ന്യൂ വേള്‍ഡ് ഓര്‍ഡറില്‍ കെവിന്‍ നാഷിനെ മാത്രം ബാക്കിയാക്കി ഹള്‍ക്ക് ഹോഗന്‍ സ്‌കോട്ട് ഹോളിന് കൂട്ടാകാന്‍ യാത്രയായിരിക്കുകയാണ്. എന്നാല്‍ വിട പറയും മുമ്പ് ടെറി ജീന്‍ ബോള്‍ലിയ എന്ന ജോര്‍ജിയക്കാരന്‍ പ്രോ റെസ്‌ലിങ്ങിന് സമ്മാനിച്ചത് പകരം വെക്കാനില്ലാത്ത മുഹൂര്‍ത്തങ്ങള്‍. ഇനി റിയല്‍ അമേരിക്കന്‍ എന്ന തീം സോങ്ങില്‍ റെസ്‌ലിങ് അരീനയെ ഹരം കൊള്ളിക്കാന്‍ തങ്ങളുടെ പ്രിയപ്പെട്ടവനില്ല എന്ന സത്യം വേദനയോടെ ആരാധകര്‍ ഉള്‍ക്കൊണ്ടുകഴിഞ്ഞു.
പ്രൊഫഷണല്‍ റെസ്‌ലിങ് രംഗത്ത് എക്കാലത്തെയും മികച്ച താരങ്ങളിലൊരാള്‍, ആ പദവിയിലേക്ക് നടന്നുകയറാന്‍ ഹള്‍ക്ക് ഹോഗന് ഏറെ കാലതാമസമുണ്ടായിരുന്നില്ല. റിങ്ങിനുള്ളിലെ ടെക്‌നിക്കല്‍ എബിലിറ്റിയും സഹതാരങ്ങളുമായുള്ള ഇന്‍ റിങ് കെമിസ്ട്രിയും ആരാധകരുമായുള്ള കണക്ഷനും ഹള്‍ക്ക് ഹോഗനെ ഇതിഹാസമാക്കി മാറ്റി. മികച്ച സ്‌റ്റോറി ലൈനുകളും അതിനേക്കാള്‍ മികച്ച പ്രൊമോ കട്ടിങ്ങും ആരാധകരില്‍ സൂപ്പര്‍ ഹീറോ പരിവേഷമാണ് ഹള്‍ക്ക് ഹോഗന് നല്‍കിയത്.
ഹള്‍ക്ക് ഹോഗന്‍
ഹോഗന്‍ റെസ്‌ലിങ് റിങ്ങിനോട് എന്നെന്നേക്കുമായി വിടപറയുമ്പോള്‍ ഒരു യുഗാന്ത്യം കൂടിയാണ് സംഭവിക്കുന്നത്. വര്‍ണവെറിയും ബാക്ക് സ്റ്റേജ് പൊളിറ്റിക്‌സും സ്റ്റോറി ലൈനുകളിലെ കൈകടത്തലുകളും കരിയറില്‍ കളങ്കമേല്‍പ്പിച്ചിരുന്നെങ്കിലും അദ്ദേഹത്തിന്റെ സ്‌കില്ലുകള്‍ പകരം വെക്കാനില്ലാത്തതായിരുന്നു.
1979ലാണ് ഹള്‍ക്ക് ഹോഗന്‍ വേള്‍ഡ് റെസ്‌ലിങ് ഫെഡറേഷനില്‍ അരങ്ങേറ്റം കുറിക്കുന്നത്. ഹാര്‍ഡ്‌കോര്‍ ഹള്‍ക്കമാനിയാക്‌സ് പോലും മറന്ന ടെറി ബോള്‍ലിയ എന്ന വില്ലന്‍ ക്യാരക്ടറായിട്ടായിരുന്നു ഫ്യൂച്ചര്‍ ഹോള്‍ ഓഫ് ഫെയ്മറിന്റെ അരങ്ങേറ്റം. ആദ്യ കാലങ്ങളില്‍ കാര്യമായ ചലനങ്ങളുണ്ടാക്കാനായില്ലെങ്കിലും 1983ല്‍ വിന്‍സ് മെക്മാന്‍ ജൂനിയറിന്റെ കീഴില്‍ ഹോഗന്‍ കമ്പനിയുടെ മുഖമായി വളര്‍ന്നു.
