വാഷിങ്ടണ്: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര് ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപപ്പെട്ട് ദല്ഹിയിലും ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിലുമായി നടക്കുന്ന വിദ്യാര്ത്ഥി പ്രക്ഷോഭങ്ങളെ അടിച്ചമര്ത്താനുള്ള നടപടികളില് ആശങ്കയറിച്ച് യു.എസ് ഡെമോക്രാറ്റിക് നിയമസഭാംഗങ്ങള്.
ഈ വിഷയത്തില് ഇന്ത്യയിലെ പ്രതിനിധികളുമായി ചര്ച്ച ചെയ്യണമെന്ന് പ്രമീള ജയപാല്, ഇല്ഹാന് ഒമര് എന്നിവരുള്പ്പെടയുള്ള ആറ് അംഗങ്ങള് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാര്ക്കോ റൂബിയോയോട് ആവശ്യപ്പെട്ടു. റൂബിയോ അടുത്തയാഴ്ച ഇന്ത്യ സന്ദര്ശിക്കാനിരിക്കെയാണ് കോണ്ഗ്രസ് അംഗങ്ങള് കത്തയച്ചിരിക്കുന്നത്.
കോക്രോച്ച് ജനതാ പാര്ട്ടിയെ പിന്തുണച്ച് പ്രകടനങ്ങള് നടത്തുന്ന പ്രതിഷേധക്കാരെ നിരീക്ഷിക്കാന് ഇന്ത്യന് എംബസിയും മറ്റ് അമേരിക്കന് നഗരങ്ങളിലെ കോണ്സുലേറ്റുകളും ഫോട്ടോഗ്രാഫര്മാരെ വിന്യസിച്ചതായി കോണ്ഗ്രസ് അംഗങ്ങളായ ജയപാല്, ഒമര്, ജിം മക്ഗൊവന്, റാഷിദ തൈബ്, എലനോര് ഹോംസ് നോര്ട്ടണ്, ജീസസ് ഗാര്സിയ എന്നിവര് പറയുന്നു.
‘ദല്ഹിയിലും ഇന്ത്യയിലുടനീളമുള്ള മറ്റ് പ്രദേശങ്ങളിലും വിദ്യാര്ത്ഥി പ്രതിഷേധത്തിനിടെ സുരക്ഷാ സേനയുടെ അടിച്ചമര്ത്തല്, തെറ്റായ തടങ്കല്, അമിതമായ ബലപ്രയോഗം എന്നിവയെക്കുറിച്ച് ഞങ്ങള് ആശങ്കയോടെയാണ് എഴുതുന്നത്,’ വെള്ളിയാഴ്ച റൂബിയോയ്ക്ക് അയച്ച കത്തില് കോണ്ഗ്രസ് അംഗങ്ങള് പറഞ്ഞു.
മുന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്മേന്ദ്ര പ്രധാനെതിരെ നടന്ന സി.ജെ.പി പ്രതിഷേധങ്ങളും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര് ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് നടന്ന് കൊണ്ടിരിക്കുന്ന സമരങ്ങളും പ്രതിഷേധക്കാര്ക്കെതിരെ അമിതമായ ബലപ്രയോഗം നടത്തിയതിന്റെ ഉദാഹരണങ്ങളായി കത്തില് ചൂണ്ടിക്കാട്ടി.
എസ്.ഐ.ആറിന്റെ ഭാഗമായി 130 ദശലക്ഷം വോട്ടര്മാര് കരട് വോട്ടര് പട്ടികയില് നിന്ന് പുറത്തായതില് കോണ്ഗ്രസ് അംഗം ജയപാല് ആശങ്ക പ്രകടിപ്പിച്ചു.കൂടാതെ സി.ജെ.പിക്ക് തന്റെ പിന്തുണയറിയിക്കുകയും ചെയ്തിട്ടുണ്ട്.
പ്രതിഷേധങ്ങളോടുള്ള പൊലീസിന്റെ പ്രതികരണവും മനുഷ്യാവകാശലംഘനങ്ങളും സംബന്ധിച്ച് സമഗ്രവും സുതാര്യവും സ്വതന്ത്രവുമായ അന്വേഷണം ആരംഭിക്കാന് ഇന്ത്യന് സര്ക്കാരില് സമ്മര്ദം ചെലുത്തണമെന്നും റൂബിയോയ്ക്ക് അയച്ച കത്തില് കോണ്ഗ്രസ് അംഗങ്ങള് ആവശ്യപ്പെട്ടിട്ടുണ്ട്.
അഭിപ്രായ സ്വാതന്ത്ര്യത്തിനും സംഘടിക്കുന്നതിനുമുള്ള അവകാശങ്ങള് സമാധാനപരമായി വിനിയോഗിച്ചതിന് ഇന്ത്യന് അന്താരാഷ്ട്ര നിയമങ്ങള് ലംഘിച്ച് തടവിലാക്കപ്പെട്ട ഏതൊരു വ്യക്തിയേയും മോചിപ്പിക്കാന് റൂബിയോ ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു.
എന്നാല് ജയപാലിന്റെ പരാമര്ശങ്ങളെ വിമര്ശിച്ച് യു.എസിലെ ഇന്ത്യന് അംബാസഡര് വിനയ് മോഹന് ക്വാത്ര രംഗത്തെത്തിയിട്ടുണ്ട്. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില് ഇടപെടുന്നത് അസ്വീകാര്യമാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
Content Highlight:Human rights violations occurring against anti-CAA protests; India must be questioned: Letter from U.S. Congress members to Marco Rubio