| Tuesday, 6th March 2018, 9:57 am

മനുഷ്യരക്തം കൊണ്ട് കാളിയൂട്ട്; പ്രാകൃതാചാരത്തിന്റെ പോസ്റ്റര്‍ പുറത്തിറക്കി ക്ഷേത്രക്കമ്മിറ്റി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മനുഷ്യരക്തം കൊണ്ട് കാളിയൂട്ട് നടത്താനൊരുങ്ങി വിതുരയിലെ ദേവീക്ഷേത്രം. ജില്ലയിലെ ദേവിയോട് ശ്രീ വിദ്വാരി വൈദ്യനാഥ ക്ഷേത്രത്തിലാണ് പ്രാകൃതമായ ഈ ചടങ്ങ്. കാളിയൂട്ടിന്റെ വിവരങ്ങളടങ്ങിയ പോസ്റ്ററടിച്ചാണ് ക്ഷേത്രഭാരവാഹികള്‍ യജ്ഞം നടത്തുന്നത്.

മാര്‍ച്ച് 11 മുതല്‍ 24 വരെയുള്ള മഹോത്സവത്തിന്റെ ഭാഗമായാണ് രക്തയൂട്ട് നടക്കുന്നത്. രണ്ടാം ദിവസം മുതല്‍ ദിവസവും മനുഷ്യരക്തം കൊണ്ട് കാളിയെ കുളിപ്പിക്കുമെന്നാണ് പോസ്റ്ററില്‍.

ശാസ്ത്രീയ സുരക്ഷയോടെ ഗവണ്‍മെന്റ് അംഗീകൃത വിദഗ്ദ്ധരാല്‍ ഡിസ്പോസിബിള്‍ സിറിഞ്ച് ഉപയോഗിച്ച് ലഘുവായ അളവില്‍ രക്തം സ്വീകരിക്കുന്നു എന്നാണ് ക്ഷേത്രക്കമ്മിറ്റി പുറത്തിറക്കിയ നോട്ടീസില്‍ പറയുന്നത്. തയ്യാറാവുന്ന വിശ്വാസികളില്‍ നിന്ന് മാത്രമേ രക്തമെടുക്കൂ എന്നും ക്ഷേത്രഭാരവാഹികള്‍ പറയുന്നു.

അംഗീകൃത ലാബില്‍ നിന്നുള്ളവരാണ് രക്തം എടുക്കാനെത്തുക. പ്രത്യേകം സജ്ജമാക്കിയ സ്ഥലത്ത് തികച്ചും ശാസ്ത്രീയമായി സിറിഞ്ച് ഉപയോഗിച്ച് രണ്ടോ മൂന്നോ തുള്ളി രക്തം എടുക്കും. രണ്ടു തുള്ളി രക്തം അഗ്നിയില്‍ സമര്‍പ്പിക്കും. ഒരു തുള്ളി അരക്ത(മഞ്ഞളും ചുണ്ണാമ്പും കലര്‍ത്തിയ ജലം) ജലത്തില്‍ കലര്‍ത്തും. ഈ ജലം ഉപയോഗിച്ച് കാളിയെ കുളിപ്പിക്കും. ശേഷം സാധാരണ വെള്ളത്തില്‍ വീണ്ടും കുളിപ്പിക്കുമെന്ന് യജ്ഞത്തിന് നേതൃത്വം നല്‍കുന്ന മണികണ്ഠന്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.

