ന്യൂദൽഹി: സംഘപരിവാർ സംഘടന എച്ച്.ആർ.ഡി.എസ് ഇന്ത്യയുടെ പ്രഥമ സവർക്കർ പുരസ്കാരത്തിന്റെ വിവരം അറിഞ്ഞിട്ടില്ലെന്നും അത്തരമൊരു അവാർഡ് സ്വീകരിക്കുന്നതായി താൻ പറഞ്ഞിട്ടില്ലെന്നും കോൺഗ്രസ് എം.പി ശശി തരൂർ. പുരസ്കാരം തനിക്ക് സമ്മാനിക്കാനിരിക്കുന്ന വിവരം മാധ്യമങ്ങളിൽ നിന്നാണ് അറിഞ്ഞതെന്നും തരൂർ പറഞ്ഞു.
തദ്ദേശ സ്വയം ഭരണസ്ഥാപത്തിലേക്കുള്ള തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ ഇന്നലെ കേരളത്തിൽ എത്തിയപ്പോഴാണ് ഈ പ്രഖ്യാപനത്തെക്കുറിച്ച് താൻ അറിയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇത്തരമൊരു അവാർഡിനെക്കുറിച്ച് തനിക്ക് അറിയില്ലെന്നും അത് സ്വീകരിച്ചിട്ടില്ലെന്നുമായിരുന്നു താൻ മധ്യപ്രവർത്തകരോട് പറഞ്ഞിരുന്നതെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു തരൂരിന്റെ പ്രതികരണം.
സമ്മതമില്ലാതെ തന്റെ പേര് പ്രഖ്യാപിച്ചത് സംഘാടകരുടെ നിരുത്തരവാദപരമായ നടപടിയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ന് ഡൽഹിയിൽ നിന്നും മാധ്യമങ്ങൾ ഈ ചോദ്യമുന്നയിക്കുന്നത് തുടർന്നതിനാലാണ് ഈ പ്രസ്താവന പുറപ്പെടുവിക്കുന്നതെന്നും തരൂർ പറഞ്ഞു.
‘അവാർഡിന്റെ സ്വഭാവം, അത് അവതരിപ്പിക്കുന്ന സംഘടന അല്ലെങ്കിൽ മറ്റ് സാന്ദർഭിക വിശദാംശങ്ങൾ എന്നിവയെക്കുറിച്ചുള്ള വ്യക്തതയില്ലാത്തതിനാൽ, ഇന്ന് ഞാൻ പരിപാടിയിൽ പങ്കെടുക്കുന്നതോ അവാർഡ് സ്വീകരിക്കുന്നതോ സംബന്ധിച്ച ചോദ്യങ്ങൾ പ്രസക്തമല്ല,’ അദ്ദേഹം കൂട്ടിച്ചേർത്തു.
തരൂർ നിലവിൽ ബംഗാളിലെ ഒരു സ്വകാര്യ ചടങ്ങിൽ പങ്കെടുക്കാൻ പാർലമെന്റിൽ നിന്നും തിരിച്ചതായാണ് വിവരം.
സംഘപരിവാർ സംഘടനയായ എച്ച്.ആർ.ഡി.എസ് ഇന്ത്യയാണ് ശശി തരൂരിനെ അവാർഡിനായി തെരഞ്ഞെടുത്തത്. പുരസ്ക്കാരം ഏറ്റുവാങ്ങാൻ ശശി തരൂർ സന്നദ്ധത അറിയിച്ചതായി സംഘാടകർ നേരത്തെ അറിയിച്ചിരുന്നു.
ഇന്ന് (ബുധൻ) ദൽഹിയിൽ നടക്കാനിരുന്ന പരിപാടിയിൽ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങായിരുന്നു മുഖ്യാതിഥി.
എന്നാൽ ഇങ്ങനെയൊരു പരിപാടിയെ കുറിച്ച് അറിയില്ലെന്നും ഇന്ന് ലിസ്റ്റ് ചെയ്ത പരിപാടികളിൽ എച്ച്.ആർ.ഡി.എസിന്റെ അവാർഡുദാന ചടങ്ങില്ലെന്നും രാജ്‌നാഥ് സിങ്ങിന്റെ ഓഫീസ് അറിയിച്ചിരുന്നു.
നേരത്തെ സവർക്കർ പുരസ്‌കാരം സ്വീകരിക്കാനുള്ള തരൂരിന്റെ നീക്കത്തെ വിമർശിച്ച് കോൺഗ്രസ് നേതാക്കളായ കെ. മുരളീധരൻ, രാജ്മോഹൻ ഉണ്ണിത്താൻ എന്നിവർ രംഗത്തെത്തിയിരുന്നു.
Content Highlight: I came to know about the Savarkar award from the media: Shashi Tharoor