| Monday, 11th May 2015, 9:05 am

ഡബ്ല്യൂ.ഡബ്ല്യൂ.എഫ് മാതൃകയില്‍ അടിപിടി; ഹൈദരാബാദില്‍ 17 കാരന്‍ കൊല്ലപ്പെട്ടു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹൈദരാബാദ്: ഹൈദരാബാദിലെ പഞ്ചേഷയില്‍ ഡബ്ല്യൂ.ഡബ്ല്യൂ.എഫ് അനുകരിച്ച് തെരുവില്‍ അടി പിടി കൂടിയ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടു. മുഹമ്മദ് നബീല്‍(17) എന്ന വിദ്യാര്‍ത്ഥിയാണ് കൊല്ലപ്പെട്ടത്. സംഭവുമായി ബന്ധപ്പെട്ട്  7 വിദ്യാര്‍ത്ഥികളെ പോലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ മെയ് 3 നായിരുന്നു നബീല്‍ അടിയേറ്റ് മരിച്ചിരുന്നത്. എന്നാല്‍ ദിവസങ്ങള്‍ക്ക് ശേഷം ഞായറാഴ്ചയാണ് പുറത്തറിഞ്ഞത്. സംഘട്ടത്തിന് ദൃക്‌സാക്ഷിയായ ഒരു വിദ്യാര്‍ത്ഥി പകര്‍ത്തിയ മൊബൈല്‍ ദൃശ്യങ്ങള്‍ പുറത്തായതിനെ തുടര്‍ന്നാണ് സംഭവം പുറത്തറിഞ്ഞത്.

ഗുസ്തി കൂടുന്നതിനിടെ എതിരാളിയുടെ അടിയേറ്റ നബീലിനെ മറ്റുള്ളവര്‍ ചേര്‍ന്ന് ബൈക്കിലിരുത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും വഴിയില്‍ വെച്ച് തന്നെ മരണപ്പെടുകയായിരുന്നു.

എന്നാല്‍ അപസ്മാരത്തെ തുടര്‍ന്ന് ബൈക്കില്‍ നിന്നും വീണ് പരിക്കേറ്റതിനാലാണ് വിദ്യാര്‍ത്ഥി മരിച്ചതെന്നായിരുന്നു സംഘട്ടനം നടന്നവര്‍ ബന്ധപ്പെട്ടവരെ അറിയിച്ചിരുന്നത്.

സംഭവത്തില്‍ ദുരൂഹത ആരോപിച്ച് നബീലിന്റെ പിതാവ് പരാതി നല്‍കിയതോടെ സംഘട്ടനം പ്രോത്സാഹിപ്പിച്ച വിദ്യാര്‍ത്ഥികള്‍ കുറ്റം ഏല്‍ക്കുകയായിരുന്നു.

നബീലിന്റെ മൃതദേഹം പുറത്തെടുത്ത് വീണ്ടും പോസ്റ്റ്‌മോര്‍ട്ടം നടത്തുമെന്നും കേസില്‍ തുടരന്വേഷണം നടത്തുമെന്നും പോലീസ് അറിയിച്ചു. കുറ്റക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് പ്രായപൂര്‍ത്തി ആകാത്തതിനാല്‍  ഇവരുടെ മറ്റു വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.

Latest Stories

We use cookies to give you the best possible experience. Learn more