| Wednesday, 25th November 2026, 12:02 pm

'ഞാൻ ഈ നാട്ടുകാരനല്ല, മാവിലായിക്കാരനാ'; കോൺഗ്രസിലെ ഗ്രൂപ്പ് പോരുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ നിന്നും ഒഴിഞ്ഞുമാറി വി.ഡി സതീശൻ

ശ്രീലക്ഷ്മി പി.പി

തിരുവനന്തപുരം: കോൺഗ്രസിലെ സംഘടനാ സംബന്ധമായ വിഷയങ്ങളിലും ഗ്രൂപ്പ് തർക്കങ്ങളിലും പ്രതികരിക്കാൻ വിസമ്മതിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. ഇത്തരം ചോദ്യങ്ങൾ കെ.പി.സി.സി പ്രസിഡന്റിനോട് ചോദിക്കണമെന്ന് വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.

മാധ്യമപ്രവർത്തകരുടെ ആവർത്തിച്ചുള്ള ചോദ്യങ്ങളിൽ നിന്ന് ‘ഞാൻ ഈ നാട്ടുകാരനല്ല, മാവിലായിക്കാരനാ’ എന്ന തമാശരൂപേണയുള്ള മറുപടി നൽകിയാണ് മുഖ്യമന്ത്രി ഒഴിഞ്ഞുമാറിയത്.

ബോർഡ് കോർപ്പറേഷൻ നിയമനങ്ങളുമായി ബന്ധപ്പെട്ട ചർച്ചകൾ അന്തിമഘട്ടത്തിലാണെന്നും ഉടൻ പൂർത്തിയാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇക്കാര്യത്തിൽ ഘടകകക്ഷികൾ പരാതി ഉയർത്തുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന്, സംഘടനാപരമായ ഒരു കാര്യത്തിലും താൻ ഇവിടെ മറുപടി പറയില്ലെന്നും കെ.പി.സി.സി പ്രസിഡന്റിനോട് ചോദിച്ചാൽ മതിയെന്നും അദ്ദേഹം ആവർത്തിച്ചു.

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ കുടുംബത്തിന് നേരെയുള്ള സൈബർ ആക്രമണങ്ങളെക്കുറിച്ച് ചോദിച്ചപ്പോൾ, സമൂഹമാധ്യമങ്ങളിലൂടെ ആർക്കെതിരെയും ആക്രമണം പാടില്ലെന്ന് അദ്ദേഹം പറഞ്ഞു.

തനിക്കെതിരെയും വ്യാപകമായ വ്യാജ പ്രചാരണങ്ങൾ നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ക്ഷേമ പെൻഷൻ നിർത്തലാക്കുമെന്ന് താൻ പറഞ്ഞതായും, തന്നെ മാവേലി തമ്പുരാനോട് ഉപമിച്ചതായും, ചാണ്ടി ഉമ്മൻ തനിക്കെതിരെ പ്രതികരിച്ചതായും പ്രമുഖ മാധ്യമങ്ങളുടെ പേരിൽ വ്യാജ ന്യൂസ് കാർഡുകൾ പ്രചരിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഒരു പ്രത്യേക കേന്ദ്രത്തിൽ നിന്നും ഒരു പ്രധാനപ്പെട്ട വ്യക്തിയുടെ നേതൃത്വത്തിലുമാണ് ഇത്തരം വ്യാജ പ്രചാരണങ്ങൾ ആസൂത്രിതമായി നടക്കുന്നതെന്ന് മുഖ്യമന്ത്രി ആരോപിച്ചു. എന്നാൽ, ആ വ്യക്തിയുടെ പേര് വെളിപ്പെടുത്താൻ അദ്ദേഹം തയ്യാറായില്ല.

Content Highlight:“I am not from this locality; I am from Mavilayi”—V.D. Satheesan dodged questions regarding factional infighting within the Congress.

ശ്രീലക്ഷ്മി പി.പി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കണ്ണൂര്‍ സര്‍വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more