തിരുച്ചി: അരിയല്ലൂരിലെ ജയങ്കോണ്ടത്തിന് സമീപം കീഴവേലിയിലുള്ള സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ലാബ് അസിസ്റ്റന്റിന്റെ മേശപ്പുറത്ത് സ്കൂള്‍ ജീവനക്കാര്‍ മനുഷ്യവിസര്‍ജ്യം തള്ളിയതായി പരാതി. നവംബര്‍ 10നാണ് സംഭവമുണ്ടായത്. എന്നാല്‍ ശനിയാഴ്ച ലബോറട്ടറി അസിസ്റ്റന്റ് ജയങ്കോണ്ടം ഡെപ്യൂട്ടി എസ്.പി എ. വേല്മുരുകന് പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിയുന്നത്.
ഡെപ്യൂട്ടി എസ്.പിക്ക് നല്കിയ പരാതിയില്‍ ദലിത് അധ്യാപകരെ ഒരു മുറിയിലും മറ്റ് അധ്യാപകരെ മറ്റൊരു മുറിയിലുമാണ് ഇരുത്തുന്നതെന്ന് ലബോറട്ടറി അസിസ്റ്റന്റ് പി. കണ്ണദാസന് പറഞ്ഞു. രണ്ട് വര്‍ഷം മുമ്പ് ഒരു സോഷ്യല്‍ സയന്‍സ് അധ്യാപകന് സ്കൂളില്‍ ജോലിയില്‍ പ്രവേശിച്ചതിന് ശേഷമാണ് ഇത്തരം ജാതിവിവേചനം ആരംഭിച്ചതെന്നും അദ്ദേഹം പരാതിയില്‍ വ്യക്തമാക്കി.
നവംബര്‍ 10ന് നടന്ന സംഭവത്തെക്കുറിച്ച് പ്രധാനാധ്യാപകനെ അറിയിച്ചിരുന്നെങ്കിലും താന്‍ സ്കൂളിലെത്തുന്നതിന് മുമ്പ് വിസര്‍ജ്യം കഴുകി നീക്കിയിരുന്നുവെന്ന് ചീഫ് എജ്യുക്കേഷന്‍ ഓഫീസര്‍ (സി.ഇ.ഒ) രേണുഗോപാല്‍ പറഞ്ഞു.
എന്നാല്‍ ചില അധ്യാപകര്‍ സംഭവത്തിന്റെ ചിത്രങ്ങള്‍ പകര്‍ത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസില്‍ പരാതി നല്കാന് പ്രധാനാധ്യാപകനോട് നിര്‍ദേശിച്ചതെന്നും അദ്ദേഹം പറഞ്ഞു.
സംഭവസ്ഥലത്തുനിന്ന് ശേഖരിച്ചുവെന്ന് കരുതുന്ന വിസര്‍ജ്യത്തിന്റെ സാമ്പിളുകള്‍ ലബോറട്ടറി പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും പരിശോധനാഫലം കാത്തിരിക്കുകയാണെന്നും ടി.എന്‍.ഐ.ഇയോട് സംസാരിക്കവെ വേല്മുരുകന് അറിയിച്ചു.
അധ്യാപകര്‍ക്കിടയിലെ ജാതിവിവേചന പരാതികളില്‍ നടത്തിയ അന്വേഷണത്തിന്റെ ഭാഗമായി നവംബര്‍ 18ന് പ്രധാനാധ്യാപകന് മുരുകന് ഉള്‍പ്പെടെ മൂന്ന് പേരെ സി.ഇ.ഒ സ്ഥലംമാറ്റി. മുരുകനെ ശ്രീപുരന്തനിലേക്കാണ് മാറ്റി നിയമിച്ചത്.
അതേസമയം സംഭവത്തില്‍ പൊലീസ് അന്വേഷണം വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് തിങ്കളാഴ്ച കളക്ടറേറ്റിലേക്ക് പ്രതിഷേധം സംഘടിപ്പിക്കുമെന്ന് വിടുതലൈ ചിരുതൈഗള്‍ കക്ഷി (വി.സി.കെ) അറിയിച്ചു.
Content Highlight: Human excreta dumped on the desk of a Dalit lab assistant in Tamil Nadu; complaint alleges caste discrimination