| Monday, 6th October 2025, 11:29 am

സര്‍ക്കാരിന് ഭയമായിരിക്കാം, ഞങ്ങള്‍ക്കില്ല; ഇസ്രഈലിനെതിരെ ആംസ്റ്റര്‍ഡാം തെരുവിലിറങ്ങി മൂന്ന് ലക്ഷമാളുകള്‍; ചെങ്കടലായി നഗരം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ആംസ്റ്റര്‍ഡാം: ഇസ്രഈലിനെതിരെ കടുത്ത നിലപാടെടുക്കാന്‍ മടിക്കുന്ന നെതര്‍ലാന്റ്‌സ് സര്‍ക്കാരിനെതിരെ ആംസ്റ്റര്‍ഡാമില്‍ കൂറ്റന്‍ റാലി.

മൂന്ന് ലക്ഷം ആളുകള്‍ അണിനിരന്ന ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റെഡ് ലൈന്‍ മാര്‍ച്ചില്‍ ചുവന്ന പതാക പുതച്ചും ചുവന്ന വസ്ത്രങ്ങളണിഞ്ഞുമാണ് ഭൂരിഭാഗം ആളുകളും പങ്കെടുത്തത്. ആംസ്റ്റര്‍ഡാമിലെ നഗരകേന്ദ്രമായ മ്യൂസിയം സ്‌ക്വയറിലാണ് ഞായറാഴ്ച പ്രതിഷേധ റാലി നടന്നത്.

നെതര്‍ലാന്റ്‌സ് സര്‍ക്കാര്‍ ഇസ്രഈലിന് ആയുധങ്ങള്‍ നല്‍കുന്നത് അവസാനിപ്പിക്കണമെന്നും കടുത്തനിലപാടെടുത്ത് ഇസ്രഈലിനെ ചുവന്ന വരയ്ക്കപ്പുറം നിര്‍ത്തണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.

‘രക്തച്ചൊരിച്ചില്‍ അവസാനിപ്പിക്കണം. എന്നാല്‍ നമ്മുടെ ദുര്‍ബലമായ സര്‍ക്കാരിന് ഇസ്രഈലിന് നേരെ റെഡ് ലൈന്‍ വരയ്ക്കാന്‍ ഭയമാണ്. അതുകൊണ്ടാണ് ഞങ്ങള്‍ക്കിവിടെ പ്രതിഷേധത്തിനായി ചേരേണ്ടി വന്നത്. ഇനിയെങ്കിലും സര്‍ക്കാരിന്റെ കണ്ണ് തുറക്കുമെന്നാണ് പ്രതീക്ഷ’, പ്രതിഷേധക്കാര്‍ പറഞ്ഞതായി അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

ഒരു മാസത്തിനുള്ളില്‍ നെതര്‍ലാന്റ്‌സില്‍ ദേശീയ തലത്തില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് സര്‍ക്കാര്‍ നയങ്ങളെ ചോദ്യം ചെയ്ത വന്‍ പ്രതിഷേധം നടന്നത്. രാജ്യത്ത് സമീപകാലത്ത് നടന്ന ഏറ്റവും വലിയ പ്രതിഷേധമാണ് ഞായറാഴ്ചത്തേത്.

ഇസ്രഈലിനെ പിന്തുണയ്ക്കുന്ന നിലപാടാണ് എല്ലാക്കാലത്തും നെതര്‍ലാന്റ്‌സ് കൈക്കൊണ്ടിട്ടുള്ളത്. എന്നാല്‍, ഇസ്രഈലിന് എഫ്-35 ഫൈറ്റര്‍ ജെറ്റ് നല്‍കാനുള്ള തീരുമാനത്തില്‍ നിന്നും പിന്മാറുകയാണെന്ന് ഡച്ച് വിദേശകാര്യമന്ത്രി ഡേവിഡ് വാന്‍ വീല്‍ വെള്ളിയാഴ്ച പ്രഖ്യാപിച്ചിരുന്നു. ഇസ്രഈല്‍ അനുകൂല നിലപാടില്‍ നിന്നും പതിയെ സര്‍ക്കാര്‍ വ്യതിചലിക്കുന്നതിന്റെ സൂചനയാണിത്.

സര്‍ക്കാര്‍ കുറച്ചുകൂടി വ്യക്തതയോടെ പെരുമാറണമെന്ന് ഫലസ്തീന്‍ ഐക്യദാര്‍ഢ്യറാലി സംഘാടകരില്‍ ഒന്നായ ആംനെസ്റ്റി ഇന്റര്‍നാഷണല്‍ ആവശ്യപ്പെട്ടു. സാമ്പത്തികവും നയതന്ത്രവുമായ തലത്തില്‍ ഇസ്രഈലിന് മേല്‍ സമ്മര്‍ദം ചെലുത്തണമെന്നും ആംനെസ്റ്റി വക്താവ് മര്‍ജോന്‍ റോസെമ പറഞ്ഞു.

തുര്‍ക്കിയില്‍ ഇസ്താംബുളിലും അങ്കാറയിലും ഫലസ്തീന്‍ ഐക്യദാര്‍ഢ്യ പ്രതിഷേധം സംഘടിപ്പിക്കപ്പെട്ടു. ഹയ സോഫിയ പള്ളിയില്‍ നിന്നും ഗോള്‍ഡന്‍ ഹോണ്‍ തീരത്തേക്കാണ് തുര്‍ക്കി ജനത റാലി നടത്തിയത്. തുര്‍ക്കിയുടെയും ഫലസ്തീന്റെയും പതാകകള്‍ കൊണ്ടലങ്കരിച്ച ബോട്ടുകള്‍ പ്രതിഷേധക്കാരെ വരവേറ്റു.

ബള്‍ഗേറിയയിലും മൊറോക്കോയിലും ഗസയിലെ വംശഹത്യക്കും പട്ടിണി മരണങ്ങള്‍ക്കുമെതിരെ വലിയ റാലികള്‍ സംഘടിപ്പിക്കപ്പെട്ടു. സ്‌പെയിനിലെ മാഡ്രിഡ്, റോം, ബാഴ്‌സലോണ തുടങ്ങിയ നഗരങ്ങളില്‍ നിരവധി ഇസ്രഈല്‍ പ്രതിഷേധ മാര്‍ച്ചും ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലികളും നടന്നു. മാര്‍ച്ചില്‍ പങ്കെടുത്തവര്‍ ഗസയില്‍ കൊല്ലപ്പെട്ട കുട്ടികളുടെ പ്രതീകമായി വെളുത്ത കെട്ടുകളുമായാണ് റാലിയില്‍ പങ്കെടുത്തത്.

അതേസമയം, യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നോട്ട് വെച്ച ഗസ സമാധാന കരാര്‍ ഹമാസ് ഭാഗികമായി അംഗീകരിച്ചു. ഇതിനിടയിലും ഇസ്രഈല്‍ ഗസയില്‍ ബോംബാക്രമണം നടത്തുകയാണ്. ഇസ്രഈലിന്റെ നടപടിയെ ലോകരാജ്യങ്ങള്‍ അപലപിച്ചു.

Content Highlight: Hundreds of thousands of people gathered in Amsterdam for Pro Palestine rally

We use cookies to give you the best possible experience. Learn more