| Monday, 13th October 2025, 8:06 am

ട്രംപിന് നൊബേല്‍ ലഭിക്കാത്തതിന് പിന്നില്‍ ഞാന്‍; വീണ്ടും അവകാശവാദവുമായി കെ.എ. പോള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം ലഭിക്കാത്തതിന് പിന്നില്‍ താനാണെന്ന അവകാശവാദവുമായി സുവിശേഷകന്‍ കെ.എ.പോള്‍.

നൊബേല്‍ കമ്മിറ്റിക്ക് താന്‍ കത്തയച്ചിരുന്നെന്നും ഇത് പ്രകാരമാണ് ട്രംപിനെ അന്തിമ ലിസ്റ്റില്‍ നിന്നും സമിതി തള്ളിയതെന്നും കെ.എ. പോള്‍ അവകാശപ്പെട്ടു.

ട്രംപ് അനുകൂലികള്‍ പ്രാര്‍ത്ഥിച്ചിട്ടും ട്രംപിന് നൊബേൽ ലഭിക്കാതെ പോയത് തന്റെ പ്രാര്‍ത്ഥന കാരണമാണെന്നും പോള്‍ പറഞ്ഞു.

‘ട്രംപ് സ്വയം പൊങ്ങിയാണ്, നോമിനേഷനായി ലോക നേതാക്കളെ സമ്മര്‍ദത്തിലാക്കി, റഷ്യ- ഉക്രൈന്‍ യുദ്ധത്തില്‍ വ്യാജ വാഗ്ദാനങ്ങള്‍ നല്‍കി. നേതാക്കളെ വധിക്കാന്‍ പദ്ധതിയിട്ടു. ഗസയിലെ ജനങ്ങളെ പട്ടിണിക്കിട്ടു, സമാധാനത്തിന് എന്നുപറഞ്ഞ് ജനങ്ങളെ വഞ്ചിച്ചു’ എന്നീ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് ട്രംപിന് നൊബേല്‍ കൊടുക്കരുതെന്ന് താൻ പറഞ്ഞതെന്നും  പോള്‍ അവകാശപ്പെട്ടു.

മുമ്പും ഇത്തരം പരാമര്‍ശങ്ങളിലൂടെ പോള്‍ വിവാദത്തിലായിട്ടുണ്ട്. യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയെ ഓഗസ്റ്റ് 25നകം തൂക്കിലേറ്റുമെന്നും നിമിഷപ്രിയയുടെ മോചനത്തിന് താന്‍ തടസം നിന്നുവെന്ന തരത്തില്‍ മാതൃഭൂമിയില്‍ വാര്‍ത്ത വന്നിരുന്നെന്നും ആ പത്രം പൂട്ടിക്കുമെന്നും പോള്‍ പറഞ്ഞിട്ടുണ്ട്.

തനിക്ക് 2000ത്തിന്റെ തുടക്കത്തില്‍ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനത്തിന് ശുപാര്‍ശ ചെയ്യപ്പെട്ടുവെന്നും എന്നാല്‍ താന്‍ നിരസിച്ചുവെന്നും പോള്‍ അവകാശപ്പെട്ടു.

ഇന്ത്യയുടെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരതരത്‌നക്ക് തന്നെ ശുപാര്‍ശ ചെയ്തിരുന്നുവെന്നും അതും താന്‍ നിരസിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പാക്-ഇന്ത്യാ സംഘര്‍ഷം ഉള്‍പ്പെടെ ഏഴോളം യുദ്ധങ്ങള്‍ അവസാനിപ്പിച്ചുവെന്ന് അവകാശപ്പെട്ടാണ് ട്രംപ് നൊബേല്‍ പുരസ്‌കാരത്തിനായി ആവശ്യം ഉന്നയിച്ചിരുന്നത്.

തനിക്ക് നൊബേല്‍ പുരസ്‌കാരത്തോട് താത്പര്യമില്ലെന്നും എന്നാല്‍ തനിക്ക് ഈ അംഗീകാരം നിഷേധിക്കപ്പെട്ടാല്‍ അത് യു.എസിന് വലിയ നഷ്ടമാണെന്നും ട്രംപ് പറഞ്ഞിരുന്നു.

അതേസമയം, സമാധാനത്തിനുള്ള നോബേല്‍ പുരസ്‌കാരം വെനസ്വേലന്‍ പ്രതിപക്ഷ നേതാവും രാഷ്ട്രീയ പ്രവര്‍ത്തകയുമായ മരിയ കൊറീന മച്ചാഡോയ്ക്കാണ് ലഭിച്ചത്. ട്രംപ്, നെതന്യാഹു അനുകൂലിയാണ് മരിയ കൊറീന മച്ചാഡോ.

സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം പ്രഖ്യാപിച്ചതിന് പിന്നാലെ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ സോഷ്യല്‍ മീഡിയയിലും പരിഹാസം ഉയര്‍ന്നിരുന്നു.

Content Highlight: I am behind Trump not getting Nobel; K.A. Paul claims again

We use cookies to give you the best possible experience. Learn more