| Monday, 3rd October 2016, 11:20 am

ഇടമലക്കുടിയില്‍ മൂന്ന് പെണ്‍കുട്ടികളെ നരബലിക്ക് വിധേയമാക്കിയതായി വെളിപ്പെടുത്തല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗോത്രദൈവങ്ങളെ പ്രീതിപ്പെടുത്താനാണ് പെണ്‍കുട്ടികളെ ബലി നല്‍കിയതെന്നും കഴിഞ്ഞ എട്ട് മാസത്തിനുള്ളിലാണ് മൂന്ന് നരബലിയും നടന്നതെന്നും മനുഷ്യാവകാശ സമൂഹികനീതി കമ്മീഷന്‍ എന്ന സംഘടനയുടെ പ്രവര്‍ത്തകര്‍ ഡി.ജി.പിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. 


ഇടുക്കി: ഇടമലക്കുടിയില്‍ മൂന്ന് പെണ്‍കുട്ടികളെ ബലി കൊടുത്തുവെന്ന പരാതിയുമായി സന്നദ്ധസംഘടന പ്രവര്‍ത്തകര്‍.  ദല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ സാമൂഹിക നീതി കമ്മീഷന്‍ എന്ന സംഘടനയാണ് ഞെട്ടിപ്പിക്കുന്ന ഈ വെളിപ്പെടുത്തലുമായി രംഗത്ത് വന്നിരിക്കുന്നത്.

ഗോത്രദൈവങ്ങളെ പ്രീതിപ്പെടുത്താനാണ് പെണ്‍കുട്ടികളെ ബലി നല്‍കിയതെന്നും കഴിഞ്ഞ എട്ട് മാസത്തിനുള്ളിലാണ് മൂന്ന് നരബലിയും നടന്നതെന്നും മനുഷ്യാവകാശ സമൂഹികനീതി കമ്മീഷന്‍ എന്ന സംഘടനയുടെ പ്രവര്‍ത്തകര്‍ ഡി.ജി.പിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.


രണ്ട് മാസം മുന്‍പ് സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി ഇടമലക്കുടിയില്‍ എത്തിയപ്പോഴാണ് നരബലി നടന്ന കാര്യം തങ്ങള്‍ക്ക് നേരിട്ട് ബോധ്യപ്പെതെന്നും പരാതിയിലുണ്ട്.

സംഘടനയുടെ പരാതിയെ തുടര്‍ന്ന് സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാന്‍ ഡി.ജി.പി ലോക്‌നാഥ് ബെഹറ ഉത്തരവിട്ടിട്ടുണ്ട്. വെളിപ്പെടുത്തലില്‍ എത്രത്തോളം വാസ്തവമുണ്ടെന്ന കാര്യം പോലീസ് പരിശോധിച്ചു വരികയാണ്. ഇടുക്കി എസ്.പിയുടെ നേതൃത്വത്തില്‍ മൂന്നാര്‍ സി.ഐ സാം ജോര്‍ജ്, സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി സജി എന്നിവരാണ് അന്വേഷണം നടത്തുക.

കേന്ദ്രസംസ്ഥാന രഹസ്യന്വേഷണ ഏജന്‍സികളും സ്വന്തം നിലയില്‍ സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നുണ്ട്. സംസ്ഥാനത്തെ ആദ്യത്തെ ആദിവാസി പഞ്ചായത്താണ് ഇടുക്കി ജില്ലയിലെ ഇടമലക്കുടി.

We use cookies to give you the best possible experience. Learn more