| Saturday, 11th July 2026, 10:41 pm

ഒമ്പത് വര്‍ഷത്തെ കാത്തിരിപ്പ് അവസാനിക്കുന്നു, കിന്റല്‍ ഇടിയുമായി ഹള്‍ക്ക്... ഈ മുതലിനെ തടുക്കാന്‍ സ്‌പൈഡര്‍മാന്‍ പാടുപെടും

അമര്‍നാഥ് എം.

ഒരു വര്‍ഷത്തിന് ശേഷം മാര്‍വലിന്റെ ഒരു സിനിമ ബിഗ് സ്‌ക്രീനിലേക്കെത്തുകയാണ്. ഫേസ് സിക്‌സിലെ ആദ്യചിത്രമായ ഫന്റാസ്റ്റിക് ഫോര്‍ തരക്കേടില്ലാത്ത വിജയം സ്വന്തമാക്കിയിരുന്നു. ഇതിന് ശേഷം മാര്‍വലിന്റേതായി തിയേറ്ററുകളിലെത്തുന്ന ചിത്രമാണ് സ്‌പൈഡര്‍മാന്‍ ബ്രാന്‍ഡ് ന്യൂ ഡേ.  ചിത്രം റിലീസിന് തയാറെടുക്കുകയാണ്. അഞ്ച് വര്‍ഷത്തിന് ശേഷമാണ് സ്‌പൈഡര്‍മാന്റെ ഒരു ചിത്രം പ്രേക്ഷകരിലേക്കെത്തുന്നത്.

വന്‍ ബജറ്റിലൊരുങ്ങുന്ന ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റും ആരാധകര്‍ക്ക് ആവേശം നല്‍കിയിരുന്നു. ഡൂംസ്‌ഡേയ്ക്ക് മുമ്പുള്ള സാമ്പിള്‍ വെടിക്കെട്ടാകും ബ്രാന്‍ഡ് ന്യൂ ഡേയെന്ന് ഉറപ്പാണ്. ചിത്രത്തിന്റെ ടീസറിനും ട്രെയ്‌ലറിനും വന്‍ വരവേല്പാണ് ലഭിച്ചത്. മള്‍ട്ടിവേഴ്‌സ് പോര്‍ട്ടല്‍ അടച്ച ശേഷം എല്ലാവരും മറന്ന പീറ്റര്‍ പാര്‍ക്കര്‍ എങ്ങനെ സര്‍വൈവ് ചെയ്യുമെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

ബ്രാന്‍ഡ് ന്യൂ ഡേയില്‍ പലരും ആകാംക്ഷയോടെ കാത്തിരിക്കുന്നത് ഹള്‍ക്കിന്റെ തിരിച്ചുവരവിനാണ്. ഇന്‍ഫിനിറ്റി വാര്‍ മുതല്‍ പഴയ ഹള്‍ക്കിന്റെ നിഴല്‍ പോലുമില്ലാതിരിക്കുന്ന ബ്രൂസ് ബാനര്‍ ആരാധകര്‍ക്ക് ചെറിയ നിരാശ സമ്മാനിചിരുന്നു. എന്നാല്‍ ബ്രാന്‍ഡ് ന്യൂ ഡേയില്‍ ഹള്‍ക്ക് തന്റെ വിശ്വരൂപം പുറത്തെടുക്കുമെന്ന് ട്രെയ്‌ലര്‍ സൂചന നല്‍കുന്നുണ്ട്.

സൂപ്പര്‍ഹീറോകളുടെ ഉള്ളില്‍ ആളുകളെ കൊല്ലാനുള്ള ടെന്‍ഡന്‍സി സൃഷ്ടിക്കുന്ന വില്ലനാണ് ബ്രാന്‍ഡ് ന്യൂ ഡേയിലുള്ളതെന്നാണ് റൂമറുകള്‍. ഹള്‍ക്കും പീറ്റര്‍ പാര്‍ക്കറും തമ്മിലുള്ള ഫൈറ്റ് തിയേറ്ററുകളെ ഇളക്കിമറിക്കുമെന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്. തോര്‍; റാഗ്നറോക്കിലായിരുന്നു അവസാനമായി ഹള്‍ക്ക് ആക്ഷന്‍ മോഡിലെത്തിയത്.

ഒമ്പത് വര്‍ഷത്തിന് ശേഷമാണ് ഹള്‍ക്ക് ആക്ഷന്‍ മോഡിലേക്ക് തിരിച്ചെത്തുന്നത്. ഇന്‍ഫിനിറ്റി വാര്‍, എന്‍ഡ് ഗെയിം തുടങ്ങിയ ചിത്രങ്ങളില്‍ മറ്റ് സൂപ്പര്‍ഹീറോകളെപ്പോലെ ഹള്‍ക്കിന് സ്‌കോര്‍ ചെയ്യാനാകാത്തതും ഷീ ഹള്‍ക്കില്‍ കോമാളിയാക്കിയതും ആരാധകര്‍ക്ക് നിരാശ സമ്മാനിച്ചിരുന്നു. ഇഷ്ട സൂപ്പര്‍ഹീറോയെ കാണാനാഗ്രഹിക്കുന്ന രീതിയില്‍ ബ്രാന്‍ഡ് ന്യൂ ഡേയില്‍ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷ.

ഹള്‍ക്ക്- സ്‌പൈഡര്‍മാന്‍ ഫൈറ്റിനെക്കുറിച്ചുള്ള റിപ്പോര്‍ട്ട് പുറത്തുവന്ന സ്ഥിതിക്ക് ഇനിയും സര്‍പ്രൈസുകള്‍ ചിത്രത്തിലുണ്ടായേക്കുമെന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്. ജൂലൈ 31 ലോകമൊട്ടാകെ റിലീസ് ചെയ്യുന്ന ചിത്രം ഇന്ത്യയില്‍ ഒരുദിവസം മുന്നേയെത്തും. ബുക്കിങ് ആരംഭിച്ച പല സ്‌ക്രീനുകളിലും ഗംഭീര വരവേല്പാണ് ബ്രാന്‍ഡ് ന്യൂ ഡേയ്ക്ക് ലഭിക്കുന്നത്. ഈ വര്‍ഷത്തെ ആദ്യ വണ്‍ ബില്യണ്‍ ക്ലബ്ബ് സ്‌പൈഡര്‍മാനിലൂടെ ഓപ്പണാകുമെന്നാണ് കണക്കുകൂട്ടല്‍.

Content Highlight: Hulk vs Peter Parker fight in Spiderman Brand New Day

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more