| Thursday, 28th August 2025, 10:09 am

അമേരിക്കക്കാരെ വേദനിപ്പിക്കുന്നു; ഇന്ത്യക്ക് മാത്രമുള്ള അധിക തീരുവയില്‍ ട്രംപിനെ വിമര്‍ശിച്ച് യു.എസ് ഡെമോക്രാറ്റുകള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: ഇന്ത്യക്ക് മേല്‍ തീരുവ ചുമത്താനുള്ള ട്രംപിന്റെ തീരുമാനത്തെ വിമര്‍ശിച്ച് യു.എസ് ഹൗസ് വിദേശകാര്യ കമ്മിറ്റിയിലെ ഡെമോക്രാറ്റുകള്‍. ഇന്ത്യന്‍ ഇറക്കുമതിക്കുള്ള ട്രംപിന്റെ അധിക തീരുവ അമേരിക്കക്കാരെ വേദനിപ്പിക്കുന്നുവെന്നും രണ്ട് പതിറ്റാണ്ടുകളായി ഉഭയകക്ഷി ശ്രമങ്ങളിലൂടെ കെട്ടിപ്പടുത്ത യു.എസ് – ഇന്ത്യ ബന്ധങ്ങളെ ട്രംപ് ഇല്ലാതാക്കുന്നുവെന്നും അവര്‍ ആരോപിച്ചു.

ഹൗസ് വിദേശകാര്യ കമ്മിറ്റിയിലെ ഡെമോക്രാറ്റുകള്‍ തങ്ങളുടെ എക്‌സ് അക്കൗണ്ടിലൂടെയാണ് യു.എസ് പ്രസിഡന്റിനെ വിമര്‍ശിച്ചത്. ഉക്രൈനില്‍ നടന്നുകൊണ്ടിരിക്കുന്ന സംഘര്‍ഷവുമായി ഇതിന് വലിയ ബന്ധമൊന്നുമില്ലെന്നും അവര്‍ എക്‌സില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

‘ചൈനക്ക് എതിരെയോ കൂടുതല്‍ അളവില്‍ റഷ്യന്‍ എണ്ണ വാങ്ങുന്ന മറ്റ് രാജ്യങ്ങളുടെ മേലെയോ ട്രംപ് അധിക തീരുവ ചുമത്തിയിട്ടില്ല. എന്നാല്‍ ഇന്ത്യയെ മാത്രം തീരുവ ചുമത്തി ഒറ്റപ്പെടുത്തുകയാണ്. ഇതിലൂടെ ട്രംപ് യു.എസ് – ഇന്ത്യ ബന്ധം അട്ടിമറിക്കുകയും അമേരിക്കക്കാരെ വേദനിപ്പിക്കുകയും ചെയ്യുകയാണ്,’ ഡെമോക്രാറ്റുകള്‍ എക്‌സില്‍ കുറിച്ചു.

റഷ്യന്‍ എണ്ണ വാങ്ങുന്ന ഏതൊരു രാജ്യത്തിനും എതിരെ ട്രംപിന് തീരുവ ഭീഷണി ഉയര്‍ത്താമായിരുന്നുവെന്നും എന്നാല്‍ ഇന്ത്യയില്‍ മാത്രമാണ് ട്രംപ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അവര്‍ പറഞ്ഞു. റഷ്യയുടെ ഏറ്റവും വലിയ എണ്ണ ഇറക്കുമതിക്കാരായ ചൈനയെ സമാനമായ ശിക്ഷയില്‍ നിന്നും ഒഴിവാക്കിയതിനെ അവര്‍ ചോദ്യം ചെയ്തു.

ഇന്ത്യയുടെ മേല്‍ അധിക തീരുവ ചുമത്തിയതിന് പിന്നാലെ ഡെമോക്രാറ്റുകള്‍ തുടര്‍ച്ചയായി ട്രംപ് ഭരണകൂടത്തിന് എതിരെ രംഗത്തെത്തിയിരുന്നു. ഇന്ത്യയെ ലക്ഷ്യം വെച്ചു കൊണ്ടുള്ള ഈ തീരുവ ചുമത്തല്‍ ഉക്രൈനിലെ നിയമവിരുദ്ധ അധിനിവേശത്തെ അവസാനിപ്പിക്കില്ലെന്നും പുടിന്റെ അതിക്രമങ്ങളെ തടയില്ലെന്നും അവര്‍ നേരത്തെ വിമര്‍ശിച്ചിരുന്നു.

റഷ്യന്‍ എണ്ണ വാങ്ങുന്നത് തുടര്‍ന്നാല്‍ ഇന്ത്യക്ക് മേലുള്ള തീരുവ ഗണ്യമായി വര്‍ധിപ്പിക്കുമെന്നായിരുന്നു ട്രംപിന്റെ ഭീഷണി. ഇന്ത്യ നല്ലൊരു വ്യാപാര പങ്കാളിയല്ലെന്നും ട്രംപ് നേരത്തെ വിമര്‍ശിച്ചിരുന്നു.

Content Highlight: Hurting Americans; US Democrats criticize Donald Trump for tariffs on India

We use cookies to give you the best possible experience. Learn more