ന്യൂദൽഹി: പ്രധാനമന്ത്രിയാകാൻ ആരാണ് ഏറ്റവും യോഗ്യൻ എന്ന ചോദ്യത്തിന് ഇപ്പോഴത്തെ സ്ഥിതി കണക്കിലെടുക്കുമ്പോൾ താൻ തന്നെയാണെന്ന് മുൻ കേന്ദ്ര ധനമന്ത്രി യശ്വന്ത് സിൻഹ. എൻ.ഡി. ടിവിയുമായി നടത്തിയ ടെലിവിഷൻ ചർച്ചയിലാണ് സിൻഹ തമാശരൂപേണ ഇക്കാര്യം പറയുന്നത്. ചർച്ചയിൽ സിൻഹയ്‌ക്കൊപ്പം ഉണ്ടായിരുന്ന സി.പി.ഐ.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, പ്രധാനമന്ത്രി പദത്തിന് വേണ്ടി താനും സിൻഹയ്ക്ക് തൊട്ടു പിറകെ ഉണ്ടെന്നു പറഞ്ഞുകൊണ്ട് തമാശയിൽ പങ്കുചേർന്നു.
പ്രധാനമന്ത്രി പദം അലങ്കരിക്കാൻ കഴിവുള്ള ആരും ഇപ്പോൾ ഇല്ല എന്നാണു യശ്വന്ത് സിൻഹ ആദ്യം മറുപടി നൽകിയത്. പിന്നീട് ഇപ്പോൾ ഉള്ളവരിൽ യോഗ്യൻ താൻ തന്നെയാണെന്നു സിൻഹ കൂട്ടിച്ചേർക്കുകയായിരുന്നു. ചിരിയോടെയാണ് സദസ് യശ്വന്ത് സിൻഹയുടെ മറുപടി സ്വീകരിച്ചത്. ഒപ്പമുണ്ടായിരുന്ന യെച്ചൂരിയും അവതാരകനും ഈ ചിരിയിൽ പങ്കുചേരുകയായിരുന്നു. കഴിഞ്ഞ വർഷം ഏപ്രിലിൽ യശ്വന്ത് സിൻഹ ബി.ജെ.പിയിൽ നിന്നും രാജിവെച്ചിരുന്നു.
പ്രധാനമന്ത്രി സ്ഥാനത്തേക്ക് നിതിൻ ഗഡ്ഗരി എത്തുമെന്ന് കരുതുന്നുണ്ടോ എന്ന ചോദ്യത്തിന് “അതിനു യാതൊരു സാധ്യതയും ഞാൻ കാണുന്നില്ല” എന്നാണു യശ്വന്ത് സിൻഹ പ്രതികരിച്ചത്. മോദിക്കും അമിത് ഷായ്ക്കും അസാമാന്യ സ്വാധീനമാണ് പാർട്ടിയിൽ ഉള്ളതെന്നും നിതിൻ ഗഡ്കരിയെ അവർ ആ സ്ഥാനത്തേക്ക് എത്താൻ അനുവദിക്കില്ലെന്നും സിൻഹ പറഞ്ഞു. ഈ വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് 200ൽ താഴെ സീറ്റുകളാവും കിട്ടുകയെന്നും എന്നാൽ പോലും അവർ അധികാരം വെടിയാൻ തയാറാകില്ലെന്നും സിൻഹ കൂട്ടിച്ചർത്തു.