| Tuesday, 13th October 2026, 4:36 pm

സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലകള്‍ക്ക് നേരെ സൈബര്‍ ആക്രമണം; ഫ്രിഡ്ജുകളുടെ താപനില ഉയര്‍ത്തിയതോടെ വ്യാപകമായ തീപിടിത്തവും ഭക്ഷ്യനാശവും

ദേവിക ജയചന്ദ്രന്‍

പാരിസ്: ഫ്രാന്‍സിലെ നൂറുകണക്കിന് സൂപ്പര്‍മാര്‍ക്കറ്റുകള്‍ക്ക് നേരെ സൈബറാക്രമണം. ഫ്രിഡ്ജുകളിലെയും ഫ്രീസറുകളിലെയും താപനില 50 ഡിഗ്രി വരെ ഉയര്‍ത്തിയതോടെ പലയിടത്തും തീപിടിത്തം ഉണ്ടായി.

ഇന്റര്‍മാര്‍ഷെ , കോഓപ്പറേറ്റിവ് യു, ഇലെക്ലര്‍ക്ക് തുടങ്ങി പ്രമുഖ വ്യാപാര സ്ഥാപനങ്ങളക്ക് നേരെ മുന്‍പെങ്ങുമുണ്ടായിട്ടില്ലാത്ത രീതിയില്‍ തിങ്കളാഴ്ച സൈബറാക്രമണം ഉണ്ടായതായി സ്ഥിരീകരിച്ചു.

ഇന്റര്‍മാര്‍ഷെയുടെയും അതിന്റെ നെറ്റോ ബ്രാന്‍ഡിന്റെയും 300ലധികം സ്ഥാപനങ്ങളെയും കോ-ഓപ്പറേറ്റിവ് യുവിന്റെ നൂറോളം ഔട്ട്‌ലെറ്റുകളെയും ആക്രമണം ബാധിച്ചതായി റിപ്പോര്‍ട്ടുണ്ട്. കാരെഫോറിന്റെ 80ഓളം സൂപ്പര്‍മാര്‍ക്കറ്റുകളും ആക്രമിക്കപ്പെട്ടു.

ഫ്രാന്‍സിലുടനീളമുള്ള പ്രമുഖ ഭക്ഷ്യവസ്തു വില്‍പനശാലകളിലെ നെറ്റ് വര്‍ക്കുമായി ബന്ധിപ്പിച്ച റെഫ്രിജറേറ്ററുകളെ ഈ വ്യാപകമായ ആക്രമണം ബാധിച്ചതായി പാരിസ് പ്രോസിക്യൂട്ടറുടെ ഓഫീസ് അറിയിച്ചു. ഇത് ഭക്ഷ്യനാശത്തിനും തീപിടുത്തങ്ങള്‍ക്കും കാരണമായതായും ഓഫീസ് വ്യക്തമാക്കി.

സൂപ്പര്‍ മാര്‍ക്കറ്റുകളിലെ ശീതീകരണ വിഭാഗങ്ങള്‍ സാധാരണയായി നിയന്ത്രിക്കുന്നത് സ്റ്റോറിലെ മുഴുവന്‍ ഫ്രിഡ്ജുകളും കൈകാര്യം ചെയ്യാന്‍ കഴിയുന്ന കണ്‍ട്രോള്‍ പാനലുകള്‍ വഴിയാണ്. ഇന്റര്‍നെറ്റ് വഴി ഇവ നിയന്ത്രിക്കാന്‍ കഴിയുന്നതിനാല്‍ സേവനം നല്‍കുന്ന കമ്പനികള്‍ക്ക് എവിടെനിന്നും ഇവയിലെ ക്രമീകരണങ്ങളില്‍ മാറ്റം വരുത്താന്‍ സാധിക്കും.

