| Saturday, 25th October 2025, 11:41 am

എങ്കെ പാത്താലും നീ.... ഇന്‍സ്റ്റഗ്രാം കീഴടക്കി ഡാന്‍സിങ് ഹസ്‌കി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

എ.ഐയുടെ കടന്നുവരവോടെ സോഷ്യല്‍ മീഡിയയില്‍ പലപ്പോഴും ഓരോ ട്രെന്‍ഡുകളാണ് ഹിറ്റാകുന്നത്. അത്തരത്തില്‍ ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഭരിച്ചുകൊണ്ടിരിക്കുന്നത്. ഒരു ഹസ്‌കി നായയുടെ ഡാന്‍സ് വീഡിയോ ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ റീലിന്റെ രൂപത്തില്‍ നിറഞ്ഞോടുകയാണ്. എ.ഐ ഉപയോഗിച്ച് എഡിറ്റ് ചെയ്ത വീഡിയോയാണ് വൈറലായിരിക്കുന്നത്.

വിശാല്‍ നായകനായ വെടി എന്ന ചിത്രത്തിലെ ‘ഇച്ച് ഇച്ച്’ എന്ന ഗാനത്തിലെ ചെറിയൊരു പോര്‍ഷനാണ് എ.ഐ ഹസ്‌കി ചുവടുവെക്കുന്നത്. ടിക്ക് ടോക്ക് വൈറലായി നിന്ന സമയത്ത് വന്നുപോയ പല റീലുകളിലും ഈ ഡാന്‍സ് പോര്‍ഷന്‍ കൂട്ടിച്ചേര്‍ത്താണ് പുതിയ വീഡിയോ പലരും പങ്കുവെക്കുന്നത്. പല വീഡിയോകള്‍ക്കും മില്യണ്‍ കണക്കിന് വ്യൂവാണ് ഉള്ളത്.

എന്നാല്‍ ഈ വീഡിയോ ട്രെന്‍ഡ് ആരാണ് ആദ്യം തുടങ്ങി വെച്ചതെന്ന് ആര്‍ക്കുമറിയില്ല. തമിഴ്, തെലുങ്ക്, മലയാളം പേജുകള്‍ ഇതിനോടകം ഹസ്‌കി ഡാന്‍സ് ട്രെന്‍ഡിന് പിന്നാലെയാണ്. ഹസ്‌കിയുടെ ഡാന്‍സിനൊപ്പം പഴയ ടിക്ക് ടോക്ക് വീഡിയോകളെല്ലാം വീണ്ടും വൈറലാവുകയും ആളുകള്‍ക്ക് നൊസ്റ്റാള്‍ജിയ ഉണരുകയും ചെയ്യുന്നുണ്ട്.

ട്രോള്‍ രൂപത്തിലും ഹസ്‌കി ഡാന്‍സ് ട്രെന്‍ഡാകുന്നുണ്ട്. കൂലിയുടെ ക്ലൈമാക്‌സില്‍ ആമിര്‍ ഖാന്റെ കഥാപാത്രത്തിന്റെ ഇന്‍ട്രോ സീനില്‍ കാണിക്കുന്ന ഹസ്‌കികള്‍ ഡാന്‍സ് ചെയ്യുന്നതാണ് വൈറലായ വീഡിയോകളില്‍ ഒന്ന്. പാട്ടിന്റെ ബി.ജി.എമ്മിന് മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവര്‍ ചുവടുവെക്കുന്ന വീഡിയോക്കും വന്‍ റീച്ചാണ് ലഭിക്കുന്നത്.

ത്രീ എന്ന സിനിമയില്‍ ധനുഷ് കരഞ്ഞുകൊണ്ട് ദേഷ്യപ്പെടുന്ന രംഗത്തിലും ഹസ്‌കി ഡാന്‍സ് ഉള്‍പ്പെടുത്തിയ വീഡിയോ വൈറലായി മാറി. ഒറിജിനല്‍ ഗാനത്തില്‍ വിശാലിനും സമീറ റെഡ്ഡിക്കും പകരം ഹസ്‌കി വന്ന ഡാന്‍സ് ചെയ്യുന്ന വീഡിയോയും കാണികളെ ചിരിപ്പിക്കുന്നുണ്ട്. ചിലയാളുകള്‍ ഹസ്‌കിയെപ്പോലെ ചുവടുവെക്കുന്ന വീഡിയോക്കും റീച്ചുണ്ട്.

വെറും രണ്ട് ദിവസം കൊണ്ടാണ് ഹസ്‌കിയുടെ നൃത്തം സോഷ്യല്‍ മീഡിയ ഭരിക്കാന്‍ തുടങ്ങിയത്. ഈ ട്രെന്‍ഡ് കുറച്ചുകാലം കൂടി മുന്നോട്ടു പോകുമെന്ന് ഉറപ്പാണ്. പഴയ നോര്‍ത്ത് ഇന്ത്യന്‍ ടിക്ക് ടോക്ക് വീഡിയോകളെ കുത്തിപ്പൊക്കാനും ഈ ട്രെന്‍ഡിലൂടെ സാധിച്ചതാണ് ഏറ്റവും വലിയ പ്രത്യേകത. ഹസ്‌കിയുടെ പുതിയ ഡാന്‍സ് വീഡിയോ ഉണ്ടാകുമോ എന്നാണ് സോഷ്യല്‍ മീഡിയ ഉറ്റുനോക്കുന്നത്.

Content Highlight: Husky Dog A I Dance vide trending in Instagram

We use cookies to give you the best possible experience. Learn more