ഹൈദരാബാദ്: ഹൈദരാബാദില്‍ 40 വയസുകാരനായ കാബ് ഡ്രൈവര്‍ ആത്മഹത്യ ചെയ്തത് എസ്.ഐ.ആര്‍ നടപടിയുമായി ബന്ധപ്പെട്ട സമ്മര്‍ദത്തെത്തുടര്‍ന്നെന്ന് കുടുംബം. ഹൈദരാബാദിലെ ബോറാബന്ദയില്‍ നിന്നുള്ള ഷെയ്ഖ് മുജ്ബില്‍ റഹ്‌മാനാണ് മരിച്ചത്. തെലങ്കാനയിലെ വോട്ടര്‍ പട്ടിക തീവ്ര പരിഷ്‌കരണ നടപടിയില്‍ (എസ്.ഐ.ആര്‍) തന്റെ പേര് ഒഴിവാക്കുമോ എന്ന ഭയം മുജ്ബില്‍ റഹ്‌മാനുണ്ടായിരുന്നതായി കുടുംബാംഗങ്ങള്‍ പറഞ്ഞു.
തന്റെ രേഖകളിലുള്ള തെറ്റുകള്‍ കാരണം വോട്ടര്‍ പട്ടികയില്‍ നിന്ന് പുറത്താകുമോ എന്നായിരുന്നു റഹ്‌മാന്റെ ഭയമെന്നും ബന്ധുക്കള്‍ പറയുന്നു. ഈ തെറ്റ് തിരുത്താനായി ധാരാളം പണം ചെലവാക്കിയിട്ടും അവയൊന്നും നേരെയാക്കാന്‍ പറ്റിയില്ല. തന്നെ നാട്ടില്‍ നിന്ന് ആട്ടിപ്പായിപ്പിക്കുമോ എന്നും അപ്പോള്‍ മക്കളുടെ അവസ്ഥ എന്താവുമെന്നും റഹ്‌മാന്‍ ആശങ്കപ്പെട്ടതായും കുടുംബാംഗങ്ങള്‍ പറയുന്നു.
മൂന്നാം ഘട്ട എസ്.ഐ.ആറിന്റെ ഭാഗമായി തെലങ്കാനയില്‍ ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ വീട് കയറി കണക്കെടുക്കാന്‍ ആരംഭിച്ചിരുന്നു. രേഖകളിലെ പൊരുത്തക്കേട് കാരണം തന്റേ പേര് അപ്പോള്‍ വെട്ടിപ്പോകുമോ എന്ന് റഹ്‌മാന്‍ ആശങ്കപ്പെട്ടതായും കുടുംബാംഗങ്ങള്‍ പറഞ്ഞു.
കഴിഞ്ഞ ഒരു മാസമായി റഹ്‌മാന്‍ എസ്.ഐ.ആറിനെക്കുറിച്ചോര്‍ത്ത് സമ്മര്‍ദത്തിലായിരുന്നെന്നും കുടുംബാംഗങ്ങള്‍ പറയുന്നു. അവസാന കാലത്ത് ഭക്ഷണം പോലും കഴിക്കാതായിരുന്നു. ഞായറാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു റഹ്‌മാനെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയതെന്നും കുടുംബാംഗങ്ങള്‍ പറഞ്ഞു.
തങ്ങള്‍ക്ക് മൂന്ന് മക്കളാണുള്ളതെന്നും അതില്‍ രണ്ട് പേര്‍ക്ക് മാനസിക വെല്ലുവിളി നേരിടുന്നുണ്ടടെന്നും റഹ്‌മാന്റെ ഭാര്യ മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞു. വോട്ടര്‍പട്ടികയില്‍ നിന്ന് നീക്കം ചെയ്യപ്പെട്ടാല്‍ മക്കളുടെ ഭാവി എന്താവുമെന്ന് റഹ്‌മാന് ആശങ്കളുണ്ടായിരുന്നു. തങ്ങളെ ബംഗ്ലാദേശിലേക്ക് പറഞ്ഞയക്കുമോ എന്ന് അദ്ദേഹത്തിന് ആശങ്കയുണ്ടായിരുന്നു. അങ്ങനെ സംഭവിച്ചാല്‍ മക്കള്‍ക്ക് എന്തു പറ്റുമെന്നോര്‍ത്തും അദ്ദേഹം സമ്മര്‍ദത്തിലായിരുന്നുവെന്നും റഹ്‌മാന്റെ ഭാര്യ പറഞ്ഞു.
പലരും പറയുന്നത് കേട്ട് രേഖകളിലെ പിഴവുകള്‍ തിരുത്താന്‍ വേണ്ടി റഹ്‌മാന്‍ ഒന്നര ലക്ഷം രൂപയോളം ചെലവഴിച്ചതായി അദ്ദേഹത്തിന്റെ സഹോദരിയുടെ മകന്‍ പറഞ്ഞു. രണ്ട് രേഖകളില്‍ രണ്ട് തരത്തിലായിരുന്നു റഹ്‌മാന്റെ പേര് രേഖപ്പെടുത്തിയിരുന്നത്. റഹ്‌മാന്റെ മാതാവിന്റെ ഒരു രേഖയും അദ്ദേഹത്തിന് കണ്ടെത്താനായിരുന്നില്ല. പാസ്‌പോര്‍ട്ടിലെ അക്ഷരത്തെറ്റ് തിരുത്താന്‍ വേണ്ടി മാത്രം റഹ്‌മാന്‍ 10,000 രൂപ ചെലവാക്കിയെന്നും സഹോദരിയുടെ മകന്‍ പറഞ്ഞു.
Content highlight: Hyderabad: Man dies by suicide; family cites stress over electoral roll revision