| Thursday, 22nd October 2026, 4:07 pm

തീവ്രവാദിയല്ല, എഴുത്തുകാരി! ഫലസ്തീന്‍ അനുകൂല നിലപാടിലെ പുസ്തകവിലക്കില്‍ സാലി റൂണിയെ പിന്തുണച്ച് കത്തെഴുതി പ്രമുഖര്‍

ദേവിക ജയചന്ദ്രന്‍

ലണ്ടന്‍: ‘ഫലസ്തീന്‍ ആക്ഷന്‍’ എന്ന ഫലസ്തീന്‍ അനുകൂല സംഘടനയ്ക്ക് തന്റെ പുസ്തകങ്ങളില്‍ നിന്നും ലഭിക്കുന്ന റോയല്‍റ്റി തുക കൈമാറുമെന്ന് പറഞ്ഞ സാലി റൂണിയുടെ പുസ്തകങ്ങള്‍ യു.കെയില്‍ നിരോധിച്ചതിന് പിന്നാലെ എഴുത്തുകാരിയ്ക്ക് പിന്തുണ നല്‍കി കത്തെഴുതി സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍.

‘റൂണി എഴുത്തുകാരിയാണ്, തീവ്രവാദിയല്ല’ എന്ന് പറഞ്ഞുകൊണ്ടുള്ള കത്തില്‍ എഴുത്തുകാരായ അരുന്ധതി റോയ്, അമിതാവ് ഘോഷ്, ജെ.എം. കുറ്റ്‌സേ, ജുംപ ലഹിരി, അഭിനേതാക്കളായ ഡെയ്‌സി എഡ്ഗാര്‍ ജോണ്‍സ്, ടില്‍ഡ സ്വിന്റണ്‍, സൂസന്‍ സരാണ്ടണ്‍, ഫുട്‌ബോള്‍ താരം ഗാരി ലിനേക്കര്‍ തുടങ്ങിയവര്‍ ഒപ്പിട്ടിട്ടുണ്ട്.

‘നോര്‍മല്‍ പീപ്പിള്‍’, ‘കോണ്‍വര്‍സേഷന്‍സ് വിത്ത് ഫ്രണ്ട്‌സ്’, ‘ഇന്റര്‍മെസോ’ തുടങ്ങിയ ബെസ്റ്റ് സെല്ലറുകളുടെ രചയിതാവായ സാലി റൂണി തന്റ തലമുറയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള എഴുത്തുകാരിയാണ്. ‘നോര്‍മല്‍ പീപ്പിള്‍’ എന്ന നോവല്‍ മാത്രം യു.കെയില്‍ പത്ത് ലക്ഷത്തിലധികം കോപ്പികളാണ് വിറ്റഴിഞ്ഞിട്ടുള്ളത്.

‘സാലി റൂണി ഒരു എഴുത്തുകാരിയാണ്, അല്ലാതെ ഒരു ഭീകരവാദിയല്ല. അവരുടെ പുസ്തകങ്ങള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമായിരിക്കണം. തെറ്റായ ധാരണകളുടെ അടിസ്ഥാനത്തിലുള്ളതും ക്രൂരവുമായ ഭീകരവിരുദ്ധ നിയമങ്ങളുടെ പേരില്‍ ആ പുസ്തകങ്ങള്‍ വില്‍പ്പനയില്‍ നിന്ന് പിന്‍വലിക്കുന്നത്. ഈ രാജ്യം ദീര്‍ഘകാലമായി അംഗീകരിച്ചുപോരുന്ന ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെയും അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും അടിസ്ഥാന തത്വങ്ങള്‍ക്ക് നേരെയുള്ള കടുത്ത കടന്നാക്രമണമാണ്.

