സൗന്ദല: മാഹാരാഷ്ട്രയിലെ അഹല്യാ നഗര്‍ ജില്ലയില്‍ സ്വയം ജാതി രഹിത ഗ്രാമമായി പ്രഖ്യാപിച്ച് സൗന്ദല ഗ്രാമം.
ഫെബ്രുവരി അഞ്ചിന് നടന്ന പ്രത്യേക ഗ്രാമ സഭയിലാണ് ഇതുമായി ബന്ധപ്പെട്ട പ്രമേയം പാസാക്കിയത്.
മറാത്തിയില്‍ തയ്യാറാക്കിയ പ്രമേയം സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവ മാര്‍ഗനിര്‍ദേശ തത്വങ്ങളായി അംഗീകരിച്ചു.
പഞ്ചായത്ത് തലവന്‍ ശര്‍ദ്‌റാവു അര്‍ഡെ ഒരു സന്നദ്ധ രക്ത ദാന ക്യാമ്പോടെയാണ് ജാതിരഹിതമായ പ്രമേയം പാസാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്,
‘നമ്മുടെ രക്തം പച്ചയോ നീലയോ അല്ല, അത് വെറും ചുവപ്പാണ്. ഒരിക്കല്‍ കലര്‍ന്നാല്‍ പിന്നെ ആര്‍ക്കും വേര്‍പ്പെടുത്താനാവില്ല,’ ഗ്രാമവാസികളെ അഭിസംബോധന ചെയ്ത്‌കൊണ്ട് അദ്ദേഹം പറഞ്ഞു.
ശേഷം പ്രമേയം അവതരിപ്പിക്കുകയായിരുന്നു. ‘ഇനി മുതല്‍ സൗന്ദല ഗ്രാമത്തില്‍ ആരും ജാതി പിന്തുടരുകയോ ഏതെങ്കിലും തരത്തിലുളള ജാതി ആചാരങ്ങള്‍ പിന്തുടരുകയോ ചെയ്യില്ല. പകരം ഗ്രാമ വാസികള്‍ പിന്തുടരുന്ന ഒരേയൊരു മതം മനുഷ്യത്വം മാത്രമായിരിക്കും,’ പ്രമേയത്തില്‍ പറയുന്നു.
പടിഞ്ഞാറന്‍ മഹാരാഷ്ട്രയിലെ അഹമ്മദ് നഗറായിരുന്ന അഹല്യനഗറിന് ജാതി അടിസ്ഥാനമാക്കിയുള്ള അതിക്രമങ്ങളുടെയും വര്‍ഗീയ സംഘര്‍ഷങ്ങളുടെയും ചരിത്രമാണുള്ളത്.
2014ല്‍ 17 വയസുള്ള ദലിത് കുട്ടിയുടെ കൊലപാതകമടക്കം നിരവധി ദുരഭിമാന കൊലകള്‍ക്കാണ് പ്രദേശം സാക്ഷ്യം വഹിച്ചത്.
അതിക്രമ സാധ്യതയുള്ള ജില്ലയുടെ പട്ടികയില്‍ അഹല്യനഗര്‍ ഇപ്പോഴും തുടരുന്നുണ്ട്.
ഗ്രാമത്തില്‍ നിരവധി ജാതി അതിക്രമങ്ങള്‍ നടന്നിട്ടുണ്ടെന്നും എന്നാല്‍ സാമൂഹിക അവബോധം വളര്‍ന്നതോടെ കേസുകള്‍ കുറഞ്ഞു എന്നും ഗ്രാമ തലവന്‍ പറഞ്ഞു.
ഇത്തരത്തിലുള്ള പ്രമേയം വ്യത്യസ്ത സമുദായങ്ങളെ വ്യത്യസ്ത ജാതികളിലേക്കും മതങ്ങളിലേക്കുമുള്ള വിവാഹങ്ങളിലേക്ക് നീങ്ങാന്‍ പ്രോത്സാഹിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഗ്രാമത്തില്‍ തുടര്‍ന്നും ജീവിക്കണമെങ്കില്‍ നിയമങ്ങള്‍ പാലിക്കണമെന്ന് ഗ്രാമവാസികള്‍ക്ക് അറിയാമെന്നും ശരദ്‌റാവു പറഞ്ഞു.
‘ഭരണകക്ഷികള്‍ രാജ്യത്തെ ഹിന്ദുക്കളും മുസ് ലിങ്ങളും, ഉയര്‍ന്ന ജാതിക്കാരും താഴ്ന്ന ജാതിക്കാരുമായി വിഭജിക്കാന്‍ ആഗ്രഹിക്കുന്നു. എന്നാല്‍ വളരെ ചെറിയ ഗ്രാമതലത്തില്‍ ഞങ്ങള്‍ അത് പരിഹരിക്കാന്‍ ശ്രമിക്കുകയാണ് അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലുട നീളമുള്ള സര്‍വകലാശാലകളില്‍ അതിക്രമങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് പരിഷ്‌ക്കരിച്ച പുതിയ യു.ജി.സി ചട്ടങ്ങള്‍ക്കെതിരായ പ്രതിഷേധങ്ങളാണ് ഈ തീരുമാനത്തെ സ്വാധീനിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
Content Highlight: Humanity is the only religion; Village in Maharashtra declares itself caste-free