തൊട്ടടുത്ത വര്‍ഷം അയേണ്‍ ഷെയ്ഖിനെ പരാജയപ്പെടുത്തിയ ഹോഗന്‍ തന്റെ കരിയറിലെ ആദ്യ വേള്‍ഡ് റെസ്‌ലിങ് ഫെഡറേഷന്‍ ടൈറ്റിലും സ്വന്തമാക്കി. കാലങ്ങളോളം പ്രോ റെസ്‌ലിങ്ങിനെ ആവേശത്തിലാറാടിക്കാന്‍ പോന്ന ഹള്‍ക്കമാനിയയുടെ ഉദയം കൂടിയായിരുന്നു തിങ്ങി നിറഞ്ഞ മാഡിസണ്‍ സ്‌ക്വയര്‍ ഗാര്‍ഡനില്‍ ആരാധകര്‍ കണ്ടത്.
വേള്‍ഡ് റെസ്‌ലിങ് ഫെഡറേഷന്‍ / വേള്‍ഡ് റെസ്‌ലിങ് എന്റര്‍ടെയ്ന്‍മെന്റിന്റെ ഫ്‌ളാഗ്ഷിപ്പ് പേ പെര്‍ വ്യൂവായ റെസില്‍മാനിയയിലും ഹോഗന്‍ തന്റെ കയ്യൊപ്പ് പതിപ്പിച്ചു. റെസില്‍മാനിയയുടെ പര്യായം ദി അണ്ടര്‍ടേക്കറാകുന്നതിന് മുമ്പ് റെസില്‍മാനിയയെന്നാല്‍ ഹള്‍ക്ക് ഹോഗനായിരുന്നു. ഈ പേ പെര്‍ വ്യൂവിന്റെ ആദ്യ ഒമ്പത് എഡിഷനില്‍ എട്ടിലും ഹെഡ്‌ലൈനറായത് ഹോഗനായിരുന്നു.
റെസില്‍മാനിയ 3യില്‍ ആന്ദ്രേ ദി ജയന്റിനെതിരായ മാച്ച് പ്രോ റെസ്‌ലിങ്ങിന്റെ ചരിത്രത്തില്‍ സുവര്‍ണലിപികള്‍ കൊണ്ട് എഴുതിവെക്കപ്പെട്ടതായിരുന്നു. യു.എസ് ടെലിവിഷന്‍ ബ്രോഡ്കാസ്റ്റിങ്ങിന്റെ ചരിത്രത്തില്‍ ഏറ്റവുമധികം ആളുകള്‍ കണ്ട മാച്ചായി ഇത് ചരിത്രമെഴുതി. 520 പൗണ്ട് ഭാരമുള്ള ആന്ദ്രേ ദി ജയന്റിനെ ബോഡി സ്ലാം ചെയ്ത് ഹോഗന്‍ ലോകമെമ്പാടമുള്ള ഓരോ ഹള്‍ക്കമാനിയാക്‌സിനെയും ആവേശത്തിലാറാടിച്ചു.
1990ലെയും 1991ലെയും റോയല്‍ റംബിള്‍ മാച്ച് വിജയിച്ച് തുടര്‍ച്ചയായി ഈ മാച്ച് വിജയിക്കുന്ന ആദ്യ താരമായി ചരിത്രമെഴുതിയ ഹോഗന്‍ 1474 ദിവസം വേള്‍ഡ് ചാമ്പ്യനായി മറ്റൊരു ചരിത്രവും കുറിച്ചിരുന്നു.
ഹോഗന്റെ മികവില്‍ പ്രോ റെസ്‌ലിങ്ങിലെ മുടിചൂടാമന്നനായി ഡബ്ല്യൂ.ഡബ്ല്യൂ.എഫ് കുതിക്കുന്ന സമയം, തന്നെ താനാക്കിയ ഡബ്ല്യൂ.ഡബ്ല്യൂ.എഫിന്റെ കുതികാല്‍ വെട്ടി ഹോഗന്‍ റൈവല്‍ ബ്രാന്‍ഡായ വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ് റെസ്‌ലിങ് എന്ന ഡബ്ല്യൂ.സി.ഡബ്ല്യൂവിനൊപ്പം കൈകോര്‍ത്തു. കെവിന്‍ നാഷിനും സ്‌കോട്ട് ഹോളിനുമൊപ്പം കൈകോര്‍ത്ത് പ്രോ റെസ്‌ലിങ് രംഗത്തെ എക്കാലത്തെയും മികച്ച ഫാക്ഷനുകളിലൊന്നായ ന്യൂ വേള്‍ഡ് ഓര്‍ഡര്‍ എന്ന nWo രൂപീകരിക്കുകയും ചെയ്തു.