പ്രത്യക്ഷമോ പരോക്ഷമോ ആയ സെന്‍സര്‍ഷിപ്പുകളെ ഞങ്ങള്‍ പൂര്‍ണമായി തള്ളിക്കളയുന്നു. ഒപ്പം നമ്മളെ ഈ അടിച്ചമര്‍ത്തലിന്റെയും യുക്തിരാഹിത്യത്തിന്റെയും അങ്ങേയറ്റത്ത് എത്തിച്ച ഈ നിയമത്തില്‍ ഭേദഗതി വരുത്തിക്കൊണ്ട് തിരുത്തലുകള്‍ വരുത്താന്‍ സര്‍ക്കാരിനോട് ശക്തമായി ആവശ്യപ്പെടുകയും ചെയ്യുന്നു’, സാലിക്ക് പിന്തുണ അറിയിച്ചുകൊണ്ടുള്ള കത്തില്‍ പറയുന്നു.

2025 ഓഗസ്റ്റിലാണ് സാലി റൂണി തന്റെ പുസ്തകങ്ങളില്‍ നിന്നും ലഭിക്കുന്ന റോയല്‍റ്റി തുക യു.കെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സംഘടനയായ ഫലസ്തീന്‍ ആക്ഷന് നല്‍കുമെന്ന് പ്രഖ്യാപിച്ചത്. ഇസ്രഈലിന് ആയുധങ്ങള്‍ നല്‍കുന്ന കമ്പനികള്‍ക്കെതിരെ പ്രതിഷേധിക്കുന്ന ഗ്രൂപ്പാണിത്. 2025 ജൂലൈയില്‍ യു.കെ സര്‍ക്കാര്‍ ഫലസ്തീന്‍ ആക്ഷനെ തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ചിരുന്നു. യു.കെയിലെ നിയമപ്രകാരം ഇത്തരത്തില്‍ നിരോധിച്ച സംഘടനയ്ക്ക് സാമ്പത്തിക സഹായം നല്‍കുന്നത് ക്രിമിനല്‍ കുറ്റമാണ്.

പുസ്തക വില്‍പ്പനയിലൂടെ ലഭിക്കുന്ന പണം ഈ സംഘടനയ്ക്ക് പോകുന്നതിനാല്‍ റൂണിയുടെ പുസ്തകങ്ങള്‍ വില്‍ക്കുന്നത് നിയമപരമായി അസാധ്യമാണെന്ന് പ്രസാധകരായ ഫേബര്‍ ആന്‍ഡ് ഫേബര്‍ ആഴ്ചകള്‍ക്ക് മുമ്പ് അറിയിച്ചു.

യു.കെയില്‍ നിലനില്‍ക്കുന്ന നിയമപ്രകാരം റൂണിക്ക് വരുമാനം കൈമാറാന്‍ സാധിക്കാത്തതിനാലാണ്, എഴുത്തുകാരിയുടെ പൂര്‍ണ സമ്മതത്തോടെ പുസ്തക വിതരണം നിര്‍ത്താന്‍ ഫേബര്‍ തീരുമാനിച്ചത്.

നിലവില്‍ കടകളിലുള്ള പുസ്തകങ്ങള്‍ വില്‍ക്കാമെങ്കിലും പുതിയ സ്‌റ്റോക്ക് എത്തിക്കാന്‍ സാധിക്കില്ല. അതിനാല്‍ തന്നെ പ്രഖ്യാപനത്തിന് പിന്നാലെ റൂണിയുടെ പുസ്തകങ്ങള്‍ക്ക് ആവശ്യക്കാര്‍ ഏറി. വെറും ഒരാഴ്ചയില്‍ 300 ശതമാനത്തോളം വര്‍ദ്ധനവാണ് പുസ്തകവില്‍പനയില്‍ രേഖപ്പെടുത്തിയത്. നോര്‍ത്തേണ്‍ അയര്‍ലന്റില്‍ നിന്നുള്ള പുസ്തകക്കടത്തും വ്യാപകമായതായി റിപ്പോര്‍ട്ടുകളുണ്ട്.

Content  Highlight: Hundreds sign letter supporting Irish author Sally Rooney, Faber over UK restrictions

ദേവിക ജയചന്ദ്രന്‍

ഡൂള്‍ന്യൂസില്‍ ജേണലിസ്റ്റ് ട്രെയിനി. മാതൃഭൂമി മീഡിയ സ്‌കൂളില്‍ നിന്നും പി.ജി. ഡിപ്ലോമ. പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയില്‍ നിന്നും ചരിത്രത്തില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more