ബെയ്‌റൂട്ട്: ഖത്തറിലെ ബഹായി ദേശീയ ആത്മീയ അസംബ്ലിയുടെ പ്രസിഡന്റായ 71കാരന്‍ റെമി റൗഹാനിയെ അഞ്ചുവര്‍ഷം തടവുശിക്ഷ വിധിച്ച നടപടിക്കെതിരെ ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച്. പൊതു ക്രമസമാധാനവും മതപരവും സാമൂഹികവുമായ മൂല്യങ്ങള്‍ ലംഘിച്ചത് ചൂണ്ടിക്കാട്ടിയാണ് ദോഹ കോടതി കഴിഞ്ഞ ബുധനാഴ്ച റൗഹനിക്കെതിരെ ശിക്ഷ വിധിച്ചത്.
എന്നാല് ആവിഷ്‌കാര സ്വാതന്ത്ര്യത്തിനും മതസ്വാതന്ത്ര്യത്തിനുമുള്ള അവകാശങ്ങള്‍ വിനിയോഗിച്ചതിനാണ് റൗഹാനിയെ ശിക്ഷിച്ചതെന്ന് എച്ച്.ആര്‍.ഡബ്ല്യു പറഞ്ഞു. സോഷ്യല്‍ മീഡിയയില്‍ ബഹായി വിശ്വാസം പ്രചരിപ്പിച്ചതിനായിരുന്നു റൗഹാനിയക്കെതിരെ നടപടി സ്വീകരിച്ചത്.
‘മതപരമായ സ്വാതന്ത്ര്യത്തെയും ഖത്തറിലെ ബഹായി സമൂഹത്തിനുള്ളിലെ പ്രവര്‍ത്തനങ്ങളുടെയും പേരില്‍ മാത്രം റെമി റൗഹാനിയെ തുടര്‍ച്ചയായ കുറ്റങ്ങള്‍ ചുമത്തി അഞ്ചുവര്‍ഷത്തേക്ക് തടവില്‍ പാര്‍പ്പിക്കുന്നത് ഗുരുതരമായ മനുഷ്യാവകാശ ലംഘനമാണ്.
ഖത്തര്‍ അധികാരികള്‍ മൗലിക സ്വാതന്ത്ര്യങ്ങളെ മാനിക്കുകയും റൗഹാനിയെ ഉടന്‍ മോചിപ്പിക്കുകയും വേണം,’ഹ്യൂമന്‍ റൈറ്റ്‌സ് വാച്ചിന്റെ മിഡിലീസ്റ്റ് നോര്‍ത്ത് ആഫ്രിക്ക ഡെപ്യൂട്ടി ഡയറക്ടര്‍ മൈക്കല്‍ പേജ് പറഞ്ഞു.
എന്നാല്‍ ഇസ്ലാമിന്റെ അടിത്തറകളെയും അധ്യാപനങ്ങളെയും ചോദ്യം ചെയ്യുന്ന ആശയങ്ങള്‍ പ്രചരിപ്പിച്ചു എന്നിവയാണ് റൗമിക്കെതിരെയുള്ള ചുമത്തിയ കുറ്റങ്ങള്‍.
ഖത്തറിലെ ഭരണഘടന ലിംഗഭേദം, ഉത്ഭവം, ഭാഷ അല്ലെങ്കില്‍ മതം എന്നിവയെ അടിസ്ഥാനമാക്കിയുള്ള വിവേചനം ഔദ്യോഗികമായി നിരോധിക്കുകയും ആരാധനാ സ്വാതന്ത്ര്യത്തിന് ഊന്നല്‍ നല്‍കുകയും ചെയ്യുന്നുണ്ട്. ഇത് നിലനില്‍ക്കുമ്പോഴാണ് റൗഹാനിയയെ തടവ് ശിക്ഷയ്ക്ക് വിധിച്ചത്.
കഴിഞ്ഞ ഏപ്രിലില്‍ ഒരു മാസത്തെ തടവിന് ശേഷം ജയില്‍ മോചിതനായി മാസങ്ങള്‍ക്ക് ശേഷമാണ് അജ്ഞാത അക്കൗണ്ടില്‍ പോസ്റ്റ് കാരണം റെമിയെ വീണ്ടും ശിക്ഷിച്ചത്. ലോകമെമ്പാടുമുള്ള ഏഴ് ദശലക്ഷത്തിലധികം അനുയായികള്‍ ഉണ്ടെന്ന് പറയുന്ന ബഹായി സമൂഹം 1817ല്‍ ഇറാനില്‍ ജനിച്ച ബഹാവുള്ളയെയാണ് പ്രവാചകനായി കാണുന്നത്.