ന്യൂ വേള്‍ഡ് ഓര്‍ഡര്‍
റെസ്‌ലിങ് ലോകത്തെ ഏറ്റവും മികച്ച ബേബി ഫേസിന്റെ ഹീല്‍ ടേണ്‍ കൂടിയായിരുന്നു ന്യൂ വേള്‍ഡ് ഓര്‍ഡറിലൂടെ ആരാധകര്‍ കണ്ടത്. ബ്രൈറ്റ് യെല്ലോ അറ്റയറില്‍ നിന്നും കറുപ്പിലേക്ക് കൂടുമാറിയ ഹള്‍ക്ക് ഹോഗന്‍ ഹോളിവുഡ് ഹോഗനായി മാറി. ഹോഗനൊപ്പം ഡബ്ല്യൂ.സി.ഡബ്ല്യൂ റേറ്റിങ്ങില്‍ മുന്നോട്ട് കുതിച്ചു. വൂള്‍ഫ്പാക്കിനൊപ്പമുള്ള ന്യൂ വേള്‍ഡ് ഓര്‍ഡറിന്റെ ഫ്യൂഡും ഈ സക്‌സസില്‍ നിര്‍ണായകമായി.
എന്നാല്‍ വേള്‍ഡ് റെസ്‌ലിങ് ഫെഡറേഷന്റെ പണക്കൊഴുപ്പിന് മുമ്പില്‍ പിടിച്ചുനില്‍ക്കാനാകാതെ ഡബ്ല്യൂ.സി.ഡബ്ല്യൂ വീണുപോയി. ഡബ്ല്യൂ.സി.ഡബ്ല്യൂ ഡബ്ല്യൂ.ഡബ്ല്യൂ.ഇയില്‍ ലയിക്കുകയും ചെയ്തു.
2002ലാണ് ഹോഗന്റെ ഗംഭീര തിരിച്ചുവരവിന് ആരാധകര്‍ സാക്ഷിയായത്. ബാക്ക്‌ലാഷ് 2002ല്‍ ട്രിപ്പിള്‍ എച്ചിനെ പരാജയപ്പെടുത്തിയ താരം ആറാം തവണയും പ്രൊമോഷന്റെ പ്രസ്റ്റീജ്യസ് ടൈറ്റില്‍ സ്വന്തമാക്കി.
റെസില്‍മാനിയ 18ല്‍ ദി റോക്കിനെതിരെ ഐക്കണ്‍ vs ഐക്കണ്‍ മാച്ച് സ്റ്റാര്‍ റേറ്റിങ്ങുകള്‍ കൊണ്ട് വിലയിരുത്താന്‍ പറ്റാത്തതായി മാറി. ആ സമയം ഹീല്‍ ക്യാരക്ടറായിരുന്നെങ്കിലും ബേബി ഫേസായ റോക്കിനേക്കാള്‍ ഓവേഷന്‍ ലഭിച്ചത് ഹോഗന് തന്നെയായിരുന്നു.
2005ല്‍ വേള്‍ഡ് റെസ്‌ലിങ് എന്റര്‍ടെയ്ന്‍മെന്റ് തങ്ങളുടെ ഹോള്‍ ഓഫ് ഫെയ്മിലേക്കും ഹോഗനെ തെരഞ്ഞെടുത്തു. 15 വര്‍ഷങ്ങള്‍ക്കിപ്പുറം 2020ല്‍ ന്യൂ വേള്‍ഡ് ഓര്‍ഡറിനൊപ്പവും വേള്‍ഡ് ഓഫ് ഫെയ്മിന്റെ ഭാഗമായി. പ്രൊമോഷന്റെ ചരിത്രത്തില്‍ 254 താരങ്ങള്‍ ഹോള്‍ ഓഫ് ഫെയ്മിലെത്തിയിട്ടുണ്ട്. ഇതില്‍ 11 പേര്‍ മാത്രമാണ് രണ്ട് തവണ ഈ ചരിത്രത്തിന്റെ ഭാഗമായത്. ഇതിലൊരാള്‍ കൂടിയാണ് ഹള്‍ക്ക് ഹോഗന്‍.
ഹോഗന്‍ ഇഹലോകത്തോട് വിടപറയുമ്പോഴും പ്രോ റെസ്‌ലിങ് ഉള്ള കാലത്തോളം അദ്ദേഹത്തിന്റെ പേര് ചര്‍ച്ചയാകുമെന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ട. ഹള്‍ക്കമേനിയാക്‌സ് ഉള്ളിടത്തോളം ഹള്‍ക്ക് ഹോഗന്റെ ലെഗസിയും വാഴ്ത്തിപ്പാടും.
Content Highlight: Hulk Hogan’s WWE career