| Thursday, 2nd April 2026, 11:28 am

ജാര്‍ഖണ്ഡില്‍ നരബലി;13 വയസുകാരിയെ കൊലപ്പെടുത്തി; മൂന്ന് പേര്‍ അറസ്റ്റില്‍

അനിത സി

റാഞ്ചി:ജാര്‍ഖണ്ഡിലെ ഹസാരിബാഗ് ജില്ലയില്‍ 13 വയസുകാരിയെ നരബലിക്ക് ഇരയാക്കിയതായി റിപ്പോര്‍ട്ട്. കുസുംഭ ഗ്രാമത്തിലാണ് മന്ത്രവാദ പൂജയുടെ പേരില്‍ 13കാരിയായ പെണ്‍കുട്ടിയെ ബന്ധുക്കളും മന്ത്രവാദിനിയും ചേര്‍ന്ന് കൊലപ്പെടുത്തിയതെന്ന് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.

കഴുത്തുഞെരിച്ചാണ് കുട്ടിയെ കൊലപ്പെടുത്തിയിരിക്കുന്നതെന്ന് ഹസാരിബാഗ് പൊലീസ് അറിയിച്ചു. സംഭവത്തില്‍ പ്രത്യേക പൊലീസ് സംഘം മൂന്നുപേരെ അറസ്റ്റ് ചെയ്തു. മരിച്ച കുട്ടിയുടെ അമ്മ രശ്മി ദേവി(35), സുഹൃത്ത് ഭീം റാം, മന്ത്രവാദിനിയായ ശാന്തി ദേവി, എന്നിവരാണ് അറസ്റ്റിലായത്.

ശാരീരികവും മാനസികവുമായ അസുഖങ്ങള്‍ ബാധിച്ച ഇളയ മകന്റെ അസുഖം ഭേദമാകാനായി രശ്മി ദേവി സ്ഥിരമായി ശാന്തി ദേവിയെ മന്ത്രവാദ പൂജകള്‍ക്കായി സമീപിച്ചിരുന്നുവെന്നാണ് വിവരം. മകന്റെ അസുഖം ഭേദമാകാന്‍ കന്യകയായ ഒരു പെണ്‍കുട്ടിയെ ബലി നല്‍കണമെന്ന് ശാന്തിദേവി രശ്മി ദേവിയെ അറിയിച്ചിരുന്നു.

ഇതുപ്രകാരം മാര്‍ച്ച് 24ന് രാമനവമി ദിനത്തില്‍ രാത്രി ശാന്തിദേവിയുടെ വീട്ടില്‍ എത്തിച്ച് കുട്ടിയെ രശ്മി ദേവിയും ഭീം റാമും ചേര്‍ന്ന് കൊലപ്പെടുത്തുകയായിരുന്നെന്ന് ഹസാരിബാഗ് പൊലീസ് സൂപ്രണ്ട് അഞ്ജനി അഞ്ജന്‍ പറഞ്ഞു.

പെണ്‍കുട്ടിയുടെ സ്വകാര്യഭാഗത്ത് മരക്കൊമ്പ് കൊണ്ട് മുറിവുണ്ടാക്കി ബലാത്സംഗത്തിനിടെ കൊലപ്പെട്ടതെന്ന് വരുത്തി തീര്‍ക്കാനും ഇതുവഴി അന്വേഷണത്തിന്റെ വഴി തിരിച്ചുവിടാനും പ്രതികള്‍ ശ്രമിച്ചതായും പൊലീസ് പറഞ്ഞു. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പെണ്‍കുട്ടി ബലാത്സംഗത്തിനിരയായിട്ടില്ലെന്ന് വ്യക്തമായിരുന്നു.

പെണ്‍കുട്ടിയുടെ സ്വകാര്യ ഭാഗത്ത് മുറിവുണ്ടാക്കിയത് ബലി നല്‍കുന്ന ആചാരത്തിനായി രക്തമെടുക്കാന്‍ വേണ്ടിയാണെന്നും പെണ്‍കുട്ടിയുടെ തലയ്ക്കടിച്ച് മാരകമായി മുറിവേല്‍പ്പിച്ചിരുന്നെന്നും പൊലീസ് പറഞ്ഞു.

മാര്‍ച്ച് 24 ന് രാത്രിയിലായിരുന്നു കൊലപാതകം. കുസുംഭ ഗ്രാമത്തില്‍ നിന്ന് രാമനവമി ഘോഷയാത്രയായ മംഗള ജുലുസിനിടയില്‍ വെച്ച് പെണ്‍കുട്ടിയെ കാണാതായെന്ന് കുട്ടിയുടെ അമ്മ നാട്ടുകാരെ അറിയിച്ചിരുന്നു.

പിറ്റേന്ന് രാവിലെ 8.30 ഓടെ, സമീപത്തെ ഒരു സ്‌കൂളിന് പിന്നിലെ മുളങ്കാട്ടില്‍ നിന്ന് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി. സംഭവത്തില്‍ കേസെടുത്ത് പ്രാഥമികാന്വേഷണം നടത്തിയ പൊലീസ് സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് തുടക്കം മുതല്‍ സംശയിച്ചിരുന്നു.

തുടര്‍ന്ന് വിശദമായ അന്വേഷണത്തിനായി ജാര്‍ഖണ്ഡ് ഡയറക്ടര്‍ ജനറല്‍ ഓഫ് പൊലീസിന്റെയും ഹസാരിബാഗ് പൊലീസ് സൂപ്രണ്ടിന്റെയും നിര്‍ദേശപ്രകാരം മാര്‍ച്ച് 26 ന് ഒരു പ്രത്യേക അന്വേഷണ സംഘം കേസ് ഏറ്റെടുത്തു. പിന്നീട് നടന്ന വിശദമായ അന്വേഷണത്തില്‍ നരബലിയാണ് നടന്നതെന്ന് തെളിഞ്ഞു.

Content Highlight: Human sacrifice in Jharkhand; 13-year-old girl murdered; three arrested

അനിത സി

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more