| Sunday, 7th June 2026, 8:47 am

ജോലിയില്ലാത്ത കാരണം പറഞ്ഞ് ഭാര്യയേയും മക്കളേയും നോക്കേണ്ട ഉത്തരവാദിത്തത്തില്‍ നിന്ന് ഭര്‍ത്താവിന് ഒഴിഞ്ഞുമാറാനാവില്ല: ദല്‍ഹി ഹൈക്കോടതി

നിഷാന. വി.വി

ന്യൂദല്‍ഹി: തൊഴില്‍ രഹിതനാണെന്ന കാരണം പറഞ്ഞ് ഭാര്യയേയും മക്കളേയും സംരക്ഷിക്കാനുള്ള നിയമപരമായ ഉത്തരവാദിത്തത്തില്‍ നിന്ന് ഭര്‍ത്താവിന് പിന്മാറാനാവില്ലെന്ന് ദല്‍ഹി അഡീഷണല്‍ സെഷന്‍സ് കോടതി.

പ്രായപൂര്‍ത്തിയാകാത്ത മകന് ജീവനാശം നല്‍കണമെന്നാവശ്യപ്പെട്ട് ഭാര്യ നല്‍കിയ ഹരജിയിലായിരുന്നു കോടതിയുടെ നിരീക്ഷണം

മകന് പ്രതിമാസം 6000 രൂപ ജീവനാംശം നല്‍കണമെന്ന് വിധിച്ച കോടതി
കുടുംബത്തിന്റെ പരിപാലനച്ചെലവ് വഹിക്കേണ്ട ബാധ്യത ഭര്‍ത്താവിനുണ്ടെന്നും, ജോലി ഇല്ലെന്ന വാദം അതിന് ന്യായീകരണമാകില്ലെന്നും നിരീക്ഷിച്ചു.

അഡീഷണല്‍ സെഷന്‍സ് ജഡ്ജി ഷീതള്‍ ചൗധരിയുടെതാണ് പരാമര്‍ശങ്ങള്‍. തനിക്ക് ജോലിയില്ലെന്നും മറ്റ് സാമ്പത്തിക ബാധ്യതകളുണ്ടെന്നും ഭര്‍ത്താവ് വാദിച്ചതോടെയാണ് കോടതിയുടെ ഇത്തരത്തിലുള്ള പരാമര്‍ശങ്ങള്‍.

ഭര്‍ത്താവ് ആരോഗ്യവാനായ, ജോലി ചെയ്യാനാകുന്ന വ്യക്തിയാണെന്നും അതിനാല്‍ വരുമാനം കണ്ടെത്താന്‍ ശേഷിയുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
2013ലാണ് ദമ്പതികളുടെ വിവാഹം നടന്നത്. വിവാഹശേഷം യുവതിയെ സ്ത്രീധനത്തിന്റെ പേരില്‍ പീഡിപ്പിച്ചെന്നും ശാരീരികവും മാനസികവുമായി ഉപദ്രവിച്ചെന്നും പരാതിയില്‍ ആരോപിച്ചിരുന്നു.

ഗര്‍ഭിണിയായിരിക്കെ ഭര്‍ത്താവിന്റെ വീട്ടില്‍ നിന്ന് പുറത്താക്കിയതായും 2015 മുതല്‍ മകനോടൊപ്പം വേര്‍പിരിഞ്ഞ് താമസിക്കുകയാണെന്നും അവര്‍ കോടതിയെ അറിയിച്ചു. 2015 മുതല്‍ മകന്റെ ചെലവുകള്‍ക്കായി ഭര്‍ത്താവ് യാതൊരു സാമ്പത്തിക സഹായവും നല്‍കിയിട്ടില്ലെന്ന് കോടതി കണ്ടെത്തി.

ഭാര്യ വിദ്യാഭ്യാസമുള്ള വ്യക്തിയായതിനാല്‍ ജീവനാംശത്തിന് അര്‍ഹയല്ലെന്ന ഭര്‍ത്താവിന്റെ വാദവും കോടതി തള്ളി. വരുമാനം നേടാന്‍ കഴിവുണ്ടെന്നതും യഥാര്‍ത്ഥത്തില്‍ വരുമാനം ലഭിക്കുന്നതും രണ്ട് വ്യത്യസ്ത കാര്യങ്ങളാണെന്ന് കോടതി ചൂണ്ടിക്കാട്ടി.

ഭാര്യയ്ക്ക് സ്വയം ജീവിക്കാനും മകനെ വളര്‍ത്താനും മതിയായ വരുമാനമുണ്ടെന്ന് തെളിയിക്കുന്ന രേഖകള്‍ ഭര്‍ത്താവ് സമര്‍പ്പിച്ചിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു.

Content Highlight: Husband cannot escape responsibility of taking care of wife and children by citing joblessness: Delhi High Court

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more