| Friday, 2nd October 2026, 6:58 am

അമ്മയുടെ പാല്‍ കുടിക്കാന്‍ ജനിച്ചവരാണ് മനുഷ്യര്‍; ബിരിയാണി കഴിക്കാന്‍ ജനിച്ചവര്‍ മൃഗങ്ങള്‍: ഹിമന്ത ബിശ്വ ശര്‍മ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ദിസ്പൂര്‍: ബിരിയാണി കഴിക്കാന്‍ ജനിച്ചവര്‍ മൃഗങ്ങളാണെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ.
നഗോണ്‍ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു മുഖ്യമന്ത്രിയുടെ വിവാദ പ്രസ്താവന. തന്നെ ദൈവം സൃഷ്ടിച്ചത് ബിരിയാണി കഴിക്കാനാണെന്ന കോണ്‍ഗ്രസ് എം.പി റാക്കിബുല്‍ ഹുസൈന്റെ പരിഹാസത്തിനെതിരെയായിരുന്നു ഹിമന്തയുടെ പരാമര്‍ശം.

‘അമ്മയുടെ പാല്‍ കുടിക്കാന്‍ ജനിച്ചവരാണ് മനുഷ്യര്‍, എന്നാല്‍ ബിരിയാണി തിന്നാന്‍ മാത്രം ജനിച്ചവര്‍ മൃഗങ്ങളാണ്,’ ബി.ജെ.പി നേതാവ് പറഞ്ഞു.

കഴിഞ്ഞ ദിവസങ്ങളില്‍ കോണ്‍ഗ്രസ് നേതാവിനെ ‘ബകാസുരന്‍’ എന്ന് വിശേഷിപ്പിച്ച മുഖ്യമന്ത്രി, സര്‍ക്കാര്‍ പദ്ധതികളുടെ ഫണ്ട് അദ്ദേഹം വിഴുങ്ങുകയാണെന്ന് ആരോപിച്ചിരുന്നു. ഇതിന് മറുപടിയായാണ് താന്‍ ജനിച്ചത് ബിരിയാണി കഴിച്ച് ജീവിക്കാനാണെന്ന് ധൂബ്രി എം.പി റക്കിബുള്‍ ഹുസൈന്‍ പരിഹസിച്ചത്.

ഈ പരാമര്‍ശത്തെ ചൂണ്ടിക്കാണിച്ചാണ് മുഖ്യമന്ത്രിയുടെ പുതിയ പ്രസ്താവന. മണ്ഡലത്തില്‍ വികസന മുരടിപ്പാണുള്ളതെന്നും നാഗോണ്‍ മണ്ഡലം ബുദ്ധിമുട്ടിലാണെന്നും പറഞ്ഞ ഹിമന്ത ബി.ജെ.പി സര്‍ക്കാറിന്റെ വികസന നേട്ടങ്ങളെക്കുറിച്ചും സംസാരിച്ചു.

ഇത്തവണത്തെ ഉപതെരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ പ്രതിപക്ഷത്തിന് ഇ.വി.എമ്മിലൂടെ കൃത്യമായ മറുപടി നല്‍കുമെന്നും വാദിച്ചു. ഒക്ടോബര്‍ ആറിനാണ് നാഗോണ്‍ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ഒക്ടോബര്‍ ഒമ്പതിന് വോട്ടെണ്ണലും നടക്കും.

പ്രദ്യുത് ബോര്‍ഡോലോയ് കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നതോടെയാണ് ഉപതെരഞ്ഞെടുപ്പ് ആവശ്യമായി വന്നത്. അസം നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പായിരുന്നു ഈ കൂറുമാറ്റം.

Content Highlight: Humans are born to drink mother’s milk; animals are born to eat biryani: Himanta Biswa Sarma.

We use cookies to give you the best possible experience. Learn more