തിരുവനന്തപുരം: കേരളത്തിലെ സർക്കാർ ആശുപത്രികളിൽ ഡി.വൈ.എഫ്.ഐ വർഷങ്ങളായി നടത്തിവരുന്ന ഹൃദയപൂർവം പൊതിച്ചോർ വിതരണം അവസാനിപ്പിക്കുമെന്ന ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരന്റെ പ്രഖ്യാപനം പ്രതിഷേധാർഹവും മനുഷ്യത്വരഹിതവുമാണെന്ന് ഡി.വൈ.എഫ്.ഐ.
ആശുപത്രി പരിസരത്ത് കൊടികളും ബാനറുകെളും കെട്ടി നടത്തുന്ന ഭക്ഷണ വിതരണം അവസാനിപ്പിക്കുമെന്ന മന്ത്രിയുടെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ഡി.വൈ.എഫ്.ഐ മറുപടിയുമായി രംഗത്തെത്തിയിരിക്കുന്നത്. ഇത്തരം ഭക്ഷണ വിതരത്തിന് പകരം കമ്യൂണിറ്റി കിച്ചണുകളിലൂടെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം വിതരണം ചെയ്യുമെന്നും മന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു.
സർക്കാർ സംവിധാനം വഴി രോഗികൾക്കും കൂട്ടിരിപ്പുകാർക്കും കൃത്യമായി ഭക്ഷണം ഉറപ്പാക്കുന്നതുവരെ ഹൃദയപൂർവം പദ്ധതി തുടരുമെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് പ്രസ്താവനയിലൂടെ വ്യക്തമാക്കി.
ഡി.വെെ.എഫ്.ഐ നൽകുന്നത് വെവെറുമൊരു പൊതിച്ചോറല്ല, മാനവികതയുടെ അടയാളമാണെന്ന് സംസ്ഥാന സെക്രട്ടറി പ്രസ്താവനയിൽ പറഞ്ഞു. സമൂഹത്തിൽ വിഭജനത്തിൻ്റെ ആശയങ്ങൾ പ്രചരിക്കുന്ന കാലത്ത് അപരനോടുള്ള കരുതലും ശ്രീനാരായണഗുരുവിൻ്റെ ‘സോദരത്വേന’ എന്ന ആശയത്തിൻ്റെ പ്രയോഗവൽക്കരണവുമാണ് ഈ പദ്ധതി. രാഷ്ട്രീയ ഭേദമന്യേ വീടുകളിൽ നിന്ന് ശേഖരിക്കുന്ന സ്നേഹത്തിൻ്റെ പങ്കുവെക്കലാണിതെന്നും പ്രസ്താവന ചൂണ്ടിക്കാട്ടി.
ആശുപത്രികളിൽ കമ്മ്യൂണിറ്റി കിച്ചൺ ആരംഭിച്ച് ഭക്ഷണം നൽകുന്നതിനെ ഡി.വൈ.എഫ്.ഐ എതിർക്കുന്നില്ല. എന്നാൽ, പുതിയ സംവിധാനം യാഥാർഥ്യമാകുന്നതിന് മുമ്പേ നിലവിലുള്ള ജനകീയ സംരംഭം നിർത്തലാക്കാൻ തിടുക്കം കാണിക്കുന്നത് സ്വാഭാവികമായും സംശയങ്ങൾ ഉയർത്തുന്നു.
ഹൃദയപൂർവം പദ്ധതിക്ക് ദേശീയ-അന്തർദേശീയ തലങ്ങളിൽ ലഭിച്ച അംഗീകാരവും ഡി.വൈ.എഫ്.ഐയുടെ സംഘടനാ മികവും ചിലരെ അസ്വസ്ഥരാക്കുന്നുണ്ട്. തങ്ങൾക്ക് ചെയ്യാൻ കഴിയാത്ത കാര്യങ്ങൾ മറ്റുള്ളവർ ചെയ്യുന്നത് കാണുമ്പോഴുള്ള ഫ്രസ്ട്രേഷനാണ് ഇതിന് പിന്നിലെന്നും ഡി.വെെ.എഫ്.ഐ ആരോപിച്ചു.
വയനാട് ദുരന്തത്തിൻ്റെ പേരിൽ മുപ്പത് വീട് നിർമ്മിക്കുമെന്ന് വാഗ്ദാനം നൽകി കോടികൾ പിരിച്ചിട്ടും മൂന്ന് വീട് പോലും നിർമ്മിക്കാൻ കഴിയാത്തവർക്ക്, ഡി.വൈ.എഫ്.ഐ നൂറ് വീട് നിർമിച്ച് നൽകുന്നത് കാണുമ്പോൾ ജാള്യതയുണ്ടാകും. ഗ്രൂപ്പ് മത്സരവും വ്യാജ ഐ.ഡി കാർഡ് നിർമാണവുമല്ല, മറിച്ച് മുടങ്ങാതെ രക്തദാനവും പൊതിച്ചോർ വിതരണവും നടത്തുന്നതാണ് സംഘടനാ ശേഷിയെന്ന് ഡി.വൈ.എഫ്.ഐ കൂട്ടിച്ചേർത്തു.
വിശപ്പുള്ള മനുഷ്യന് മുന്നിൽ രാഷ്ട്രീയം കൊണ്ടുവരാൻ ശ്രമിക്കുന്ന ഏത് തീരുമാനത്തെയും ജനങ്ങൾ തിരിച്ചറിയുമെന്നും, വിശപ്പിൽ രാഷ്ട്രീയം കലർത്താത്തതിനാൽ ഹൃദയപൂർവം മുന്നോട്ട് തന്നെ പോകുമെന്നും വി.കെ. സനോജ് വ്യക്തമാക്കി.
Content highlight: Hunger knows no politics; packed meals will be provided until the hospital ensures government-supplied food—DYFI’s reply to Muraleedharan.