താമരശ്ശേരി: താമരശേരി താലൂക്ക് ആശുപത്രിയില്‍ രോഗികൾക്ക് കേടായ മരുന്ന് ലഭിച്ച സംഭവത്തിൽ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ. സംഭവത്തിൽ രണ്ടാഴ്ചക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ താമരശേരി താലൂക്ക് ആശുപത്രി സൂപ്രണ്ടിന് നിർദേശം നൽകിയിട്ടുണ്ട്. ജൂലൈ 29ന് കോഴിക്കോട് നടക്കുന്ന സിറ്റിങ്ങിൽ കേസ് പരിഗണിക്കുമെന്നും മനുഷ്യാവകാശ കമ്മീഷൻ പറഞ്ഞു.
ഈ മാസം 10, 11 തിയതികളിലായിരുന്നു താമരശേരി താലൂക്ക് ആശുപത്രിയില്‍ രോഗികൾക്ക് കേടായ മരുന്ന് നൽകിയത്. പൂനൂർ സ്വദേശിയായ പ്രഭാകരനും മകനും രണ്ട് തവണ ഉപയോഗശൂന്യമായ മരുന്നുകൾ ലഭിച്ചു.
വടകരയില്‍ ബാര്‍ബര്‍ ഷോപ്പ് നടത്തിപ്പുകാരനായ പൂനൂര്‍ സ്വദേശി പ്രഭാകരന്‍ വാഹനാപകടത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്നാണ് ജൂലൈ 10 ന് താമരശേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടുന്നത്. ഡോക്ടര്‍ നല്‍കിയ കുറുപ്പടി പ്രകാരം ആശുപത്രിയിലെ നീതി ലാബില്‍ നിന്ന് ഗുളികകളും വാങ്ങി. വീട്ടിലെത്തി മരുന്നുകള്‍ തുറന്ന് നോക്കുമ്പോഴാണ് ഗുളികകളില്‍ കറുത്ത പൂപ്പല്‍ ഉള്ളതായികണ്ടത്.
തുടർന്ന് പിറ്റേദിവസം തന്നെ അദ്ദേഹം ആശുപത്രിയിൽ എത്തുകയും മരുന്ന് മാറ്റി വാങ്ങിക്കുകയും ചെയ്തു. മകനും ഇദ്ദേഹത്തോടൊപ്പം പോയിരുന്നു. മകൻ ആൻ അലർജിക്ക് ചികിത്സ തേടുകയും ചെയ്തിരുന്നു. മകന് ലഭിച്ച മരുന്നുകള്‍ രാത്രി കഴിക്കാനായി തുറന്നപ്പോഴാണ് അവ കേടാണെന്നും ഉപയോഗിക്കാൻ സാധിക്കാത്തവയാണെന്നും മനസിലായത്.
2026 വരെ എസ്പിയറി ഡേറ്റ് ഉള്ള മരുന്നുകളാണ് ലഭിച്ചതെങ്കിലും അവ കേടായിരുന്നു. രണ്ട് തവണയായി ലഭിച്ച മരുന്നും കേടായ സ്ഥിതിക്ക് ഒരു ബാച്ചിലെ മരുന്നുകള്‍ മുഴുവന്‍ കേടായതാണോ എന്ന് പരിശോധിക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. അതേസമയം സംഭവത്തിൽ ഔദ്യോഗികമായ പരാതിയൊന്നും ലഭിച്ചിട്ടില്ല എന്നാണ് ആശുപത്രി അധികൃതർ നൽകിയ വിശദീകരണം. വിഷയത്തില്‍ ഡി.എം.ഒ അടക്കമുള്ളവര്‍ക്ക് പരാതി നല്‍കുമെന്ന് കുടുംബം വ്യക്തമാക്കിയിരുന്നു. പിന്നാലെയാണ് മനുഷ്യാവകാശ കമ്മീഷന്റെ നടപടി.
Content Highlight: Human Rights Commission registers case after receiving spoiled medicine from Thamarassery Taluk Hospital