പാരീസ്: ജീവിതച്ചെലവ് കുതിച്ചുയരുന്നതിനും പൊലീസ് അതിക്രമങ്ങള്‍ക്കും എതിരെ ഫ്രാന്‍സിലെ പാരീസ് അടക്കമുള്ള നഗരങ്ങളില്‍ ലക്ഷക്കണക്കിന് പേര് ശനിയാഴ്ച തെരുവിലിറങ്ങി. കഴിഞ്ഞ കുറച്ച് ആഴ്ചകളായി നടക്കുന്ന വാരാന്ത്യ പ്രതിഷേധങ്ങളുടെ തുടര്‍ച്ചയാണിത്.
3,20,000 പേരാണ് രാജ്യത്തെ വിവിധ നഗരങ്ങളില്‍ ഈ ശനിയാഴ്ച പ്രതിഷേധിച്ചതെന്നാണ് ഫ്രഞ്ച്
ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്ക്. എന്നാല്‍ ഏകദേശം അഞ്ച് ലക്ഷത്തോളം പേര് പ്രതിഷേധങ്ങളില്‍ പങ്കെടുത്തതായി തൊഴിലാളി യൂണിയനുകള്‍ പറഞ്ഞു.
പാരീസില്‍ മാത്രം 70,000 പേര് പ്രതിഷേധങ്ങളില്‍ പങ്കെടുത്തതായാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്ക്. എന്നാല്‍ തലസ്ഥാനത്ത് രണ്ട് ലക്ഷം പേര് പ്രതിഷേധത്തില്‍ പങ്കെടുത്തതായി യൂണിയനുകള്‍ പറഞ്ഞു. ഹാലോവീന്‍ ആഘോഷത്തിന്റെ ഭാഗമായി പ്രതിഷേധങ്ങളില്‍ പങ്കെടുത്ത ചിലര്‍ കോമാളികളുടെയും മന്ത്രവാദിനികളുടെയും വേഷം ധരിച്ചിരുന്നു.
സ്പൈഡര്‍-മാന്‍ മുതല്‍ ഫ്രാങ്കന്‍സ്റ്റൈന്‍ വരെയുള്ള വേഷങ്ങള്‍ ധരിച്ച ആയിരക്കണക്കിന് ആളുകള്‍ കിഴക്കന്‍ പാരീസിലൂടെ പ്രകടനം നടത്തിയതായി ലിമോന്ദ് റിപ്പോര്‍ട്ട് ചെയ്തു. ഇതിനു മുകളിലൂടെ ഒരു ഹെലികോപ്റ്റര്‍ വട്ടമിട്ടു പറക്കുന്നുണ്ടായിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
രണ്ടാഴ്ച മുമ്പ് ഫ്രാന്‍സിലുണ്ടായ സംഘര്‍ഷങ്ങള്‍ സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍, കനത്ത സുരക്ഷാ സന്നാഹങ്ങള്‍ക്കിടയിലാണ് പ്രതിഷേധങ്ങള്‍ നടന്നത്. ഇന്നലത്തെ പ്രതിഷേധങ്ങള്‍ മിക്കയിടത്തും സമാധാനപരമായിരുന്നുവെങ്കിലും, പിന്നീട് പല നഗരങ്ങളിലും സംഘര്ഷാവസ്ഥയുണ്ടായതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
പാരീസില്‍ മാര്‍ച്ചിന്റെ അവസാന ഘട്ടത്തില്‍ പൊലീസും ചില പ്രതിഷേധക്കാരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി. കറുത്ത വസ്ത്രം ധരിച്ച് മുഖംമൂടി അണിഞ്ഞ ഒരു സംഘം ആളുകള്‍, ചുറ്റിക ഉപയോഗിച്ച് നടപ്പാതയിലെ കല്ലുകള്‍ ഇളക്കിയെടുത്ത് പൊലീസിന് നേരെ എറിഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രതിഷേധക്കാര്‍ക്ക് നേരെ പോലീസ് കണ്ണീര്‍വാതകം പ്രയോഗിക്കുകയും ലാത്തിച്ചാര്‍ജ് നടത്തുകയും ചെയ്തു.
ഫ്രാന്‍സിലെ മൂന്നാമത്തെ വലിയ നഗരമായ ലിയോണില്‍ പ്രതിഷേധക്കാര്‍ പൊലീസിന് നേരെ വസ്തുക്കള്‍ എറിയുകയും ഇതിനെത്തുടര്‍ന്ന് പോലീസ് കണ്ണീര്‍വാതകം പ്രയോഗിക്കുകയും ചെയ്തുവെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ടൂളൂസില്‍, നടന്ന പ്രതിഷേധത്തില്‍ ആയിരക്കണക്കിന് പങ്കെടുത്തു. പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി ഉപയോഗിച്ചു. ബോര്‍ഡോ, ലില്‍, മാര്‍സെ, ലിയോണ്‍ തുടങ്ങിയ നഗരങ്ങളിലും പ്രതിഷേധം നടന്നു.