ആക്രമണത്തെത്തുടര്‍ന്ന് അന്വേഷണം നടത്താന്‍ ഫ്രാന്‍സിന്റെ നാഷണല്‍ സൈബര്‍ സെക്യൂരിറ്റി ഏജന്‍സിയോട് പ്രധാനമന്ത്രി സെബാസ്റ്റ്യന്‍ ലെകോര്‍നു നിര്‍ദേശിച്ചിട്ടുണ്ട്. മറ്റ് രാജ്യങ്ങളെയും ഇത് ബാധിച്ചേക്കാമെന്നതിനാല്‍ യൂറോപ്പിലെ സമാന ഏജന്‍സികളുമായി ഫ്രാന്‍സ് ഏകോപനം നടത്തുന്നുണ്ടെന്നും മറ്റ് ഫ്രഞ്ച് കമ്പനികള്‍ക്കും ഭീഷണിയുണ്ടോ എന്ന് അധികൃതര്‍ പരിശോധിച്ച് വരികയാണെന്നും അധികൃതര്‍ അറിയിച്ചു.

സൈബറാക്രമണം ബാധിച്ച കടകളിലെ ഫ്രഷ് ആയതും ഫ്രീസ് ചെയ്തതുമായ ഏല്ലാ ഉത്പന്നങ്ങളും പാഴായിപ്പോയെന്നും അവ ഉപേക്ഷിക്കേണ്ടി വരുമെന്നും സ്ഥാപനങ്ങള്‍ അറിയിച്ചു.

ഫ്രഞ്ച് ജനതയുടെ ഭക്ഷ്യവിതരണത്തിനും ഉത്പന്നങ്ങളുടെ സംരക്ഷണത്തിനും അത്യന്താപേക്ഷിതമായ ഉപകരണങ്ങളെ ലക്ഷ്യമിടുന്നത് അതീവ ഗൗരവതരവും അംഗീകരിക്കാനാകാത്തതുമാണെന്ന് കോ-ഓപ്പറേറ്റിവ് യു ചീഫ് എക്‌സിക്യൂട്ടിവ് ഡൊമിനിക് ഷെല്‍ചര്‍ അറിയിച്ചു. എത്രയും വേഗം പ്രവര്‍ത്തനം പുനസ്ഥാപിക്കാനായി ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന് ഷെല്‍ച്ചര്‍ പറഞ്ഞു.

ഡാനിഷ് കമ്പനിയായ ഡാന്‍ഫോസ് നല്‍കിയ സോഫ്റ്റ് വെയറില്‍ സുരക്ഷാപരമായ ഒരു പിഴവ് ഉള്ളതായി എ.എന്‍.എസ്.എസ്.ഐ കണ്ടെത്തിയെന്ന് ഫ്രഞ്ച് പ്രധാനമന്ത്രിയുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.

ബാധിക്കപ്പെട്ട യൂണിറ്റുകളില്‍ കാലഹരണപ്പെട്ട ഫേംവെയര്‍ ആണ് പ്രവര്‍ത്തിച്ചിരുന്നതെന്ന് ഡാന്‍ഫോസ് അറിയിച്ചു. പഴയ ഉപകരണങ്ങള്‍ മാറ്റിസ്ഥാപിക്കാനും സിസ്റ്റം അപ്‌ഡേറ്റ് ചെയ്തുവെക്കാനും ദീര്‍ഘകാലമായി ഉപഭോക്താക്കളോട് നിര്‍ദേശിക്കുന്നുണ്ടെന്നം കമ്പനി കൂട്ടിച്ചേര്‍ത്തു.

Content Highlight: Hundreds of supermarkets in France hit by ‘unprecedented’ cyberattack

ദേവിക ജയചന്ദ്രന്‍

ഡൂള്‍ന്യൂസില്‍ ജേണലിസ്റ്റ് ട്രെയിനി. മാതൃഭൂമി മീഡിയ സ്‌കൂളില്‍ നിന്നും പി.ജി. ഡിപ്ലോമ. പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയില്‍ നിന്നും ചരിത്രത്തില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more