ഗസ: ഗസയിൽ ‘മാനുഷിക നഗരം’ സൃഷ്ടിക്കുമെന്ന ഇസ്രഈൽ പ്രതിരോധ മന്ത്രി ഇസ്രഈൽ കാറ്റ്‌സിന്റെ പ്രഖ്യാപനത്തെ പരിഹസിച്ച് മുൻ ഇസ്രഈൽ പ്രധാനമന്ത്രി എഹുദ് ഓൾമെർട്ട്. ഇസ്രഈൽ പ്രതിരോധ മന്ത്രി പറയുന്ന മാനുഷിക നഗരം ഫലസ്തീനിലെ ജനങ്ങൾക്ക് കോൺസെൻട്രേഷൻ ക്യാമ്പായിരിക്കുമെന്ന് അദ്ദേഹം വിമർശിച്ചു.
അധിനിവേശ വെസ്റ്റ് ബാങ്കിൽ ഇസ്രഈലി കുടിയേറ്റക്കാർ കൊലപ്പെടുത്തിയ അമേരിക്കൻ പൗരന്റെയും ഫലസ്തീൻ പൗരന്റെയും ശവസംസ്കാര ചടങ്ങിൽ പങ്കെടുത്തതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
റഫയുടെ അവശിഷ്ടങ്ങളിൽ പണിയുന്നത് ഒരു കോൺസെൻട്രേഷൻ ക്യാമ്പായിരിക്കുമെന്നും ഫലസ്തീനികളെ അവിടെ നിർബന്ധിച്ച് പാർപ്പിക്കുന്നത് വംശീയ ഉന്മൂലനമാണെന്നും അദ്ദേഹം വിമർശിച്ചു.
ഗസയിലും വെസ്റ്റ് ബാങ്കിലും ഇസ്രഈൽ ഇതിനകം തന്നെ യുദ്ധക്കുറ്റകൃത്യങ്ങൾ ചെയ്തുകൊണ്ടിരുന്നുവെന്നും ക്യാമ്പ് നിർമാണം അക്രമം രൂക്ഷമാക്കുമെന്നും ഓൾമെർട്ട് പറഞ്ഞു.
‘അതൊരു കോൺസെൻട്രേഷൻ ക്യാമ്പായിരിക്കും. ഒരിക്കൽ അകത്ത് പ്രവേശിച്ചുകഴിഞ്ഞാൽ, മറ്റ് രാജ്യങ്ങളിലേക്ക് പോകാനല്ലാതെ ഫലസ്തീനികളെ പുറത്ത് വിടില്ലെന്ന് ഇസ്രഈൽ കാറ്റ്‌സ് പറഞ്ഞിട്ടുണ്ട്. അവരെ പുതിയ ‘മാനുഷിക നഗര’ത്തിലേക്ക് മാറ്റുന്നത് ഒരു വംശീയ ഉന്മൂലനത്തിന്റെ ഭാഗമാണെന്ന് പറയാൻ കഴിയും. അത് ഇതുവരെ സംഭവിച്ചിട്ടില്ല, പക്ഷേ സംഭവിക്കും. ലക്ഷക്കണക്കിന് ആളുകൾക്ക് വേണ്ടി ഒരു ക്യാമ്പ് സൃഷ്ടിക്കാനുള്ള ഇസ്രഈലിന്റെ ശ്രമം ഇത് തന്നെയാണ്,’ അദ്ദേഹം വിമർശിച്ചു.
മാസങ്ങൾ നീണ്ട ആക്രമങ്ങൾക്കും ഗസയിൽ കുടിയേറ്റ കേന്ദ്രങ്ങൾ നിർമിക്കാനുള്ള പദ്ധതികൾക്കും ശേഷം ഗസയിലെ ജനങ്ങളെ രക്ഷിക്കുമെന്ന മന്ത്രിമാരുടെ ആഹ്വാനങ്ങളും ‘മാനുഷിക നഗരം’ എന്ന സർക്കാരിന്റെ അവകാശവാദം വിശ്വസനീയമല്ലെന്ന് ഓൾമെർട്ട് പറഞ്ഞു.
‘ഗസയുടെ പകുതിയിലധികം പ്രദേശങ്ങളും വൃത്തിയാക്കാൻ അവർ ഒരു ക്യാമ്പ് നിർമിക്കുമ്പോൾ, ഫലസ്തീനികളെ രക്ഷിക്കുക എന്നതല്ല ഇതിന്റെ ഉദ്ദേശം എന്നത് വ്യക്തമാണല്ലോ. അവരെ നാടുകടത്തുക, അടിച്ചമർത്തുക എന്നതിൽ കുറഞ്ഞ ഒന്നും ഞാൻ ഇതിൽ നിന്നും പ്രതീക്ഷിക്കുന്നില്ല,’ അദ്ദേഹം പറഞ്ഞു.
അതേസമയം നിലവിൽ ഇസ്രഈൽ സൈന്യം നടത്തുന്ന സൈനിക നടപടികൾ വംശീയ ഉന്മൂലനത്തിന് തുല്യമല്ലെന്ന് ഓൾമെർട്ട് വാദിച്ചു. യുദ്ധസമയത്ത് സുരക്ഷക്കായി സാധാരണക്കാരെ ഒഴിപ്പിക്കുന്നത് അന്താരാഷ്ട്ര നിയമപ്രകാരം അനുവദനീയമാണെന്ന് അദ്ദേഹം അവകാശപ്പെട്ടു. കൂടാതെ സൈനിക പ്രവർത്തനങ്ങൾ അവസാനിച്ച പ്രദേശങ്ങളിലേക്ക് ഫലസ്തീനികൾ തിരിച്ചെത്തിയിട്ടുണ്ടെന്നും അദ്ദേഹം വാദിച്ചു.
ഇസ്രഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ പിന്തുണയോടെയാണ് ‘മാനുഷിക നഗരം’ പദ്ധതി നടപ്പിലാക്കുന്നത്. 2006 മുതൽ 2009 വരെ ഇസ്രഈൽ പ്രധാനമന്ത്രിയായിരുന്നു ഓൾമെർട്ട്.
Content Highlight: Humanitarian city’ would be concentration camp for Palestinians, says former Israeli PM