റിയാദ്: കഴിഞ്ഞ എട്ട് മാസമായി നൂറുകണക്കിന് ഇന്ത്യന്‍ തൊഴിലാളികള്‍ ശമ്പളമില്ലാതെ സൗദി അറേബ്യയില്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ട്. സെന്‍ഡല്‍ ഇന്റര്‍നാഷണല്‍ കമ്പനി ലിമിറ്റഡ് എന്ന സ്ഥാപനത്തിലെ തൊഴിലാളികളാണ് പ്രതിസന്ധിയില്‍ തുടരുന്നത്.
നിലവില്‍ ഇവര്‍ക്ക് നാട്ടിലേക്ക് മടങ്ങാനുള്ള അനുകൂല സാഹചര്യമില്ലെന്നാണ് വിവരം. സ്വതന്ത്ര മാധ്യമപ്രവര്‍ത്തകനായ അഷ്റഫ് ഹുസൈന്‍ എക്സില്‍ പങ്കുവെച്ച തൊഴിലാളികള്‍ സംസാരിക്കുന്ന ഒരു വീഡിയോയിലൂടെയാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നത്.
വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കറിനെ ടാഗ് ചെയ്തുകൊണ്ടായിരുന്നു അഷ്റഫ് ഹുസൈന്‍ പ്രസ്തുത വീഡിയോ പങ്കുവെച്ചത്.
വീഡിയോയില്‍, കഴിഞ്ഞ എട്ട് മാസമായി തങ്ങള്‍ക്ക് ശമ്പളം ലഭിച്ചിട്ടില്ലെന്നും താമസിക്കുന്ന കെട്ടിടത്തില്‍ ഭക്ഷണം, കുടിവെള്ളം, വൈദ്യുതി അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങളില്ലെന്നും തൊഴിലാളികള്‍ പറയുന്നു. സുരക്ഷിതമായി നാട്ടിലേക്ക് മടങ്ങാന്‍ കേന്ദ്രസര്‍ക്കാര്‍ സഹായിക്കണമെന്നും തൊഴിലാളികള്‍ അഭ്യര്‍ത്ഥിക്കുന്നുണ്ട്.
കൂടാതെ ശമ്പളം നല്‍കുന്നതില്‍ കമ്പനി പരാജയപ്പെട്ടുവെന്നും തൊഴിലാളികള്‍ ആരോപിക്കുന്നുണ്ട്. കൂട്ടത്തിലെ ഹൃദ്രോഗികളായ ചിലരുടെ കൈയില്‍ മരുന്ന് വാങ്ങാന്‍ പോലും പണമില്ലെന്നും തൊഴിലാളികള്‍ പ്രതികരിച്ചു. ശമ്പളം ലഭിക്കാത്തതുകൊണ്ട് നാട്ടിലേക്ക് പോകാന്‍ സാധിക്കുന്നില്ലെന്നും മകളുടെ വിവാഹമാണെന്നും ഒരാള്‍ പറഞ്ഞു.
നാട്ടിലേക്ക് മടങ്ങാന്‍ കമ്പനിയെ സമീപിച്ചപ്പോള്‍ കൃത്യമായ ഒരു മറുപടി നല്‍കിയില്ലെന്നും തൊഴിലാളികള്‍ പറയുന്നു. സെന്‍ഡല്‍ ഇന്റര്‍നാഷണല്‍ കമ്പനിയുടെ ജുബൈലില്‍ പ്രവര്‍ത്തിക്കുന്ന 17 ക്യാമ്പിലെ തൊഴിലാളികളാണ് വീഡിയോയിലൂടെ പ്രതികരിച്ചത്. ഇവരില്‍ പലരും ഈ സ്ഥപാപനത്തില്‍ രണ്ട് വര്‍ഷത്തിലേറെയായി ജോലി ചെയ്യുന്നവരാണ്.
1994ല്‍ സ്ഥാപിതമായ കമ്പനിയാണ് യാന്‍ബു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സെന്‍ഡാന്‍ ഇന്റര്‍നാഷണല്‍. എണ്ണ, വാതകം, വളം, വൈദ്യുതി, ഗതാഗതം തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ഒരു കമ്പനിയാണിത്.
സംഭവത്തില്‍ സൗദി അറേബ്യയിലെ ഇന്ത്യന്‍ എംബസി തൊഴിലാളികളുമായി ആശയവിനിമയം നടത്തിയതായി സിയാസത്ത് റിപ്പോര്‍ട്ട് ചെയ്തു. സൗദി അധികൃതരില്‍ നിന്ന് വിവരങ്ങള്‍ തേടിയിട്ടുണ്ടെന്നും നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും എംബസി അറിയിച്ചതായാണ് വിവരം.
ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് പുറമെ നേപ്പാള്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള തൊഴിലാളികളും സൗദിയില്‍ കുടുങ്ങിക്കിടക്കുന്നതായി വിവരമുണ്ട്.
Content Highlight: Hundreds of Indian workers reportedly stranded in Saudi Arabia