| Friday, 28th August 2026, 7:47 am

ഞാന്‍ ബി.ജെ.പിയുടെ കളിപ്പാവയല്ല; ഇന്ന് പാര്‍ട്ടി എന്റെ കൂടെ ഉണ്ട്, നാളെ ഉണ്ടാവണമെന്നില്ല: കങ്കണ റണാവത്ത്

നിഷാന. വി.വി

ന്യൂദല്‍ഹി: താന്‍ ബി.ജെ.പിയുടെ കളിപ്പാവയല്ല സ്വന്തമായി നിലപാടുകളുള്ള വ്യക്തിയാണെന്ന് നടിയും ബി.ജെ.പി എം.പിയുമായ കങ്കണ റണാവത്ത്. പാര്‍ട്ടിയുടെ നയങ്ങളില്‍ ബോധപൂര്‍വം വ്യതിചലിക്കാന്‍ ഉദ്ദേശമൊന്നുമില്ലെങ്കിലും ചില അവസരങ്ങളില്‍ കാര്യങ്ങള്‍ വ്യക്തമായി അവതരിപ്പിക്കാന്‍ ശക്തമായ നിലപാടുകള്‍ ആവശ്യമായി വരാറുണ്ടെന്നും കങ്കണ പറഞ്ഞു. ദൂരദര്‍ശന് നല്‍കിയ അഭിമുഖത്തിലായിരുന്നു അവരുടെ പരാമര്‍ശം.

‘ ബി.ജെ.പി ഇന്നെന്റെ ഒപ്പമുണ്ടാകാം, എന്നാല്‍ ഭാവിയില്‍ ചിലപ്പോള്‍ ഉണ്ടാവണമെന്നില്ല. അതില്‍ യാതൊരു ഉറപ്പുമില്ല. എനിക്ക് രാഷ്ട്രീയത്തില്‍ രണ്ട് വര്‍ഷത്തെ പരിചയം മാത്രമാണുള്ളത്. എന്നാല്‍ അഭിനയത്തില്‍ 20 വര്‍ഷത്തെ മേല്‍വിലാസമുണ്ട്. ഞാന്‍ എന്തെങ്കിലും പറയുമ്പോള്‍ ആളുകള്‍ക്ക് അത് ശ്രദ്ധിക്കുന്നത് ഈ മേല്‍വിലാസം കൊണ്ട് തന്നെയാണ്,’ കങ്കണ പറഞ്ഞു.

പാര്‍ട്ടി തനിക്ക് സീറ്റ് നല്‍കാതിരിക്കുമെന്ന ഭയമില്ലെന്നും ഇപ്പോള്‍ തന്നെ ഒരുപാട് പൊതുവിഷയങ്ങളില്‍ താന്‍ ഇടപെട്ടിട്ടുന്നും ബി.ജെ.പി നേതാവ് പറഞ്ഞു.

‘എന്റെ വ്യക്തിത്വം നഷ്ടപ്പെടുമെന്ന ഭയം എനിക്കില്ല. ഞാനൊരു നിര്‍മാതാവും എഴുത്തുകാരിയുമാണ്. ഞാന്‍ എന്റെ തൊഴിലിനെ അങ്ങേയറ്റം സ്‌നേഹിക്കുന്നു,’ കങ്കണ പറഞ്ഞു. ഒരുപാട് പേര്‍ ആഗ്രഹിക്കുന്ന നടിയാണ് താനെന്നും തന്റെ ഡേറ്റിനായി ആളുകള്‍ കാത്തിരിക്കുന്നുണ്ടെന്നും അവര്‍ അവകാശപ്പെട്ടു.

പലപ്പോഴും വിവാദ പ്രസ്താവനകള്‍ നടത്തുന്ന വ്യക്തിയാണ് കങ്കണ. സി.ജെ.പി പ്രക്ഷോഭകരെ ജനറേഷന്‍ ഗട്ടര്‍ എന്ന് വിളിച്ചത് വലിയ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. പ്രക്ഷോഭകരുടെ വീഡിയോകള്‍ കാണുമ്പോള്‍ ഛര്‍ദ്ദിക്കാന്‍ വരുന്നുവെന്നായിരുന്നു കങ്കണയുടെ അധിക്ഷേപ പരാമര്‍ശം.

Content Highlight: I am not a puppet of the BJP; the party is with me today, but it might not be tomorrow: Kangana Ranaut.

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more