| Friday, 24th January 2025, 8:59 am

പൊതുമധ്യത്തില്‍ അപമാനിച്ചു; സാന്ദ്ര തോമസിന്റെ പരാതിയില്‍ നിര്‍മാതാവ് ബി. ഉണ്ണിക്കൃഷ്ണനെതിരെ കേസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: നിര്‍മാതാവ് സാന്ദ്ര തോമസിന്റെ പരാതിയില്‍ ഫെഫ്ക പ്രസിഡന്റും സംവിധായകനുമായ ബി. ഉണ്ണികൃഷ്ണനെതിരെ കേസ്. പൊതുമധ്യത്തില്‍ അപമാനിച്ചുവെന്ന പരാതിയിലാണ് നടപടി.

സാന്ദ്രയുടെ പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ പൊലീസാണ് ഉണ്ണികൃഷ്ണനെതിരെ കേസെടുത്തത്. സാന്ദ്രയുടെ പരാതിയില്‍ കോടതിയുടെ നിര്‍ദേശ പ്രകാരമാണ് എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസെടുത്തിരിക്കുന്നത്‌. കേസില്‍ നിര്‍മാതാവ് ആന്റോ ജോസഫാണ് രണ്ടാംപ്രതി.

ഹേമ കമ്മിറ്റിക്ക് മുമ്പാകെ മൊഴി നല്‍കിയതിനെ തുടര്‍ന്ന് സിനിമയില്‍ നിന്ന് തന്നെ മാറ്റി നിര്‍ത്തിയെന്നും സാന്ദ്ര പരാതിയില്‍ പറയുന്നു.

അതേസമയം സാന്ദ്രയുടെ ആരോപണങ്ങളെല്ലാം തള്ളി ബി. ഉണ്ണികൃഷ്ണന്‍ രംഗത്തെത്തി. സാന്ദ്രയ്ക്ക് തെറ്റിദ്ധാരണയായിരിക്കാമെന്നും സാന്ദ്ര ഇനിയും സിനിമ ചെയ്താല്‍ പിന്തുണക്കുമെന്നും ഉണ്ണികൃഷ്ണന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

എന്നാല്‍ ഗതി കേട്ടതുകൊണ്ടാണ് താന്‍ പരാതി നല്‍കിയതെന്ന് സാന്ദ്ര തോമസ് പറഞ്ഞു. കുടുംബത്തെ പോലും ഉപദ്രവിക്കുന്ന കാര്യത്തിലെത്തി വിഷയമെന്നും സാന്ദ്ര കൂട്ടിച്ചേര്‍ത്തു.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ ഫെക്ഫക്കെതിരെ സാന്ദ്ര രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചിരുന്നു.

സംഘടനാ നേതൃത്വത്തിലുള്ളവര്‍ പ്രൊഡ്യൂസേഴ്സ് അസോസിയേഷനെ അമ്മയുടെ ഉപസംഘടന ആക്കുകയാണെന്ന് സാന്ദ്ര തോമസ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് നിര്‍മാതാവ് ആന്റോ ജോസഫ്, സെക്രട്ടറി ബി. രാകേഷ് എന്നിവര്‍ക്കച്ച കത്തില്‍ ചൂണ്ടിക്കാട്ടുകയായിരുന്നു.

ഫെഫ്ക യോഗത്തിനിടെ ലൈംഗികാധിക്ഷേപം നേരിട്ടെന്ന സാന്ദ്രയുടെ പരാതിയില്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു.

പിന്നാലെ ഫെഫ്കയില്‍ നിന്ന് സാന്ദ്ര തോമസിനെ പുറത്താക്കുകയുമുണ്ടായി. അച്ചടക്ക ലംഘനം ചൂണ്ടിക്കാട്ടിയാണ് പുറത്താക്കിയത്. തുടര്‍ന്ന് ഫെഫ്കയുടെ നടപടിക്കെതിരെ സാന്ദ്ര കോടതിയെ സമീപിക്കുകയും സംഘടനാ നടപടി കോടതി സ്റ്റേ ചെയ്യുകയും ചെയ്തിരുന്നു.

Content Highlight: humiliated in public; Case against producer B. Unnikrishnan on complaint of Sandra Thomas

We use cookies to give you the best possible experience. Learn more