ്ടത് അങ്ങനെയും അവതരിപ്പിക്കുമായിരുന്നു. എന്നാല്‍, കഥാപാത്രത്തിന്റെ മാനസികാവസ്ഥ മനസിലാക്കി സ്വാഭാവികമായി അഭിനയിക്കുന്ന രീതിയായിരുന്നില്ല അത്. ആക്ഷന്‍ പറയുമ്പോള്‍ ചിരിച്ചുകൊണ്ട് തുടങ്ങും. ഡയലോഗുകള്‍ കൃത്യമായിരിക്കും. അതുകൊണ്ടുതന്നെ പല രംഗങ്ങളും ഒറ്റ ടേക്കില്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
‘സ്‌കെച്ച്’ എന്ന സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിക്കുമ്പോള്‍ താനാണ് അടുത്ത ബെസ്റ്റ് ആക്ടറെന്ന് കരുതിയിരുന്നതായും സൈജു കുറുപ്പ് പറഞ്ഞു. മിക്ക രംഗങ്ങളും ഒറ്റ ടേക്കില്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതായിരുന്നു അതിന് കാരണം. ചെറിയ വാക്കുകളിലെ മാറ്റങ്ങള്‍ ഡബ്ബിങ്ങിനിടെ തിരുത്താമെന്നും കരുതി. എന്നാല്‍ സിനിമ റിലീസായപ്പോഴാണ് തന്റെ അഭിനയത്തെക്കുറിച്ചുള്ള ധാരണ തെറ്റായിരുന്നുവെന്ന് തിരിച്ചറിഞ്ഞത്.
പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത് സംഭാഷണങ്ങള്‍ കൃത്യമായി പറയുന്നതു മാത്രമല്ലെന്നും കഥാപാത്രത്തിന് അനുയോജ്യമായ രീതിയില്‍ സ്വാഭാവികമായി അഭിനയിക്കണമെന്നുമാണ് അപ്പോള്‍ മനസിലായതെന്നും താരം പറഞ്ഞു. എന്നാല്‍ അത്തരത്തില്‍ സ്വാഭാവികമായി എങ്ങനെ അഭിനയിക്കണമെന്ന് തനിക്ക് അറിയില്ലായിരുന്നു. ‘മയൂഖം’ എന്ന സിനിമയില്‍ തന്റെ അഭിനയം മോശമായിരുന്നില്ലെന്നാണ് തോന്നിയിരുന്നതെന്നും അതിനുശേഷം വന്ന സിനിമകളുടെ കാര്യത്തിലാണ് വിമര്‍ശനങ്ങള്‍ ശക്തമായതെന്നും അദ്ദേഹം വ്യക്തമാക്കി.
തന്റെ അഭിനയത്തെ പരിഹസിച്ചുകൊണ്ടുള്ള വിമര്‍ശനങ്ങള്‍ വന്നുതുടങ്ങിയതോടെ പ്രശ്നം തിരിച്ചറിയാന്‍ കഴിഞ്ഞു. ‘സുപ്രീം സ്റ്റാര്‍’ എന്ന പേരില്‍ തന്നെ പരിഹസിച്ചുകൊണ്ടുള്ള പേജുകളും പോസ്റ്റുകളും വന്നിരുന്നു. ‘സൈജു അണ്ണനെ ഒന്നും പറയരുത്’ എന്ന തരത്തിലുള്ള പരിഹാസങ്ങളും ‘നവരസ നായകന്‍’ എന്ന വിശേഷണത്തെ പരിഹസിച്ചുള്ള പരാമര്‍ശങ്ങളുമെല്ലാം അന്ന് നേരിടേണ്ടിവന്നതായി അദ്ദേഹം പറഞ്ഞു.
അഭിനയത്തിലെ പോരായ്മകള്‍ തിരിച്ചറിഞ്ഞതോടെ അഭിനയം പഠിക്കണമെന്ന് ഭാര്യയും നിര്‍ദേശിച്ചു. തുടര്‍ന്ന് അഭിനയിക്കാന്‍ അറിയാത്തതിന്റെ ആശങ്കയോടെ പ്രാര്‍ഥിച്ചിരുന്ന കാലത്തെക്കുറിച്ചും സൈജു കുറുപ്പ് തുറന്നുപറഞ്ഞു.
‘ദൈവമേ, എനിക്കൊന്ന് അഭിനയം പഠിപ്പിച്ചു തരണേ. ഡയലോഗ് പറയാന്‍ പറ്റുന്നുണ്ട്, പക്ഷേ മുഖത്ത് ഭാവം വരുന്നില്ല. എങ്ങനെയാണ് അത് ചെയ്യേണ്ടതെന്ന് എനിക്ക് ഒരു ഐഡിയയുമില്ല,’ എന്നായിരുന്നു അന്നത്തെ തന്റെ അവസ്ഥ.
‘മുല്ല’, ‘കര്‍മയോഗി’, ‘ഡബിള്‍സ്’ തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചുകഴിഞ്ഞപ്പോള്‍ സ്വന്തം പ്രകടനത്തെക്കുറിച്ച് തനിക്ക് മതിപ്പുണ്ടായിത്തുടങ്ങിയെന്നും സൈജു കുറുപ്പ് പറഞ്ഞു. എന്നാല്‍, തനിക്ക് അഭിനയത്തില്‍ പുരോഗതി തോന്നുന്നതുകൊണ്ടു മാത്രം കാര്യമില്ലെന്നും സിനിമ പ്രേക്ഷകര്‍ക്കിടയില്‍ വിജയിക്കണമെന്നും അപ്പോഴാണ് മനസിലായത്. പിന്നീട് ‘ട്രിവാന്‍ഡ്രം ലോഡ്ജ്’ വിജയിച്ചതാണ് വഴിത്തിരിവായത്,’ സൈജു കുറുപ്പ് പറഞ്ഞു.
Content Highlight: I can deliver the dialogues, but my face lacks expression Saiju Kurup