ഇടത് പാര്‍ട്ടിയായ ഫ്രാന്‍സ് അണ്‍ബൗഡിന്റെ നേതാവ് ജീന്‍-ലൂക്ക് മെലെന്‍ഷോണ്‍ പാരീസിലെ മാര്‍ച്ചില്‍ പങ്കെടുത്തു. പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ സര്‍ക്കാര്‍ കൂടുതല്‍ ഏകാധിപത്യപരമായ രീതിയിലേക്ക് നീങ്ങുകയാണെന്ന് മെലെന്‍ഷോണ്‍ പറഞ്ഞു.
പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ രാത്രി 11 മണി മുതല്‍ രാവിലെ 6 മണി വരെ പാരീസിലെ റിപ്പബ്ലിക്, ഷാറ്റലെ-ലെ ഹാലെസ് എന്നിവിടങ്ങളില്‍ രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്താന്‍ ഫ്രഞ്ച് ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചിരുന്നു. പ്രതിഷേധത്തില്‍ പങ്കെടുത്ത 520 പേരെ ഇന്നലെ ഫ്രാന്‍സിലെ വിവിധ നഗരങ്ങളില്‍ നിന്ന് അറസ്റ്റ് ചെയ്തതായി പ്രഞ്ച് ആഭ്യന്തര മന്ത്രി ലോറെന്റ് നുനെസ് പറഞ്ഞു. ബോര്‍ഡോ, ടൂളൂസ്, മാര്‍സെയില്‍ തുടങ്ങിയ നഗരങ്ങളിലെ ‘തീവ്ര സ്വഭാവമുള്ള ചില വിഭാഗങ്ങള്‍’, അക്രമങ്ങള്‍ അഴിച്ചുവിടാനും കൊള്ളയടിക്കാനുമുള്ള ലക്ഷ്യത്തോടെ നഗരമധ്യങ്ങളിലേക്ക് കടക്കാന്‍ ശ്രമിച്ചതായി ആഭ്യന്തര മന്ത്രാലയം ആരോപിച്ചു.
അതേസമയം രാജ്യത്ത് സ്കൂളുകളിലെ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തിന്റെ ഭാഗമായി അടുത്ത ആഴ്ച ഹൈസ്കൂളുകളും സര്‍വകലാശാലകളും വീണ്ടും ഉപരോധിക്കുമെന്ന് വിദ്യാര്‍ത്ഥി പ്രതിഷേധക്കാര്‍ പ്രഖ്യാപിച്ചു. ‘ഈ ചൊവ്വാഴ്ച മുതല്‍ ഞങ്ങള്‍ സര്‍വകലാശാലകളും ഹൈസ്കൂളുകളും ഉപരോധിക്കും. തുടര്‍ന്ന് വ്യാഴാഴ്ചയും ഇതേ നടപടി തുടരും. അതിനുശേഷം, തൊഴിലാളികളും ട്രേഡ് യൂണിയനുകളും ചേര്‍ന്ന് നവംബര്‍ അഞ്ചിന് ആഹ്വാനം ചെയ്തിരിക്കുന്ന പ്രകടനത്തില്‍ ഞങ്ങള്‍ പങ്കുചേരും,’ എന്ന് യൂണിയന് എറ്റുഡിയാന്റ് എന്ന സംഘടനയുടെ വക്താവ് സബ്രിന്‍ ഖര്‍ബാഷ് പറഞ്ഞു.
‘യെല്ലോ വെസ്റ്റ്’ സംഘടനാ പ്രവര്‍ത്തകര്‍, ട്രേഡ് യൂണിയനുകള്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ ഫ്രാന്‍സിലെ പ്രതിഷേധത്തില്‍ പങ്കാളികളാണ്. തുടക്കത്തില്‍, ജീവിതച്ചെലവ് വര്‍ദ്ധനവ്, അസമത്വം, മോശമാകുന്ന പഠന സാഹചര്യങ്ങള്‍ എന്നിവയായിരുന്നു ഈ പ്രതിഷേധിന്റെ പ്രധാന വിഷയങ്ങള്‍. എന്നാല്‍ പിന്നീടുണ്ടായ പൊലീസ് അതിക്രമങ്ങളെ തുടര്‍ന്ന് പൗരാവകാശങ്ങള്‍ക്കും പ്രതിഷേധിക്കാനുള്ള അവകാശത്തിനും പ്രതിഷേധക്കാര്‍ ആവശ്യപ്പെടുന്നു.
Content Highlight: Hundreds of thousands demonstrated across France, clashes erupted after dark in several cities