ഖാര്‍ത്തൂം: സുഡാനില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് നൂറകണക്കിനാളുകള്‍ മരിച്ചതായി സംശയം. ഞായറാഴ്ചയാണ് പടിഞ്ഞാറന്‍ സുഡാനില്‍ മണ്ണിടിച്ചിലില്‍ ഉണ്ടായത്. ദിവസങ്ങളായി പെയ്ത കനത്ത മഴയാണ് മണ്ണിടിച്ചിലിന് കാരണമായത്. ദുരന്തത്തില്‍ മധ്യ, തെക്കന്‍ ഡാര്‍ഫര്‍ സംസ്ഥാനങ്ങളുടെ അതിര്‍ത്തിയിലുള്ള ടാര്‍സിന്‍ ഗ്രാമം പൂര്‍ണ്ണമായും നശിച്ചു.
മരണസംഖ്യയെക്കുറിച്ചുള്ള കണക്കുകള്‍ ഔദ്യോഗികമല്ലെങ്കിലും പ്രദേശവാസികള്‍ പറയുന്നതനുസരിച്ച്, 1000ാളം പേര്‍ മരണപ്പെട്ടിട്ടുണ്ടെന്നാണ് സംശയിക്കുന്നത്. ഡാര്‍ഫറിലെ മൂന്ന് ഗവര്‍ണറേറ്റുകളിലൂടെ കടന്നുപോകുന്ന മാറ പര്‍വതനിരയില്‍ ആഴ്ചകളായി കനത്ത മഴയാണ് പെയ്തിരുന്നത്. ഇതൊടുവില്‍ ദുരന്തത്തില്‍ കലാശിക്കുകയായിരുന്നു.
പ്രദേശത്ത് മണ്ണിടിച്ചില്‍ ഇപ്പോഴും തുടരുകയാണെന്നും ഇത് രക്ഷാപ്രവര്‍ത്തനങ്ങളെ സങ്കീര്‍ണമാക്കുമെന്നും ജനങ്ങള്‍ പറയുന്നു. സമുദ്രനിരപ്പില്‍ നിന്ന് 3,000 മീറ്ററിലധികം ഉയരത്തിലുള്ള ടാര്‍സിന്‍ ഉള്‍പ്പെടെയുള്ള മറ്റ് ഗ്രാമങ്ങളെ ഇത് അപകടത്തിലാക്കുമെന്നും ജനങ്ങള്‍ പറയുന്നു.
സമീപകാലങ്ങളില്‍ സുഡാനിലുണ്ടായ ഏറ്റവും മാരകമായ ദുരന്തങ്ങളിലൊന്നായാണ് ഈ മണ്ണിടിച്ചിലിനെ കണക്കാക്കുന്നത്. സംഭവത്തില്‍ ഐക്യരാഷ്ട്രസഭയുടെ കുടിയേറ്റ ഏജന്‍സിയായ ഐ.ഒ.എം (ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ മൈഗ്രേഷന്‍) ദുഃഖം പ്രകടിപ്പിച്ചു.
കഴിഞ്ഞ രണ്ട് വര്‍ഷമായി ആഭ്യന്തരയുദ്ധത്തില്‍ കുടുങ്ങി വിവിധ സ്ഥലങ്ങളില്‍ നിന്ന് പാലായനം ചെയ്ത ആയിരക്കണക്കിന് സുഡാനികള്‍ ഈ പ്രദേശത്താണ് താമസിച്ചിരുന്നത്. ഈ പ്രദേശത്തുള്ളവരില്‍ ഭൂരിഭാഗം പേരും വടക്കന്‍ സുഡാന്റെ തലസ്ഥാനമായ എല്‍-ഫാഷറില്‍ നിന്ന് പാലായനം ചെയ്തവരാണ്.
കുട്ടികള്‍ അടക്കം നിരവധി പേരുടെ മൃതദേഹങ്ങള്‍ മണ്ണിനടിയില്‍ കുടുങ്ങി കിടക്കുകയാണ്. രക്ഷാപ്രവര്‍ത്തനത്തിന് ഐക്യരാഷ്ട്ര സഭയും അന്തരാഷ്ട്ര സന്നദ്ധ സംഘടനകളും സഹകരിക്കണമെന്ന് എസ്.എല്‍.എം (സുഡാന്‍ ലിബറേഷന്‍ മൂവ്‌മെന്റ്) ആവശ്യപ്പെട്ടു. റോഡ് തകര്‍ന്നതിനാല്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് അപകടസ്ഥലത്തേക്ക് എത്താനും അവശ്യസാധനങ്ങള്‍ എത്തിക്കാനും ബുദ്ധിമുട്ടാണ്.
Content highlight: Hundreds of people are suspected to have died following a landslide in Sudan