| Sunday, 31st August 2025, 4:54 pm

മനുഷ്യ-വന്യജീവി സംഘർഷം; സംസ്ഥാനം മുന്നോട്ടുവെച്ച നിർദേശങ്ങൾ കേന്ദ്രം അംഗീകരിച്ചില്ല: മുഖ്യമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിനായി 45 ദിവസം നീണ്ടുനിൽക്കുന്ന തീവ്രയജ്ഞ പരിപാടിക്ക് തുടക്കമായി.

മുഖ്യമന്ത്രി പിണറായി വിജയനാണ് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചത്. മൂന്ന് ഘട്ടങ്ങളായി നടപ്പാക്കുന്ന ഈ പദ്ധതി, ഓരോ ഘട്ടത്തിലും 15 ദിവസത്തെ കാലാവധിയിൽ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ പ്രാദേശിക തലത്തിൽ ഹെൽപ്പ് ഡെസ്കുകൾ രൂപീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

മനുഷ്യരുടെയും വന്യജീവികളുടെയും സുരക്ഷയ്ക്ക് തുല്യ പ്രാധാന്യം നൽകുന്ന ഒരു ഇടപെടലാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം.

വന്യജീവി ആക്രമണം തടയുന്നതിൽ കേന്ദ്ര സർക്കാരിന്റെ സഹകരണം ലഭിക്കുന്നില്ലെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. സംസ്ഥാനം മുന്നോട്ടുവെച്ച നിർദേശങ്ങൾ  അംഗീകരിക്കാൻ കേന്ദ്രം തയ്യാറാകുന്നില്ല.

അപകടകാരികളായ മൃഗങ്ങളെ വെടിവെച്ചുകൊല്ലുന്നതിനുള്ള നടപടിക്രമങ്ങൾ ലളിതമാക്കണമെന്ന ആവശ്യം പോലും കേന്ദ്രം പരിഗണിക്കുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

വന്യജീവികളുടെ ആവാസവ്യവസ്ഥ നശിക്കുന്നതാണ് മനുഷ്യ-വന്യജീവി സംഘർഷങ്ങൾ കൂടുന്നതിന്റെ പ്രധാന കാരണം എന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതിന് പരിഹാരമായി സർക്കാർ ചില നടപടികൾ സ്വീകരിച്ചു.

കാടുകളിൽ വളരുന്ന സസ്യങ്ങൾ നശിക്കുന്നതും അധിനിവേശ സസ്യങ്ങൾ വ്യാപിക്കുന്നതും മൃഗങ്ങൾക്ക് ഭക്ഷണം കിട്ടാതാക്കുന്നു. ഇതിന് പരിഹാരമായി, അധിനിവേശ സസ്യങ്ങൾ നീക്കം ചെയ്യുകയും ഫലവൃക്ഷങ്ങൾ വെച്ചുപിടിപ്പിക്കുകയും ചെയ്യും. വനത്തിനുള്ളിൽ വന്യജീവികൾക്ക് വെള്ളം ലഭ്യമാക്കുന്നതിനായി കേടായ ജലസംഭരണികൾ നന്നാക്കും.

നിലവിൽ പ്രവർത്തനരഹിതമായ 1954 കിലോമീറ്റർ സോളാർ ഫെൻസിങ് നന്നാക്കി,  794 കിലോമീറ്റർ പുതിയ ഫെൻസിങ് നിർമിച്ചു വരുന്നു. വന്യജീവി ആക്രമണങ്ങൾ തടയുന്നതിനായി ഒമ്പത് പുതിയ റാപ്പിഡ് റെസ്പോൺസ് ടീമുകൾക്ക് രൂപം നൽകി, ഇതോടെ ആർ.ആർ.ടികളുടെ എണ്ണം 28 ആയി, ഭൂപ്രകൃതിയും ഭൂവിനിയോഗവും കണക്കിലെടുത്ത്, വന്യജീവി സംഘർഷ ബാധിത പ്രദേശങ്ങളെ 12 ലാൻഡ്സ്കേപ്പുകളായി തിരിച്ച് ഓരോന്നിനും പ്രത്യേക പദ്ധതികൾ തയ്യാറാക്കും.

കഴിഞ്ഞ ഒമ്പത് വർഷത്തിനിടെ കേരളത്തിൽ വന്യജീവി ആക്രമണങ്ങളിൽ 884 പേർ മരിച്ചു. ഇതിൽ 594 പേർ പാമ്പുകടിയേറ്റാണ് മരിച്ചതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

പദ്ധതിയുടെ ആദ്യഘട്ടത്തിൽ പ്രാദേശിക തലത്തിൽ പരിഹരിക്കാവുന്ന വിഷയങ്ങളും രണ്ടാം ഘട്ടത്തിൽ ജില്ലാതല പ്രശ്നങ്ങളും മൂന്നാം ഘട്ടത്തിൽ സങ്കീർണ്ണമായ സംസ്ഥാനതല പ്രശ്നങ്ങളും പരിഗണിക്കും.

പരിഹരിക്കാൻ കഴിയാത്ത വിഷയങ്ങൾ കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
പ്രതിപക്ഷ വിമർശനങ്ങളെയും അദ്ദേഹം തള്ളിക്കളഞ്ഞു. യാഥാർഥ്യങ്ങൾ മനസ്സിലാക്കാതെയാണ് ചിലർ സംസ്ഥാന സർക്കാരിനെ വിമർശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Content Highlight: Human-wildlife conflict; Chief Minister Pinarayi Vijayan inaugurated 45-day action plan in Kerala.

We use cookies to give you the best possible experience. Learn more