“സുഖ-ദുഃഖങ്ങളുടെയും രോഗങ്ങളുടെയും ഉത്ഭവം മനസാണ്. മനസറിഞ്ഞ് ദേവിക്ക് രക്തം നല്‍കുന്നതിലൂടെ എന്റെ സര്‍വ്വ ദുഃഖങ്ങളും ദേവിക്ക് സമര്‍പ്പിച്ചു എന്നാണര്‍ത്ഥം. അതില്‍ നിന്ന് നേടുന്ന മാനസിക ബലമാണ് കാളി ഉപാസന കൊണ്ട് ലക്ഷ്യമാക്കുന്നത്. ഈ കാര്യം ബ്രിട്ടീഷുകാര്‍ക്ക് അറിയാമായിരുന്നു. അതുകൊണ്ടാണ് ഇന്ത്യക്കാരുടെ മനോവീര്യം തകര്‍ക്കാന്‍ അവര്‍ ശാക്തേയ ഉപാസന നിരോധിച്ചത്.” – അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ വര്‍ഷങ്ങളിലും നടത്തി വന്ന ആചാരമാണിതെന്നും എല്ലാ ശാക്തേയ പൂജകളിലും അവസാനം കയ്യില്‍ നിന്ന് രക്തം എടുത്ത് സമര്‍പ്പിക്കാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ആളുകള്‍ ആവേശത്തോടെ തന്നെയാണ് ഇതില്‍ പങ്കെടുക്കുന്നത്, രക്തം എന്ന് കേള്‍ക്കുമ്പോള്‍ ഇങ്ങനെ വികാരം കൊള്ളുന്നത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു. ഏറ്റവും സെന്‍സിറ്റീവ് ആയ സുന്നത്ത് കര്‍മ്മത്തെക്കുറിച്ച് എന്താണ് പറയാനുള്ളത്. അതില്‍ രക്തം വരാറില്ലേ. പക്ഷിക്കാവടി എന്ന് പറഞ്ഞ് റോഡ് നീളെ ദേഹത്ത് കൊളുത്ത് കൊളുത്തി പോവുന്നതില്‍ രക്തം വരാറില്ലേ. അദ്ദേഹം ചോദിക്കുന്നു.

നോട്ടീസിലുള്ള കാര്യങ്ങള്‍ ആളുകള്‍ ദുര്‍വ്യാഖ്യാനം ചെയ്യുന്നതാണെന്നും. തയ്യാറാവുന്നവരില്‍ നിന്ന് ഒന്നോ രണ്ടോ തുള്ളി രക്തം മാത്രമേ എടുക്കുന്നുള്ളൂ എന്നും ക്ഷേത്രഭാരവാഹിയായ അഡ്വ.കൃഷ്ണപിള്ള പറഞ്ഞു.

പഴയകാല ആചാരമായ നരബലിക്കു പകരമായുള്ള ആചാരമാണ് ഇതെന്നാണ് ചിലര്‍ ചൂണ്ടിക്കാണിക്കുന്നത്. നരബലി നിരോധനമുള്ളതിനാല്‍ അത് ഇത്തരത്തിലുള്ള ആചാരങ്ങളായി രൂപം മാറിയിട്ടുണ്ടെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു. മനുഷ്യനു പകരം മൃഗങ്ങളെയോ കോഴി പോലുള്ള പക്ഷികളെയുമാണ് ബലിനല്‍കാറ് പതിവെന്നും അവര്‍ പറയുന്നു. എന്നാല്‍ മനുഷ്യരക്തം ഉപയോഗിച്ച് ചടങ്ങുകള്‍ നടത്തുന്നുവെന്ന് കേള്‍ക്കുന്നത് ഇവിടെ ഒരുപക്ഷേ ഇതാദ്യമായിട്ടായിരിക്കുമെന്നും അവര്‍ വ്യക്തമാക്കുന്നു.

അതേസമയം, ഉത്സവത്തോട് അനുബന്ധിച്ച് നടക്കുന്ന കാളി യജ്ഞത്തെപ്പറ്റി അറിയില്ലെന്നാണ് വിതുര പൊലീസ് പറഞ്ഞത്. ഇതുവരെ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും നോട്ടീസ് ശ്രദ്ധയില്‍ പെട്ടതിന്റെ അടിസ്ഥാനത്തില്‍ അന്വേഷിച്ച് വരികയാണെന്നും പൊലീസ് അറിയിച്ചു.

ഇങ്ങനെ ഒരു ആചാരത്തെക്കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ലെന്ന് വിതുര പഞ്ചായത്ത് പ്രസിഡന്റ് എസ്.എല്‍ കൃഷ്ണകുമാരിയും പറയുന്നു. ഇത്തരത്തിലുള്ള ദുരാചാരങ്ങളെ പ്രോത്സാഹിപ്പിക്കുന്നില്ലെന്നും അന്വേഷിച്ച് സത്യമാണെങ്കില്‍ നടപടിയെടുക്കുമെന്നും അവര്‍ അറിയിച്ചു. ഒരു രാഷ്ട്രീയപ്പാര്‍ട്ടിയും ഇത്തരം ആചാരം അംഗീകരിക്കുമെന്ന് കരുതുന്നില്ലെന്നും കൃഷ്ണകുമാരി അഭിപ്രായപ്പെട്ടു.

We use cookies to give you the best possible experience. Learn more