| Friday, 22nd May 2015, 1:45 pm

നൈജീരീയന്‍ ഹോട്ടലില്‍ മനുഷ്യമാംസം വിളമ്പുന്നുവെന്ന് തെറ്റായ വാര്‍ത്ത; ബിബിസി മാപ്പ് പറഞ്ഞു

ഡൂള്‍ന്യൂസ് ഡെസ്‌ക്

അബുജ: നൈജീരിയയിലെ അനാമ്പ്രയിലെ ഒരു റസ്റ്റോറന്റില്‍ മനുഷ്യ മാംസം വിളമ്പുന്നുണ്ടെന്ന് തെറ്റായ വാര്‍ത്ത നല്‍കിയതിന് ബി.ബി.സി നൈജീരിയയോട് മാപ്പുപറഞ്ഞു. തങ്ങള്‍ക്ക് തെറ്റു പറ്റിയെന്നും വെബ്‌സൈറ്റില്‍ നിന്നും വാര്‍ത്ത പിന്‍വലിച്ചുവെന്നും ബിബിസി വ്യക്തമാക്കി.

“നൈജീരിയന്‍ റസ്റ്റോറന്റിനെ കുറിച്ച് ഞങ്ങള്‍ പ്രസിദ്ധീകരിച്ച വാര്‍ത്ത ഞങ്ങള്‍ക്ക് തെറ്റു പറ്റിയതാണ്. അതിന് ഞങ്ങള്‍ മാപ്പു ചോദിക്കുന്നു. ബി.ബിസിയില്‍ കൃത്യമായ പരിശോധനകളില്ലാതെ പ്രസിദ്ധീകരിക്കപ്പെട്ട തെറ്റായ വാര്‍ത്തയായിരുന്നു അത്. ആ വാര്‍ത്ത ഞങ്ങള്‍ പിന്‍വലിക്കുകയും സംഭവത്തെ കുറിച്ച് അടിയന്തിരമായ അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.” ബിബി.സി പറഞ്ഞു.

ദിവസങ്ങള്‍ക്ക് മുമ്പാണ് ബി.ബി.സിയിലും ചില ദേശീയ പത്രങ്ങളിലും സോഷ്യല്‍ മീഡിയയിലും അനാമ്പ്രയിലെ ഒരു റസ്‌റ്റോറന്റില്‍ മനുഷ്യമാംസം വിളമ്പുന്നുണ്ടെന്ന വാര്‍ത്തകള്‍ പ്രചരിച്ചത്. അനാമ്പ്ര ഗവര്‍ണര്‍ വില്ലി ഓബിയാനോ ശക്തമായാണ് ഇതിനെതിരെ പ്രതികരിച്ചത്.

മാധ്യമങ്ങള്‍ ക്ഷമാപണം നടത്തിയതിനെ തുടര്‍ന്ന് ദേശീയ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കപ്പെട്ട വാര്‍ത്തകള്‍ തെറ്റാണെന്നും അത് മനസിലാക്കിയതിനെ തുടര്‍ന്ന് മാധ്യമങ്ങള്‍ ആ വാര്‍ത്തകള്‍ പിന്‍വലിക്കുകയും മാപ്പ് പറയുകയും ചെയ്തുവെന്നും വിശദീകരിച്ചുകൊണ്ട് സംസ്ഥാനത്തെ പുതിയ  ഇന്‍ഫര്‍മേഷന്‍ കമ്മീഷണര്‍ ഡോ. മേരി വോഗു പത്ര പ്രസ്താവനയിറിക്കി.

സംസ്ഥാനത്തെ അടിസ്ഥാന സൗകര്യത്തിലും സാമൂഹിക സാഹചര്യങ്ങളിലും ഉണ്ടായിരിക്കുന്ന ദ്രുതഗതിയിലുള്ള വികസനത്തിനെ തരം താഴ്ത്തി കാണിക്കാന്‍ ശ്രമിക്കുന്ന വികസന വിരുദ്ധരുടേയും ജനാധിപത്യ വിരോധികളുടേയും സൃഷ്ടിയാണ് സോഷ്യല്‍ മീഡിയകളില്‍ പ്രചരിച്ച ഇത്തരം വാര്‍ത്തകളെന്നും പ്രസ്താവനയില്‍ മേരി വ്യക്തമാക്കി.

Latest Stories

We use cookies to give you the best possible experience. Learn more