| Tuesday, 22nd September 2026, 8:50 am

ഹൈദരാബാദ് ഗണേശോത്സവം; ഘോഷയാത്ര കടന്ന് പോവുന്ന പാതകളിലെ പള്ളികള്‍ തുണികൊണ്ട് മൂടി

നിഷാന. വി.വി

ഹൈദരാബാദ്: 2026ലെ ഗണേശ ഘോഷയ്ക്ക് മുന്നോടിയായി ജാഥ കടന്ന് പോവുന്ന പ്രധാന പാതയിലെ പള്ളികള്‍ തുണി ഷീറ്റുകള്‍ കൊണ്ട് മൂടി. ഘോഷയാത്രക്കിടെ അനിഷ്ട സംഭവങ്ങള്‍ തടയാനും സമാധാനം നിലനിര്‍ത്തുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഇത്തരത്തിലൊരു നടപടിയെന്ന് പൊലീസ് പറയുന്നു.

അഫ്‌സല്‍ ഗഞ്ച്, ചാര്‍മിനാര്‍, ഹൈദരാബാദിലെ മറ്റ് ഭാഗങ്ങളിലെ പള്ളികള്‍ എന്നിവ തുണികൊണ്ട് മൂടിയിട്ടുണ്ട്. ഗണേശ നിമജ്ജനത്തിന് മുന്നോടിയായി നഗരത്തിലുടനീളം സമാധാനപരമായ അന്തരീക്ഷം ഉറപ്പാക്കാന്‍ ഹൈദരാബാദ് പൊലീസ് വിപുലമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

ഘോഷയാത്രയില്‍ ഹൈദരാബാദിലെ വിവിധ സ്ഥലങ്ങളിലായി 20000ത്തോളം പൊലീസുകാരെ വിന്യസിക്കും. ഹൈദരാബാദ് സിറ്റി പൊലീസ് കമ്മീഷണര്‍ വി.സി. സജ്ജനാര്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഘോഷയാത്ര കടന്ന് പോവുന്ന പാതകള്‍ നേരിട്ട് പരിശോധിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി.

ഗ്രേറ്റര്‍ ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍, ഹൈദരാബാദ് ഡിസാസ്റ്റര്‍ റെസ്‌പോണ്‍സ് ആന്‍ഡ് അസറ്റ് പ്രൊട്ടക്ഷന്‍ ഏജന്‍സി, റോഡ്സ് ആന്‍ഡ് ബില്‍ഡിങ്സ് വകുപ്പ് തുടങ്ങിയ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.

ഘോഷയാത്ര പൂര്‍ണമായി നിരീക്ഷിക്കുന്നതിനായി തെലങ്കാന ഇന്റഗ്രേറ്റഡ് കമാന്‍ഡ് കണ്‍ട്രോള്‍ സെന്ററില്‍നിന്ന് സിസിടിവി ക്യാമറകള്‍ വഴി നിരീക്ഷണം ശക്തമാക്കും.

Content Highlight: Hyderabad Ganesh Festival: Mosques along the procession routes covered with cloth.

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more